അടുത്ത വര്‍ഷം സ്വന്തം മണ്ണില്‍ വെച്ച് നടക്കാനിരിക്കുന്ന ലോകകപ്പാണ് ഇന്ത്യക്ക് മുമ്പിലുള്ളത്. ഈ ലോകകപ്പിനെ മുന്നില്‍ കണ്ടുകൊണ്ടായിരിക്കണം ഇന്ത്യ വരും മത്സരങ്ങളില്‍ ടീം സെലക്ട് ചെയ്യേണ്ടത്. ഒരു ദശാബ്ദ കാലമായി ഒറ്റ ഐ.സി.സി കിരീടവും നേടിയിട്ടില്ല എന്ന ചീത്തപ്പേര് മാറ്റിയെടുക്കുന്നതിനൊപ്പം തന്നെ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ തലയയുര്‍ത്തി നില്‍ക്കുക എന്നത് ടീമിന്റെ അഭിമാന പ്രശ്‌നമായി മാറിയിരിക്കുകയാണ്.
ടീം സെലക്ഷനിലെ പോരായ്മകള്‍ തന്നെയാണ് ഏഷ്യാ കപ്പിലും ടി-20 ലോകകപ്പിലും കഴിഞ്ഞ പല പരമ്പരകളിലും ഇന്ത്യക്ക് തിരിച്ചടിയായത്. ഫോം മാത്രം കണക്കിലെടുത്തുകൊണ്ട് ടീം സെലക്ട് ചെയ്യാന്‍ ബി.സി.സി.ഐ ഇനിയും പഠിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് ഇന്ത്യന്‍ ടീമിന്റെ സമീപകാല പരാജയങ്ങള്‍.
വരാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യ ഫേവറിറ്റിസം കാണിക്കാതെ ഫോം മാത്രം കണക്കിലെടുക്കുകയാണെങ്കില്‍ പല സൂപ്പര്‍ താരങ്ങളും സ്‌ക്വാഡില്‍ നിന്നും പുറത്തിരിക്കേണ്ടി വന്നേക്കും. എന്നാല്‍ അത്രത്തോളം സ്റ്റാര്‍ പദവിയില്ലാത്തതും ബി.സി.സി.ഐ സ്ഥിരം പിന്തുണക്കാത്തതുമായ പല താരങ്ങളും ടീമിന്റെ ജയത്തിന് അടിസ്ഥാനമാവുകയും ചെയ്യുന്ന കാഴ്ചയും കണ്ടിട്ടുള്ളതാണ്.
ഫോം മാത്രം കണക്കിലെടുത്ത് ഇന്ത്യ ടീം സെലക്ട് ചെയ്യുകയാണെങ്കില്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടാന്‍ ഏറെ സാധ്യത കല്‍പിക്കുന്ന മൂന്ന് താരങ്ങളെ പരിശോധിക്കാം.\
3. വാഷിങ്ടണ്‍ സുന്ദര്‍
ഏകദിന ഫോര്‍മാറ്റില്‍ വെറും പത്ത് മത്സരങ്ങള്‍ മാത്രമാണ് വാഷിങ്ടണ്‍ സുന്ദര്‍ ഇന്ത്യക്കായി കളിച്ചിട്ടുള്ളത്. എന്നാല്‍ ഈ മത്സരങ്ങളില്‍ നിന്നുതന്നെ ടീമിന് വിശ്വസിക്കാന്‍ സാധിക്കുന്ന ഒരു സ്പിന്‍ ഓള്‍ റൗണ്ടര്‍ എന്ന നിലയിലേക്ക് താരം ഇതിനോടകം തന്നെ വളര്‍ന്നു കഴിഞ്ഞിട്ടുണ്ട്.
വല്ലപ്പോഴും മാത്രമാണ് ഇന്ത്യക്ക് ഒരു പെര്‍ഫെക്ട് സ്പിന്‍ ഓള്‍ റൗണ്ടറെ ലഭിക്കുന്നത്. രവീന്ദ്ര ജഡേജക്ക് ശേഷം ഇനിയാര് എന്ന ചോദ്യത്തിന് ഈ ഓഫ് സ്പിന്നര്‍ ഇതിനോടകം തന്നെ ഉത്തരം നല്‍കിയിട്ടുമുണ്ട്.
ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ആവര്‍ത്തിച്ച അതേ മികവ് ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയിലെ ആദ്യ മത്സരത്തിലുമാവര്‍ത്തിച്ച് താന്‍ ഒരു വണ്‍ ടൈം വണ്ടറല്ല എന്ന് താരം തെളിയിച്ചിട്ടുമുണ്ട്. കൃത്യമായി വളര്‍ത്തിയെടുക്കുകയാണെങ്കില്‍ യുവരാജിനും ജഡേജക്കും ശേഷം ഇന്ത്യക്ക് ലഭിക്കാന്‍ പോകുന്ന പെര്‍ഫെക്ട് സ്പിന്‍ ഓള്‍റൗണ്ടറായിരിക്കും ഈ തമിഴ്‌നാട്ടുകാരന്‍.
2. മുഹമ്മദ് സിറാജ്
കരിയറിന്റെ തുടക്കത്തില്‍ പാളിപ്പോയ പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. 2019ല്‍ തന്റെ അന്താരാഷ്ട്ര കരിയര്‍ ആരംഭിച്ച സിറാജ് ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ പത്ത് ഓവറില്‍ നിന്നും 76 റണ്‍സ് വഴങ്ങി ചെണ്ടയെന്ന വിളിപ്പേരും സ്വന്തമാക്കിയിരുന്നു.
2022 വരെയാണ് താരത്തിന് ടീമിലേക്കുള്ള അടുത്ത വിളിക്കായി കാത്തിരിക്കേണ്ടി വന്നത്. ബാക്ക് വിത്ത് എ ബാങ് എന്ന് വിളിക്കാന്‍ സാധിക്കുന്ന തിരിച്ചുവരവായിരുന്നു അത്. അതിന് ശേഷം ഇന്ത്യക്കായി 13 ഏകദിനത്തില്‍ പന്തെറിഞ്ഞ സിറാജ് നാല് തവണ മാത്രമാണ് 40ന് മുകളില്‍ റണ്‍സ് വഴങ്ങിയത്. മൂന്ന് തവണ മൂന്ന് വിക്കറ്റ് നേട്ടവും കൈപ്പിടിയിലൊതുക്കിയിരുന്നു.
തന്റെ ആവനാഴിയിലെ അസ്ത്രങ്ങള്‍ മൂര്‍ച്ചകൂട്ടിയെടുക്കുന്നതിലും പുതിയ ആയുധങ്ങള്‍ സ്വന്തമാക്കിയുമാണ് സിറാജ് ഇന്ത്യന്‍ ടീമിന്റെ വിശ്വസ്തനാവുന്നത്. ബംഗ്ലാദേശിനെതിരായ മത്സരത്തിലെ താരത്തിന്റെ ഔട്ട് സ്വിങ്ങറുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നതുമാണ്. ബുംറക്കും ഷമിക്കും ശേഷം ഇന്ത്യയുടെ പെര്‍ഫെക്ട് ഫാസ്റ്റ് ബൗളിങ്ങ് ഓപ്ഷന്‍ തന്നെയാണ് സിറാജ്.
1.ശേയസ് അയ്യര്‍
ഇന്ത്യന്‍ ടീമിന്റെ നാലാം നമ്പര്‍ സ്ലോട്ട് തന്റെ കയ്യില്‍ ഭദ്രമാണെന്ന് പലകുറി തെളിയിച്ച താരമാണ് ശ്രേയസ് അയ്യര്‍. ചില കാര്യങ്ങളില്‍ ദൗര്‍ബല്യങ്ങളുണ്ടെങ്കിലും അതെല്ലാം മറികടന്നുകൊണ്ടാണ് താരം ബാറ്റിങ്ങില്‍ ടീമിന് മുതല്‍ക്കൂട്ടാവുന്നത്.
80, 54, 63, 44, 50, 113*, 28*, 80, 49, 24 എന്നിങ്ങനെയാണ് താരത്തിന്റെ കഴിഞ്ഞ പത്ത് ഏകദിനത്തിലെ സ്‌കോറുകള്‍.
വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ശ്രേയസ് അയ്യര്‍ ഇല്ലാതിരുന്നാല്‍ ഇന്ത്യ നേരിടാന്‍ സാധ്യതയുള്ള ഏറ്റവും വലിയ തിരിച്ചടിയായിരിക്കുമത്.
Content Highlight: 3 players who almost confirmed their place in Team India’s ODI World Cup squad