| Wednesday, 6th April 2022, 8:09 pm

രാജസ്ഥാനും സഞ്ജുവിനും വന്‍ തിരിച്ചടി, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഐ.പി.എല്ലിന് പുറത്ത്; പകരം ടീമിലെത്തിക്കാന്‍ സാധ്യത ഈ മൂന്ന് പേരെ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ പുതിയ സീസണില്‍ മൂന്നാം മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ രാജസ്ഥാന്‍ റോയല്‍സിന് വീണ്ടും തിരിച്ചടി. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ നഥാന്‍ കൂള്‍ട്ടര്‍ നൈല്‍ പരിക്കേറ്റ് പുറത്തായതോടെയാണ് രാജസ്ഥാന് വലിയ തിരിച്ചടി നേരിട്ടിരിക്കുന്നത്.

ഐ.പി.എല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കാന്‍ താരത്തിന് സാധിക്കില്ല. ഇതോടെ കൂള്‍ട്ടര്‍ നൈല്‍ ടീമിന്റെ ബയോ ബബിളിന് പുറത്തേക്കും, ശേഷം സ്വന്തം നാടായ ഓസ്‌ട്രേലിയയിലേക്കും മടങ്ങും.

ഐ.പി.എല്ലിന്റെ പുതിയ സീസണില്‍ ഒറ്റ മത്സരമാണ് കൂള്‍ട്ടര്‍ നൈല്‍ കളിച്ചത്. സണ്‍റൈസേഴ്‌സിനെതിരെയുള്ള മത്സരത്തില്‍ താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല.

കൂള്‍ട്ടര്‍ നൈല്‍ പടിയിറങ്ങുന്നതോടെ ഏഴാം നമ്പറില്‍ ഇനിയാര് എന്ന ചോദ്യമാണ് രാജസ്ഥാന് മുമ്പില്‍ ഉയരുന്നത്. ബൗളിംഗ് നിരയ്ക്ക് കരുത്തേകാന്‍ മികച്ച ബൗളിംഗ് ഓള്‍റൗണ്ടറെ തന്നെ ടീമിലെത്തിക്കാനാവും ടീം ശ്രമിക്കുന്നത്.

അതെല്ലങ്കില്‍ ഡെത്ത് ഓവറിലെ പ്രശ്‌നം പരിഹരിക്കുന്നതിനായി ഒരു പേസറെ ടീമിലെത്തിക്കാനും സാധ്യത കാണുന്നുണ്ട്.

ഐ.പി.എല്ലിന്റെ മെഗാ താരലേലത്തില്‍ അണ്‍സോള്‍ഡായ മൂന്ന് താരങ്ങളെയാവും രാജസ്ഥാന്‍ ലക്ഷ്യം വെക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ദാസുന്‍ ഷണക

ശ്രീലങ്കയുടെ ദാസുന്‍ ഷണകയാണ് രാജസ്ഥാന്‍ നോട്ടമിടുന്നതില്‍ പ്രധാനി. ഇന്ത്യയ്‌ക്കെതിരെ നടന്ന ടി-20 സീരീസില്‍ മികച്ച പ്രകടനമായിരുന്നു താരം നടത്തിയത്.

ഇന്ത്യയ്‌ക്കെതിരെ ഒരു കളി പോലും ജയിക്കാന്‍ സാധിച്ചില്ലെങ്കിലും ഷണകയുടെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. 124 റണ്‍സായിരുന്നു പരമ്പരയില്‍ താരം നേടിയത്. ശ്രേയസ് അയ്യര്‍ മാത്രമായിരുന്നു പരമ്പരയില്‍ ഷണകയെക്കാള്‍ റണ്‍സ് നേടിയത്.

ഡേവിഡ് വെയ്‌സ്

നമീബിയല്‍ ഓള്‍റൗണ്ടര്‍ ഡേവിഡ് വെയ്‌സും രാജസ്ഥാന്റെ നോട്ടപ്പുള്ളിയാണ്. മുന്‍ സീസണില്‍ ആര്‍.സി.ബിയ്‌ക്കൊപ്പം കളിച്ച താരം മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സെന്റ് ലൂസിയ കിംഗ്‌സിനായി മാസ്മരിക പ്രകടനം നടത്തിയ താരം നമീബിയയെ ടി-20 ലോകകപ്പിന്റെ രണ്ടാം റൗണ്ട് വരെയും കൊണ്ടെത്തിച്ചിരുന്നു.

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ലാഹോര്‍ ഖലന്തേഴ്‌സിന് വേണ്ടി നടത്തിയ ഉജ്ജ്വല പ്രകടനവും ശ്രദ്ധ നേടിയിരുന്നു. ഏഴാം നമ്പറില്‍ ഈ പേസ് ബൗളിംഗ് ഓള്‍റൗണ്ടര്‍ വന്നാല്‍ രാജസ്ഥാന് ഗുണമുണ്ടാവുമെന്നുറപ്പാണ്.

ഹൈദര്‍ കേര്‍

ഹൈദര്‍ കേറാണ് രാജസ്ഥാന്റെ പട്ടികയിലെ മൂന്നാമന്‍. രാജസ്ഥാന്റെ ബയോ ബബിളിനുള്ളില്‍ തന്നെയുള്ള ഓവര്‍സീസ് അണ്‍ക്യാപ്ഡ് താരമാണ് കേര്‍. ടീമിന്റെ ബയോ ബബിളിനുള്ളില്‍ തന്നെയായതും താരത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.

നെറ്റ്‌സില്‍ മികച്ച രീതിയില്‍ പന്തെറിയുന്ന താരം രാജസ്ഥാനൊപ്പം ചേര്‍ന്നാലും അത്ഭുതപ്പെടാനില്ല. കേര്‍ എത്തുന്നതോടെ ടീമിന്റെ പേസ് നിര ഒന്നുകൂടി ശക്തമാവും

ബി.ബി.എല്ലില്‍ സിഡ്‌നി സിക്‌സേഴ്‌സിന്റെ താരമായി കേര്‍ 16 മത്സരങ്ങളില്‍ നിന്നും 25 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഇതിന് പുറമെ നിര്‍ണായകമായ ഒരു മത്സരത്തില്‍ അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനെതിരെ നേടിയ 98 റണ്‍സും ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരുന്നു.

Content highlight:  3 players who could join Rajasthan Royals as a replacement for Nathan Coulter-Nile
We use cookies to give you the best possible experience. Learn more