| Tuesday, 18th February 2014, 10:25 am

ആറന്മുളയില്‍ നീര്‍ത്തടമില്ലെന്ന് സര്‍ക്കാര്‍: അപൂര്‍വയിനം എട്ടുകാലികളെ കണ്ടെത്തി ഗവേഷകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]തൃശൂര്‍: ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് നീര്‍ത്തടമില്ലെന്ന സര്‍ക്കാര്‍ സത്യവാങ്മൂലത്തിനു പിന്നാലെ പ്രദേശത്തു നിന്നും മൂന്ന് അപൂര്‍വയിനം എട്ടുകാലികളെ കണ്ടെത്തി ഗവേഷക സംഘം.

ഗവേഷകനായ എ.വി സുധികുമാറും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സുവോളജി വിഭാഗവും ചേര്‍ന്ന് ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് നടത്തിയ ഗവേഷണത്തിലാണ് അപൂര്‍വയിനം എട്ടുകാലികളെ കണ്ടെത്തിയത്.

കഴിഞ്ഞ ഒരു മാസമായി നടത്തുന്ന ഗവേഷണത്തില്‍ ഏതാണ്ട് 45 ഇനങ്ങളില്‍ പെട്ട എട്ടുകാലികളെയാണ് ഇവര്‍ പ്രദേശത്തു നിന്ന് കണ്ടെടുത്തത്.

ഇവയില്‍ “സൈബേയ്‌സ്”  ഇനത്തില്‍ പെട്ട എട്ടുകാലിയെ ഇന്ത്യയില്‍ തന്നെ ആദ്യമായാണ് കണ്ടെത്തപ്പെടുന്നതെന്നും ഇതുവരെ കണ്ടെത്തിയവയില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ മാത്രം കണ്ടുവരുന്ന തരം എട്ടുകാലികള്‍ വരെയുണ്ടെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കിയ സുധികുമാര്‍ പറയുന്നു.

പ്രദേശത്ത് നീര്‍ത്തടമില്ലെന്നും പ്രദേശം കൃഷിയോഗ്യമല്ലെന്നും കാണിച്ച് കഴിഞ്ഞ ദിവസം ദേശീയ ഹരിത ട്രിബ്യൂണലിന് സത്യവാങ്മൂലം നല്‍കിയിരുന്നു.

വര്‍ഷങ്ങളായി വെറുതെ കിടക്കുന്ന ഭൂമിയാണിതെന്നും വികസനത്തിനായി അത് നികത്തുന്നതില്‍ തെറ്റില്ലെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നു.

We use cookies to give you the best possible experience. Learn more