| Saturday, 29th October 2022, 8:52 pm

ഐ.പി.എല്‍ 2023; രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്താന്‍ സാധ്യതയുള്ള മൂന്ന് താരങ്ങള്‍; ഒന്നാമന്‍ സഞ്ജു തന്നെ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ന്റെ ആവേശം ഇപ്പോഴേ ആരംഭിച്ചിരിക്കുകയാണ്. മിക്ക ടീമുകളും തങ്ങളുടെ ബെസ്റ്റ് സ്‌ക്വാഡിനെ തന്നെ സ്വന്തമാക്കാനാണ് ഒരുങ്ങുന്നത്.

ഉദ്ഘാടന സീസണിലെ ചാമ്പ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ് കഴിഞ്ഞ വര്‍ഷം കിരീടം നേടാന്‍ ഏറെ സാധ്യത കല്‍പിച്ചിരുന്ന ടീമാണ്. കഴിഞ്ഞ മെഗാലേലത്തില്‍ രാജസ്ഥാന്‍ സ്വന്തമാക്കിയ സൂപ്പര്‍ താരങ്ങള്‍ തന്നെയായിരുന്നു അതിന് കാരണവും.

എന്നാല്‍ കിരീടത്തിന് തൊട്ടടുത്തെത്തിയ രാജസ്ഥാന്‍ കാലിടറി വീഴുകയായിരുന്നു. കഴിഞ്ഞ സീസണില്‍ കളി തുടങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിനോട് ഫൈനലില്‍ പരാജയപ്പെടുകയായിരുന്നു.

വരാനിരിക്കുന്ന താര ലേലത്തില്‍ മികച്ച താരങ്ങളെ തന്നെ ടീമിലെത്തിക്കാന്‍ തന്നെയായിരിക്കും രാജസ്ഥാന്‍ റോയല്‍സ് ഒരുങ്ങുന്നത്. ഇതിനൊപ്പം തന്നെ മൂന്ന് താരങ്ങളെ ലേലത്തില്‍ വിടാതെ നിലനിര്‍ത്താനും സാധിക്കും. അത്തരത്തില്‍ രാജസ്ഥാന്‍ നിലനിര്‍ത്താന്‍ ഏറെ സാധ്യത കല്‍പിക്കുന്ന മൂന്ന് താരങ്ങള്‍.

കഴിഞ്ഞ തവണത്തേക്കാളേറെ ആരാധകര്‍ രാജസ്ഥാനില്‍ ഇത്തവണ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്. സഞ്ജു സാംസണ്‍ എന്ന ക്യാപ്റ്റന്‍ തന്നെയാണ് അതിലെ പ്രധാന ഘടകം. കഴിഞ്ഞ ഐ.പി.എല്ലിന് ശേഷം ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം തന്നെ കൃത്യമായി വിനിയോഗിച്ച സഞ്ജു ഉണ്ടാക്കിയെടുത്ത ഫാന്‍ബേസ് ചെറുതല്ല.

ഒരുകാലത്ത് മലയാളികള്‍ മാത്രമായിരുന്നു സഞ്ജുവിന്റെ ആരാധകര്‍. എന്നാല്‍ ഇപ്പോള്‍ കഥയങ്ങനെയല്ല. സഞ്ജുവിനെ ടി-20 ലോകകപ്പിനനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്നും പുറത്താക്കിയപ്പോള്‍ നോര്‍ത്ത് ഇന്ത്യന്‍ പ്രൊഫൈലുകളാണ് ഏറെ കലിപ്പായത്.

ഐ.പി.എല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്താന്‍ നൂറ് ശതമാനവും സാധ്യത കല്‍പിക്കുന്ന താരമാണ് സഞ്ജു സാംസണ്‍.

ഓപ്പണര്‍ ജോസ് ബട്‌ലറാവും രാജസ്ഥാന്റെ ഷോര്‍ട്ട്‌ലിസ്റ്റിലെ രണ്ടാമന്‍. കഴിഞ്ഞ സീസണില്‍ രാജസ്ഥാന് വേണ്ടി റണ്ണടിച്ചുകൂട്ടുകയും ഒരുവേള വിരാട് കോഹ്‌ലിയുടെ ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ബാറ്റര്‍ എന്ന റെക്കോഡ് തകര്‍ക്കുമെന്നും തോന്നിച്ച താരമാണ് ബട്‌ലര്‍.

സെഞ്ച്വറിയടിക്കുന്നത് ഒരു ഹരമാക്കി മാറ്റിയ ബട്‌ലറായിരുന്നു ഐ.പി.എല്‍ 2022ന്റെ പ്രധാന ആകര്‍ഷണം. സീസണിന്റെ തുടക്കത്തില്‍ തിളങ്ങിയ ബട്‌ലര്‍ പകുതിയായപ്പോള്‍ പാടെ മങ്ങിയിരുന്നു. എന്നാല്‍ കുറച്ച് മത്സരങ്ങള്‍ക്ക് ശേഷം വീണ്ടും ഉയിര്‍ത്തെഴുന്നേറ്റ ബട്‌ലര്‍ തന്നെയായിരുന്നു പിങ്ക് സിറ്റിയുടെ ബാറ്റിങ് ആക്രമണത്തെ മുന്നില്‍ നിന്നും നയിച്ചത്.

കഴിഞ്ഞ സീസണിലെ ഓറഞ്ച് ക്യാപ്പ് ജേതാവ് കൂടിയായ മലയാളികളുടെ സ്വന്തം ജോസേട്ടനെയും സംഗക്കാര വിടാന്‍ സാധ്യതയില്ല.

ഓറഞ്ച് ക്യാപ്പിന് പുറമെ പര്‍പ്പിള്‍ ക്യാപ്പും സ്വന്തമാക്കി ഒരു പറ്റം റെക്കോഡുകളുമായിട്ടായിരുന്നു ഇന്ത്യയുടെ സ്പിന്‍ മജീഷ്യന്‍ യൂസ്വേന്ദ്ര ചഹല്‍ ഐ.പി.എല്‍ 2022ല്‍ തിളങ്ങിയത്. ഒരു ഭാഗത്ത് ബട്‌ലര്‍ റണ്ണടിച്ചുകൂട്ടുമ്പോള്‍ മറുഭാഗത്ത് ചഹല്‍ വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടേയിരുന്നു.

കഴിഞ്ഞ സീസണില്‍ 17 മത്സരത്തില്‍ നിന്നും 27 വിക്കറ്റാണ് ചഹല്‍ സ്വന്തമാക്കിയത്. കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ ഹാട്രിക്കടക്കം അഞ്ച് വിക്കറ്റായിരുന്നു യൂസി സ്വന്തമാക്കിയത്. അതിനാല്‍ തന്നെ വരാനിരിക്കുന്ന ഐ.പി.എല്ലില്‍ രാജസ്ഥാന്‍ ചഹലിനെയും നിലനിര്‍ത്തിയേക്കും.

ഇപ്പോള്‍ ടീമിന് കരുത്തായ പല താരങ്ങളെയും രാജസ്ഥാന്‍ തിരിച്ചെത്തിക്കും എന്ന കാര്യത്തിലും ഏതാണ്ട് ഉറപ്പാണ്. ഓപ്പണിങ്ങില്‍ ബട്‌ലറിന്റെ പങ്കാളിയും ഇന്ത്യയുടെ ഭാവിയുമായ യശസ്വി ജെയ്‌സ്വാള്‍, പേസില്‍ ഇടിമിന്നല്‍ നിറയ്ക്കുന്ന ട്രെന്റ് ബോള്‍ട്ട്, ടീമിന് തന്നെ ആവശ്യമുള്ളപ്പോള്‍ ഏത് റോളും ഭംഗിയാക്കുന്ന ആര്‍. അശ്വിന്‍, മധ്യനിരയിലെ വിശ്വസ്തന്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ തുടങ്ങിയവരും അടുത്ത സീസണില്‍ രാജസ്ഥാന്റെ പിങ്ക് ജേഴ്‌സിയില്‍ തന്നെ തുടരാന്‍ സാധ്യതയേറെയാണ്.

Content Highlight: 3 players Rajastan Royals might retain before IPL 2023 auction

We use cookies to give you the best possible experience. Learn more