| Friday, 4th September 2015, 9:27 pm

കറിപ്പൊടികളില്‍ മായം: നിറപറയുടെ മൂന്ന് ഉല്‍പന്നങ്ങള്‍ നിരോധിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവവന്തപുരം: കറിപ്പൊടികളില്‍ മായം കണ്ടെത്തിയതനെത്തുടര്‍ന്ന് നിറപറയുടെ മൂന്ന് ഉല്‍പന്നങ്ങള്‍ നിരോധിച്ചു. മുമ്പ് 34 തവണ മായം കണ്ടെത്തിയതിനെത്തുടര്‍ന്ന് നിറപറ പിടിക്കപ്പെട്ടിട്ടുണ്ടെങ്കിലും പിഴയടച്ച് രക്ഷപ്പെടുകയായിരുന്നു.

നിറപറയുടെ മുളക്‌പൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി എന്നിവയാണ് നിരോധിച്ചിരിക്കുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേതാണ് നടപടി. കറിപൗഡറുകളില്‍ ഉണ്ടാകാന്‍ പാടില്ലാത്ത സ്റ്റാര്‍ച്ചിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.

പൂജ്യം ശതമാനമായിരിക്കണം കറിപൗഡറുകളില്‍ സ്റ്റാര്‍ച്ചിന്റെ സാന്നിദ്ധ്യമെന്നാണ് നിയമം എന്നാല്‍ 15 ശതമാനം മുതല്‍ 70 ശതമാനം വരെയാണ് നിറപറയുടെ ഉല്‍പന്നങ്ങളില്‍ സ്റ്റാര്‍ച്ചിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. കേരളത്തിലെ മൂന്നു ലാഭുകളിലും സ്‌പൈസസ് ബോര്‍ഡിന്റെ പരിശോധനയിലുമാണ് നിറപറ ഉല്‍പന്നങ്ങളില്‍ മായമുണ്ടെന്ന് കണ്ടെത്തിയത്.

മായം കണ്ടെത്തിയതിനെത്തുടര്‍ന്ന് വിപണിയില്‍ നിന്ന് ഉല്‍പന്നങ്ങള്‍ പിന്‍വലിക്കാന്‍ നോട്ടീസ് നല്‍കി. 34 കേസുകളാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിറപറയ്‌ക്കെതിരെ കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ആറ് തവണ നിറപറയ്ക്ക് കോടതി ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.

മൂന്ന് തവണ അഞ്ച് ലക്ഷം രൂപ വീതവും മൂന്ന് തവണ 25000 രൂപ വീതവുമായി 15,75000 രൂപയാണ് നിറപറ ഇതുവരെ പിഴയടച്ചിരിക്കുന്നത്. കമ്പനി സ്വയം ഉല്‍പന്നങ്ങളില്‍ തിരിച്ചുവിളിച്ചില്ലെങ്കില്‍ കമ്പനിക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും മാത്രമല്ല വകുപ്പ് നേരിട്ട് ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കുമെന്നും ടി.വി അനുപമ ഐ.എ.എസ് പറഞ്ഞു.

We use cookies to give you the best possible experience. Learn more