കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്കില്‍ ‘റെഡ്‌ബ്ലോക്ക്’ എന്നറിയപ്പെടുന്ന ഇടതുസഖ്യത്തിന്റെ പിന്തുണയില്‍ പുതിയ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ യൂറോപ്പില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അധികാരത്തില്‍ വരുന്ന ഇടത് സര്‍ക്കാരുകളുടെ എണ്ണം മൂന്നായി.
ഡെന്‍മാര്‍ക്കിന് മുമ്പ് മറ്റു നോര്‍ഡിക് രാജ്യങ്ങളായ ഫിന്‍ലാന്‍ഡും സ്വീഡനുമാണ് ഇടതുപക്ഷത്തെ പിന്തുണച്ചത്. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടികളാണ് ഇവിടെ അധികാരത്തില്‍ വന്നത്.
‘റെഡ് ബ്ലോക്ക്’ എന്നറിയപ്പെടുന്ന ദ സോഷ്യല്‍ ലിബറല്‍സ്, സോഷ്യലിസ്റ്റ് പീപ്പിള്‍സ് പാര്‍ട്ടി, റെഡ്ഗ്രീന്‍ അലയന്‍സ് എന്നീ ഇടത് സഖ്യകക്ഷികളുടെ പിന്തുണയിലാണ് ഡെന്‍മാര്‍ക്കില്‍ ഇപ്പോള്‍ സര്‍ക്കാര്‍ രൂപീകൃതമായത്. ജൂണ്‍ 5ന് ഫലം വന്ന തെരഞ്ഞെടുപ്പില്‍ രാജ്യത്തെ 179 സീറ്റുകളില്‍ 91 സീറ്റുകളാണ് ഇടതുപക്ഷം പിടിച്ചെടുത്തത്.
ഡെന്‍മാര്‍ക്കില്‍ രാജ്യത്തെ വലതുകക്ഷിയായിരുന്ന ഡാനിഷ് പീപ്പിള്‍സ് പാര്‍ട്ടിയ്ക്ക് (ഡി.പി.പി) കനത്ത തിരിച്ചടിയാണ് ഇടതുപക്ഷം നല്‍കിയത്. രാജ്യത്തെ മുസ്ലിംങ്ങളെ നാടുകടത്തണമെന്ന് പറഞ്ഞതിലൂടെ പ്രചാരണ സമയത്ത് വിവാദമുണ്ടാക്കിയ പാര്‍ട്ടിയാണ് ഡി.പി.പി ഡെന്‍മാര്‍ക്കിലെ രണ്ടാമത്തെ വലിയ പാര്‍ട്ടിയായിരുന്ന ഡി.പി.പിയ്ക്ക് 2015ലെ തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ പകുതി വോട്ടുകളും നഷ്ടമായിട്ടുണ്ട്.
നോര്‍ഡിക് രാജ്യങ്ങള്‍ ഇടത് ആഭിമുഖ്യം പ്രകടിപ്പിച്ചതിന് പിന്നാലെ ബ്രിട്ടനില്‍ ജെര്‍മി കോര്‍ബിന്റെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടിയ്ക്കും മുന്‍തൂക്കം പ്രവചിക്കപ്പെടുന്നുണ്ട്. അടുത്ത് തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ കോര്‍ബിന്‍ അധികാരത്തിലെത്തുമെന്നാണ് അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കിയിരുന്നത്.