| Sunday, 22nd May 2022, 11:42 am

ഇവരെല്ലാം വേസ്റ്റ്, അതിലൊന്ന് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റന്‍; അടുത്ത സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വലിച്ചെറിയാന്‍ സാധ്യതയുള്ള താരങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ പതിനഞ്ചാം സീസണില്‍ ഏറെ തിരിച്ചടികള്‍ നേരിടേണ്ടി വന്ന ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. മികച്ച പല പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടും വിജയം മാത്രം കെ.കെ.ആറില്‍ നിന്നും അകന്നുനിന്നു.

ശ്രേയസ് അയ്യര്‍ എന്ന യുവനായകന് കീഴില്‍ പടുത്തുയര്‍ത്തിയ ടീമായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. എന്നാല്‍ ഏറെ പ്രതീക്ഷയോടെ ടീമിലെത്തിച്ച പല താരങ്ങളും നിരാശപ്പെടുത്തിയതും തിരിച്ചടിയായി.

രണ്ട് തവണ ഐ.പി.എല്ലിന്റെ കിരീടമുയര്‍ത്തിയ കൊല്‍ക്കത്ത, ആറാമതായാണ് ഫിനിഷ് ചെയ്തത്. അതിന് കാരണക്കാര്‍ സ്വന്തം ടീം അംഗങ്ങളും.

ഈ സീസണില്‍ പാടെ നിരാശപ്പെടുത്തിയ പല സൂപ്പര്‍ താരങ്ങളേയും ടീം അടുത്ത സീസണില്‍ നിലനിര്‍ത്താന്‍ സാധ്യതയില്ല. അത്തരത്തില്‍ കൊല്‍ക്കത്ത നടതള്ളാന്‍ സാധ്യതയുള്ള മൂന്ന് താരങ്ങള്‍-

ശിവം മാവി

ടീം മുടക്കിയ കാശിനോട് അല്‍പം പോലും നീതി പുലര്‍ത്താന്‍ സാധിക്കാതെ പോയ താരമാണ് കൊല്‍ക്കത്തയുടെ യുവപേസര്‍ ശിവം മാവി. സീസണിലെ ഏറ്റവും വലിയ ചെണ്ടകളിലൊരാള്‍ കൂടിയായിരുന്നു മാവി.

2021 സീസണില്‍ 10 മത്സരത്തില്‍ നിന്നും 11 വിക്കറ്റ് നേടിയ നാവിയുടെ എക്കോണമിയും മാരകമായിരുന്നു. ഇത്രയും മികച്ച നിലയില്‍ നിന്നുമാണ് തൊട്ടടുത്ത സീസണില്‍ ആര്‍ത്തലച്ച് താഴെ വീണത്.

ആറ് മത്സരത്തില്‍ നിന്നും അഞ്ച് വിക്കറ്റ് മാത്രമാണ് മാവി നേടിയത്. ഈ ആറ് മത്സരത്തിലാവട്ടെ വഴങ്ങിയത് 227 റണ്‍സും. 45.40 ശരാശരിയിലും 10.32 എക്കോണമിയിലുമാണ് താരം 2022ല്‍ പന്തെറിഞ്ഞത്. ഇക്കാരണം കൊണ്ടുതന്നെ അടുത്ത വര്‍ഷം കെ.കെ.ആര്‍ മാവിയുടെ കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കുമെന്നുറപ്പ്.

അജിന്‍ക്യ രഹാനെ

ഒരു കോടി രൂപയ്ക്കായിരുന്നു ഇന്ത്യയുടെ മുന്‍ ഉപനായകനെ കെ.കെ.ആര്‍ ടീമിലെത്തിച്ചത്. ടി-20യില്‍ ടെസ്റ്റ് കളിക്കുന്നതുപോലെയായിരുന്നു താരത്തിന്റെ പ്രകടനം. 7 മത്സരത്തില്‍ നിന്നും വെറും 19 ശരാശരിയില്‍ 133 റണ്‍സാണ് രഹാനെ സ്വന്തമാക്കിയത്.

ആദ്യ മത്സരത്തില്‍ നേടിയ 44 റണ്‍സ് മാത്രമായിരുന്നു ഈ സീസണില്‍ ഓര്‍ക്കാന്‍ പോന്ന പ്രകടനം. ഐ.പി.എല്ലിന്റെ പതിനാറാം എഡിഷനെത്തുമ്പോള്‍ രഹാനെയും കെ.കെ. ആര്‍ മാനേജ്‌മെന്റിന് മുമ്പില്‍ ചോദ്യചിഹ്നമാവുമെന്നുറപ്പ്.

ആരോണ്‍ ഫിഞ്ച്

ഓസീസിനെ ടി-20 കിരീടം ചൂടിച്ച ഫിഞ്ചില്‍ നിന്നും ഒരു ചാമ്പ്യന് പോന്ന പ്രകടനമായിരുന്നില്ല പുറത്തുവന്നത്. അഞ്ച് മത്സരം കളിച്ച ഫിഞ്ച് ആകെ നേടിയത് 17.20 ശരാശരിയില്‍ 88 റണ്‍സ്.

രാജസ്ഥാനെതിരെ നടന്ന മത്സരത്തില്‍ 28 പന്തില്‍ നിന്നും 58 റണ്‍സ് നേടി ടീമിന് കരുത്താകുമെന്ന് കരുതിയെങ്കിലും അടുത്ത മൂന്ന് മത്സരങ്ങളില്‍ 3, 0, 14 എന്നിങ്ങനെയായിരുന്നു സ്‌കോര്‍.

ഒന്നര കോടിക്ക് ടീമിലെത്തിച്ച ഫിഞ്ചിനെ കൊണ്ടും ടീമിന് ഗുണമില്ലാതിരിക്കുന്ന സാഹചര്യത്തില്‍ ഫിഞ്ചും ടീം മാനേജ്‌മെന്റിന്റെ കരിമ്പട്ടിയില്‍ ഉല്‍പ്പെടാനാണ് സാധ്യത.

Content Highlight:  3 Players KKR likely to release ahead of IPL 2023

We use cookies to give you the best possible experience. Learn more