| Monday, 27th May 2024, 8:59 pm

വെറും ഒരു ഓവറിന് നാല് കോടി രൂപ; 'സ്റ്റാര്‍ക്കിനേക്കാള്‍ വലിയ കോടീശ്വരന്‍'; ഒരു മത്സരത്തിന് അഞ്ച് കോടി കിട്ടിയവന്‍ വേറെയും

സ്പോര്‍ട്സ് ഡെസ്‌ക്

ആളും ആരവവുമായി ഐ.പി.എല്‍ അവസാനിച്ചിരിക്കുകയാണ്. സ്റ്റേഡിയങ്ങള്‍ ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെ ആയെങ്കിലും ഈ സീസണിനെ കുറിച്ചും ക്രിക്കറ്റിനെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്കൊന്നും അവസാനമായിട്ടില്ല.

മിച്ചല്‍ സ്റ്റാര്‍ക്കിനായി 24.75 കോടി രൂപയും സണ്‍റൈസേഴ്‌സ് നായകന്‍ പാറ്റ് കമ്മിന്‍സിനായി 20 കോടി രൂപയും ടീം മുടക്കിയത് ഒട്ടും പാഴായിപ്പോയില്ല എന്ന് അടിവരയിടുമ്പോഴും കോടികള്‍ മുടക്കി വാങ്ങിയിട്ടും കാര്യമില്ലാതായ താരങ്ങളും എന്നത്തെയുംപ്പോലെ ഈ സീസണിലുമുണ്ടായിട്ടുണ്ട്.

കോടികള്‍ മുടക്കി ടീമിലെത്തിക്കുകയും എന്നാല്‍ മോശം ഫോമിനെ തുടര്‍ന്നോ പരിക്കിനെ തുടര്‍ന്നോ കളിക്കാന്‍ സാധിക്കാതെ പോയ താരങ്ങളെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഇത്തരത്തില്‍ ഒരു മത്സരത്തിന് വേണ്ടി മാത്രം മൂന്ന് കോടിയലധികം സ്വന്തമാക്കിയ മൂന്ന് താരങ്ങളെ പരിചയപ്പെടാം.

ജെയ് റിച്ചാര്‍ഡ്‌സണ്‍ – ഒരു മത്സരത്തിന് അഞ്ച് കോടി

ഐ.പി.എല്‍ താരലേലത്തില്‍ ഏറെ പ്രതീക്ഷകളോടെയാണ് ഓസീസ് താരം ജെയ് റിച്ചാര്‍ഡ്‌സണെ ടീമിലെത്തിച്ചത്. അഞ്ച് കോടിയായിരുന്നു ക്യാപ്പിറ്റല്‍സ് താരത്തിനായി മുടക്കിയത്.

എന്നാല്‍ ഇഷാന്ത് ശര്‍മ, മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ്, ആന്റിക് നോര്‍ക്യ എന്നിവരടങ്ങുന്ന ക്യാപ്പിറ്റല്‍സിന്റെ സമ്പന്നമായ പേസ് നിരയില്‍ റിച്ചാര്‍ഡ്‌സണിന്റെ പേര് മുങ്ങിപ്പോവുകയായിരുന്നു. ഇവര്‍ ടീമിനൊപ്പമുള്ളതിനാല്‍ പ്ലെയിങ് ഇലവന്റെ ഭാഗമാകാനും താരത്തിന് സാധിച്ചില്ല.

മുംബൈക്കെതിരെയാണ് റിച്ചാര്‍ഡ്‌സണ്‍ ഈ സീസണിലെ ഏക മത്സരം കളിച്ചത്. വാംഖഡെയില്‍ നടന്ന മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ താരത്തിന് വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ല. 40 റണ്‍സ് വഴങ്ങുകയും ചെയ്തു.

ഇതോടെ താരം വീണ്ടും പ്ലെയിങ് ഇലവന് പുറത്തായി. ഈ സീസണിലെ ഒറ്റ മത്സരത്തിന് വേണ്ടിയാണ് ക്യാപ്പിറ്റല്‍സ് റിച്ചാര്‍ഡ്‌സണ് വേണ്ടി 5 കോടി മുടക്കിയത്.

ഉമ്രാന്‍ മാലിക് – ഒരു ഓവറിന് നാല് കോടി

2022 ഐ.പി.എല്ലിലെ എമേര്‍ജിങ് പ്ലെയറായ ഉമ്രാന്‍ മാലിക്കില്‍ ആരാധകര്‍ ഏറെ പ്രതീക്ഷകള്‍ അര്‍പ്പിച്ചിരുന്നു. എന്നാല്‍ വരും സീസണില്‍ ആ പ്രതീക്ഷ കാക്കാന്‍ കശ്മീരി എക്‌സ്പ്രസ്സിന് സാധിക്കാതെ പോയി.

2023ല്‍ എട്ട് മത്സരത്തില്‍ സണ്‍റൈസേഴ്‌സിനായി പന്തെറിഞ്ഞ താരത്തിന് വെറും അഞ്ച് വിക്കറ്റ് മാത്രമാണ് നേടാന്‍ സാധിച്ചത്. എങ്കിലും അടുത്ത സീസണില്‍ ഉമ്രാനെ സണ്‍റൈസേഴ്‌സ് വിടാതെ ചേര്‍ത്തുനിര്‍ത്തി. നാല് കോടിയാണ് താരത്തിന് ഓറഞ്ച് ആര്‍മി മുടക്കിയത്.

പക്ഷേ ഈ സീസണില്‍ വെറും ഒരു മത്സരത്തിലാണ് ടീം ഉമ്രാനെ കളത്തിലിറക്കിയത്. സ്വന്തം തട്ടകത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ടീമിന്റെ ഭാഗമായ ഉമ്രാന്‍ വെറും ഒരു ഓവറാണ് എറിഞ്ഞത്. 15 റണ്‍സും വഴങ്ങി.

ഭുവിയും കമ്മിന്‍സും അടക്കമുള്ള അനുഭവ സമ്പത്തുള്ള താരങ്ങള്‍ക്കിടയില്‍ നിന്ന് ഉമ്രാനും ഇതോടെ പിന്തള്ളപ്പെട്ടു.

വെറും ആറ് പന്തിനാണ് ഈ സീസണില്‍ സണ്‍റൈസേഴ്‌സ് നാല് കോടി രൂപ മുടക്കിയത്. അതായത് ഒരു പന്തിന് 66.66 ലക്ഷം രൂപ.

ജോഷ് ലിറ്റില്‍ – ഒരു മത്സരത്തിന് 4.4 കോടി രൂപ

കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമുണ്ടായ ഐറിഷ് താരം ജോഷ് ലിറ്റിലിനെ 4.4 കോടി രൂപയ്ക്കാണ് ടൈറ്റന്‍സ് നിലനിര്‍ത്തിയത്. മുഹമ്മദ് ഷമിയുടെ അഭാവത്തില്‍ താരത്തിന് കൂടുതല്‍ മത്സരം കളിക്കാന്‍ സാധിക്കുമെന്ന് ആരാധകര്‍ കരുതി.

എന്നാല്‍, സ്‌പെന്‍സര്‍ ജോണ്‍സണെയാണ് ടീം പരിഗണിച്ചത്. എങ്കിലും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ താരത്തിന് അവസരം ലഭിച്ചു. മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ താരം 45 റണ്‍സ് വഴങ്ങി നാല് വിക്കറ്റും നേടി. കരിയറിലെ തന്നെ ഏറ്റവും മികച്ച ബൗളിങ് ഫിഗറായിരുന്നു അത്. എന്നാല്‍ തൊട്ടടുത്ത മത്സരത്തില്‍ നിന്ന് താരത്തിന് പ്ലെയിങ് ഇലവനില്‍ നിന്നും അവസരം നഷ്ടമായി.

വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ പരിക്കാണ് താരത്തിന് വിനയായത്. സാഹക്ക് പകരം വിദേശ താരമായ മാത്യു വേഡിനെ ഉള്‍പ്പെടുത്തിയപ്പോള്‍ ലിറ്റിലിനെ പുറത്തിരുത്താന്‍ ടൈറ്റന്‍സ് നിര്‍ബന്ധിതരാവുകയായിരുന്നു.

Content Highlight: 3 players who earned more than three crores by playing just a match in IPL 2024

We use cookies to give you the best possible experience. Learn more