കര്‍ഷകരെ വഴിയാധാരമാക്കുന്ന കേന്ദ്ര ഓഡിനന്‍സിനെതിരെ തെരുവിലറങ്ങി ഹരിയാനയിലെ കര്‍ഷകര്‍; രാജ്യത്തുടനീളം പ്രതിഷേധം വ്യാപിക്കുമെന്ന് മുന്നറിയിപ്പ്
national news
കര്‍ഷകരെ വഴിയാധാരമാക്കുന്ന കേന്ദ്ര ഓഡിനന്‍സിനെതിരെ തെരുവിലറങ്ങി ഹരിയാനയിലെ കര്‍ഷകര്‍; രാജ്യത്തുടനീളം പ്രതിഷേധം വ്യാപിക്കുമെന്ന് മുന്നറിയിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th September 2020, 4:20 pm

ന്യൂദല്‍ഹി: കര്‍ഷകരെ വഴിയാധാരമാക്കുന്ന കേന്ദ്ര ഓഡിനന്‍സുകള്‍ക്കെതിരെ ഹരിയാനയിലും പഞ്ചാബിലുമാരംഭിച്ച പ്രതിഷേധം ഉത്തര്‍പ്രദേശിലേക്കും പടരുന്നു. വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ കര്‍ഷകരും തങ്ങളുടെ ജീവിതോപാധി ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഓഡിനന്‍സിനെതിരെ തെരുവുകളില്‍ അണിനിരക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ദേശീയ പാതയില്‍ അണിനിരന്നാണ് ഹരിയാനയിലെ കര്‍ഷകര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്‌

ഭക്ഷ്യധാന്യ സംഭരണത്തിന്റെ മിനിമം താങ്ങുവില സമ്പ്രദായം ഇല്ലാതാക്കുന്നതും, രാജ്യത്തിന്റെ കാര്‍ഷിക മേഖലയെ സ്വകാര്യ മേഖലയ്ക്ക് തീറെഴുതി കൊടുക്കുന്നതുമാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഓഡിനന്‍സ് എന്ന് കര്‍ഷകര്‍ പറയുന്നു.

എസന്‍ഷ്യല്‍ കമോഡിറ്റീസ്(അമന്‍ഡ്‌മെന്റ്) ഓഡിനന്‍സ്, ഫാര്‍മേഴ്‌സ് (എംപവര്‍മെന്റ് അന്‍ഡ് പ്രൊട്ടക്ഷന്‍) എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്യുറന്‍സ് ആന്‍ഡ് ഫാം സെര്‍വീസ് ഓഡിനന്‍സ്, ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്‌സ് ഓഡിനന്‍സ് എന്നിവയ്‌ക്കെതിരെയാണ് കര്‍ഷകര്‍ പ്രതിഷേധം നടത്തുന്നത്.

കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കാന്‍ ഓഡിനന്‍സ് ഹായിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദിക്കുന്നത്. എന്നാല്‍ കേന്ദ്ര നടപടി കര്‍ഷകരെ വലിയ ദുരിതത്തിലേക്ക് തള്ളിവിടുമെന്ന് കര്‍ഷക സംഘടനകളും പറയുന്നു. സെപ്തംബര്‍ പതിനാലിന് പാര്‍ലമെന്റ് ചേരാനിരിക്കെയാണ് കര്‍ഷകര്‍ പ്രതിഷേധം ശക്തമാക്കി രംഗത്തെത്തിയത്.

സര്‍ക്കാരിന്റെ നീക്കം പൂര്‍ണമായും കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി കൊടുക്കുന്നതാണെന്ന് അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോഡിനേഷന്‍ കമ്മിറ്റി(ഐ.കെ.എസ്.സി.സി)പറഞ്ഞു.

മഹാരാഷ്ട്ര, കര്‍ണാടക, കേരള, തമിഴ്‌നാട്, ബീഹാര്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലെ കര്‍ഷകരോടും സെപ്തംബര്‍ പതിനാലിന് പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോള്‍ പ്രതിഷേധത്തില്‍ അണിനിരക്കാനും എ.ഐ.കെ.എസ്.സി.സി ആവശ്യപ്പെട്ടിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: 3 ordinances that will corporatise agriculture; farmers in Punjab and Haryana protest