| Wednesday, 1st June 2022, 1:18 pm

അടുത്ത സീസണിന് മുമ്പ് തന്നെ രാജസ്ഥാന്‍ ഇവരെ എടുത്ത് പുറത്ത് കളയും

സ്പോര്‍ട്സ് ഡെസ്‌ക്

സ്വപ്‌നതുല്യമായ കുതിപ്പായിരുന്നു രാജസ്ഥാന്‍ റോയല്‍സ് ഐ.പി.എല്‍ 2022ല്‍ കാഴ്ചവെച്ചത്. ക്യാപ്റ്റന്‍ സഞ്ജു സാംസണും കോച്ച് കുമാര്‍ സംഗക്കാരയ്ക്കും കീഴില്‍ നടത്തിയ കുതിപ്പ് ചെന്നെത്തിനിന്നത് ഫൈനലിലും.

ഫൈനല്‍ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോല്‍വി വഴങ്ങേണ്ടി വന്നെങ്കിലും തല ഉയര്‍ത്തി തന്നെയാണ് രാജസ്ഥാന്‍ സീസണിനോട് വിട പറയുന്നത്.

ടീമിലെ മിക്ക താരങ്ങളും രാജസ്ഥാന് വേണ്ടി തങ്ങളുടെ നൂറ് ശതമാനവും പുറത്തെടുത്തിരുന്നു. എന്നാല്‍ ചില താരങ്ങള്‍ക്ക് ടീമിന്റെയോ ആരാധകരുടെയോ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ സാധിക്കാതെ വന്നു.

വരാനിരിക്കുന്ന സീസണിന് മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സ് ടീമിനെ ഉടച്ചുവാര്‍ക്കുമ്പോള്‍ ഇത്തരത്തിലുള്ള പല താരങ്ങളും പുറത്തായേക്കാം. അത്തരത്തില്‍ രാജസ്ഥാന്‍ ഒഴിവാക്കാന്‍ സാധ്യതയുള്ള മൂന്ന് താരങ്ങള്‍.

ജിമ്മി നീഷം

ന്യൂസിലാന്‍ഡ് ഓള്‍ റൗണ്ടര്‍ ജിമ്മി നീഷമിനെ സംബന്ധിച്ച് രാജസ്ഥാന്‍ റോയല്‍സിനൊപ്പമുള്ള ഈ സീസണ്‍ അത്രകണ്ട് മികച്ചതായിരുന്നില്ല. മിക്കപ്പോഴും താരം ബെഞ്ചില്‍ തന്നെയായിരുന്നു.

രണ്ട് മത്സരം മാത്രമായിരുന്നു നീഷം ഈ സീസണില്‍ രാജസ്ഥാന് വേണ്ടി കളിച്ചത്. അതില്‍ നേടിയതാകട്ടെ കുറഞ്ഞ സ്‌ട്രൈക്ക് റേറ്റില്‍ 31 റണ്‍സും.

പ്രസിദ്ധ് കൃഷ്ണയും ബോള്‍ട്ടും മക്കോയ്‌യും അടക്കമുള്ള പേസര്‍മാരും ഹെറ്റ്‌മെയറിനെ പോലെ ഒരു ഫിനിഷറും ടീമിനൊപ്പമുണ്ടാകുമ്പോള്‍ നീഷമിനെ നിലനിര്‍ത്തുന്ന കാര്യത്തില്‍ ടീമിന് പലയാവര്‍ത്തി ചിന്തിക്കേണ്ടി വരും.

ഡാരില്‍ മിച്ചല്‍

2021 ടി-20 ലോകകപ്പിലെ പ്രകടനമാണ് മിച്ചലിനെ രാജസ്ഥാനിലെത്തിച്ചത്. തന്റെ ആദ്യ ഐ.പി.എല്‍ എന്ന നിലയില്‍ ഏറെ പ്രതീക്ഷകളോടെ തന്നെയാണ് മിച്ചലും ടീമിനൊപ്പം ചേര്‍ന്നത്. എന്നാല്‍ ആ പ്രതീക്ഷക്കൊത്തുയരാന്‍ താരത്തിനാവാതെ പോയതാണ് തിരിച്ചടിയായത്.

രാജസ്ഥാന് വേണ്ടി രണ്ട് മത്സരത്തില്‍ കളത്തിലിറങ്ങിയ മിച്ചല്‍ 75 സ്‌ട്രൈക്ക് റേറ്റില്‍ 33 റണ്‍സ് മാത്രമാണ് നേടിയത്. ടൂര്‍ണമെന്റിന്റെ അവസാന ഘട്ടത്തില്‍ മിച്ചല്‍ ടീം ഉപേക്ഷിച്ച് ഇംഗ്ലണ്ടിനെതിരെയുള്ള ന്യൂസിലാന്‍ഡ് ടീമില്‍ ചേരുകയും ചെയ്തിരുന്നു. ഇതോടെയാണ് താരത്തിന്റെ കാര്യത്തില്‍ മാനേജ്‌മെന്റിന് രണ്ടാമത് ചിന്തിക്കേണ്ടി വരുന്നത്.

സൗത്ത് ആഫ്രിക്കന്‍ താരമായ വാന്‍ ഡെര്‍ ഡുസനും പ്രതീക്ഷക്കൊത്ത് ഉയരാത്ത സാഹചര്യത്തില്‍ മിച്ചലിനെ ടീമില്‍ ഉള്‍പ്പെടുത്താനും ഒഴിവാക്കാനും സാധ്യത കാണുന്നുണ്ട്.

നവ്ദീപ് സെയ്‌നി

2.6 കോടി രൂപയ്ക്കായിരുന്നു രാജസ്ഥാന്‍ ഈ യുവ പേസറെ ടീമിലെത്തിച്ചത്. ഏറെ പ്രതീക്ഷയോടെ ടീമിലെത്തിച്ച താരത്തിന് രണ്ട് മത്സരം മാത്രമാണ് കളിക്കാന്‍ സാധിച്ചത്.

ആദ്യ മത്സരത്തില്‍ 36 റണ്‍സ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയെങ്കിലും, രണ്ടാം മത്സരത്തില്‍ 3 ഓവറില്‍ 36 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് സെയ്‌നി സ്വന്തമാക്കിയത്.

പ്രസിദ്ധ് കൃഷ്ണയും ബോള്‍ട്ടും മക്കോയ്‌യും തങ്ങളുടെ സ്ഥാനം നിലനിര്‍ത്താന്‍ സാധ്യതയുണ്ടെന്നിരിക്കെ സെയ്‌നിയും ടീമില്‍ നിന്നും പുറത്തായേക്കും.

Content Highlight:  3 Players Rajasthan Royals will release ahead of IPL 2023

We use cookies to give you the best possible experience. Learn more