കഴിഞ്ഞ മത്സരത്തില്‍ വിജയിച്ചെങ്കിലും പ്ലേ ഓഫിലേക്ക് സണ്‍റൈസേഴ്‌സിന് ദീര്‍ഘദൂരം ഓടാനുണ്ട്. എന്നാല്‍, ടീമിനെ അവസാന ലാപ് ഓടാന്‍ ബാക്കി നിര്‍ത്തി നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ് നായകന്‍ കെയന്‍ വില്യംസണ്‍.
തന്റെ രണ്ടാമത്തെ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ടാണ് താരം സ്വന്തം നാടായ ന്യൂസിലാന്‍ഡിലേക്ക് മടങ്ങിയിരിക്കുന്നത്. പഞ്ചാബ് കിംഗ്‌സിനെതിരെ സീസണിലെ അവസാന ഗ്രൂപ്പ് മത്സരം നേരിടാനിറങ്ങുന്ന സണ്‍റൈസേഴ്‌സിന് വില്യംസണ്‍ ഇല്ലാതെ വേണം കളത്തിലിറങ്ങാന്‍.
കഴിഞ്ഞ സീസണില്‍ വേവിഡ് വാര്‍ണറില്‍ നിന്നുമാണ് താരം ടീമിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുത്തത്. അതിന് ശേഷം ഈ സീസണില്‍ തോറ്റുകൊണ്ടായിരുന്നു തുടക്കമെങ്കിലും തുടരെത്തുടരെ മത്സരങ്ങള്‍ ജയിച്ച് പോയിന്റ് പട്ടികയിലെ ആദ്യ നാലില്‍ വരെ എത്തിയിരുന്നു. എന്നാല്‍ ജയിച്ചതുപോലെ തന്നെ തോല്‍ക്കാനും തുടങ്ങിയപ്പോള്‍ ടീം വീണ്ടും ‘അടിവാര’ത്തേക്ക് പോവുകയായിരുന്നു.
അവസാന ഗ്രൂപ്പ് മത്സരത്തില്‍ ആര് ടീമിനെ നയിക്കും എന്ന ചോദ്യമാണ് ആരാധകര്‍ക്കുള്ളത്. നായകസ്ഥാനത്തേക്ക് പ്രധാനമായും മൂന്ന് താരങ്ങള്‍ക്കാണ് സാധ്യത കല്‍പിക്കുന്നത്.
#3 എയ്ഡന്‍ മര്‍ക്രം
സൗത്ത് ആഫ്രിക്കയുടെ സൂപ്പര്‍ താരമായ മര്‍ക്രം മികച്ച പ്രകടനമാണ് സണ്‍റൈസേഴ്‌സിനായി നടത്തിക്കൊണ്ടിരിക്കുന്നത്. മധ്യനിരയില്‍ ടീമിന്റെ വിശ്വസ്തമായ മര്‍ക്രം 140 സ്‌ട്രൈക്ക് റേറ്റില്‍ 350ലധികം റണ്‍സാണ് സീസണില്‍ നേടിയിരിക്കുന്നത്.
സൗത്ത് ആഫ്രിക്ക അണ്ടര്‍ 19 ടീമിനെ നയിച്ച പരിചയസമ്പത്തും മര്‍ക്രമിനുണ്ട്. 2014ല്‍ സൗത്ത് ആഫ്രിക്ക അണ്ടര്‍ 19 ലോകചാമ്പ്യന്‍മാരായതും മര്‍ക്രമിന് കീഴിലാണ്. 2018ല്‍ ഫാഫ് ഡു പ്ലസിസിന്റെ അഭാവത്തില്‍ സീനിയര്‍ ടീമിനേയും മര്‍ക്രം നയിച്ചിരുന്നു.
#2 നിക്കോളാസ് പൂരന്‍
കരീബിയന്‍ ക്രിക്കറ്റിന്റെ ആക്രമണോത്സുകത കൈമുതലാക്കിയ പൂരന്‍ എന്തുകൊണ്ടും സണ്‍റൈസേഴ്‌സിനെ നയിക്കാന്‍ യോഗ്യനാണ്. 10.75 കോടിക്ക് ടീമിലെത്തിച്ച താരം ടീം തന്നിലര്‍പ്പിച്ച വിശ്വാസത്തെ കാത്തുകൊണ്ടാണ് റണ്ണടിച്ചുകൂട്ടുന്നത്.
150നോടടുപ്പിച്ച് സ്‌ട്രൈക്ക് റേറ്റില്‍ 300ലധികം റണ്‍സാണ് താരം സ്വന്തമാക്കിയത്. പൊള്ളാര്‍ഡിന് ശേഷം വിന്‍ഡിസിന്റെ ക്യാപ്റ്റനാവുന്ന പൂരന്‍ വില്യംസണ് പകരക്കാരനായി ഓറഞ്ച് ആര്‍മിയെ നയിക്കാന്‍ പോന്നവന്‍ തന്നെയാണ്.
#1 ഭുവനേശ്വര്‍ കുമാര്‍
സണ്‍റൈസേഴ്‌സിന്റെ ബൗളിംഗ് കരുത്തായ ഭുവനേശ്വര്‍ കുമാറിനാണ് അടുത്ത സാധ്യത കല്‍പിക്കുന്നത്. ടീമിനൊപ്പം ഏറെ കാലമായുള്ള ആത്മബന്ധവും താരത്തിന് മുതല്‍ക്കൂട്ടാണ്.
2019ലെ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തില്‍ ദേശീയ ടീമിന്റെ ഉപനായകനായും കളിച്ച താരത്തിന്റെ അനുഭവ സമ്പത്താവും ടീമിന് സഹായകരമാവുന്നത്. വിരാട് കോഹ്‌ലി, ഡേവിഡ് വാര്‍ണര്‍ പോലുള്ള സൂപ്പര്‍ താരങ്ങള്‍ക്ക് കീഴില്‍ കളിച്ചതും താരത്തിന്റെ പ്ലസ് പോയിന്റാണ്.
മെയ് 22ന് മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ വെച്ചാണ് സണ്‍റൈസേഴ്‌സിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടം.
Content Highlight: 3 Players who can replace Kane Williamson as captain in SRH’s final league game