| Thursday, 23rd November 2017, 9:29 pm

ഉത്തര്‍പ്രദേശില്‍ മുസ്‌ലിം പുരോഹിതര്‍ക്ക് നേരെ ആക്രമണം; ക്രൂര മര്‍ദ്ദനത്തിനു ശേഷം ട്രെയിനില്‍ നിന്നു വലിച്ചെറിഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്നൗ: ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ യാത്രയ്ക്കിടെ മൂന്ന് മുസ്‌ലിം പുരോഹിതരെ അജ്ഞാതര്‍ ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷം ഓടുന്ന തീവണ്ടിയില്‍ നിന്ന് പുറത്തേക്ക് എറിഞ്ഞു. ഉത്തര്‍പ്രദേശിലെ ഭഗ്പത് ജില്ലയിലാണ് ക്രൂരത അരങ്ങേറിയത്. പരിക്കേറ്റ പുരോഹിതരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദല്‍ഹിയില്‍ നിന്നും ഭാഗ്പതിലേക്ക് പോയ മൗലവിമാര്‍ക്കാണ് ദുരനുഭവം. മര്‍ഗാസി മസ്ജിദ് സന്ദര്‍ശിച്ച് നാട്ടിലേക്കുള്ള മടക്ക യാത്രയിലാണ് ഇവര്‍ക്ക് നേരെ അക്രമണം നടന്നത്. ഭഗ്പത് ജില്ലയിലെ അഹേദ സ്വദേശികളായ ഗുല്‍സാര്‍, ഇസ്‌റാര്‍, അബ്രാര്‍ എന്നീ മൗലവിമാരാണ് പൊലീസില്‍ പരാതി നല്‍കിയത്.


Also Read: ദേശീയ ഗാനം ചൊല്ലുമ്പോള്‍ എഴുന്നേറ്റ് നിന്നില്ലെന്ന് ആരോപണം; കാശ്മീരില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്


യാത്രക്കിടെ സഹയാത്രികരായ യുവാക്കളുമായുണ്ടായ വാക്കുതര്‍ക്കത്തിനൊടുവിലാണ് മൂവരെയും വലിച്ച് പുറത്തേക്ക് എറിഞ്ഞതെന്ന് എസ്.പി ജയപ്രകാശ് സിംഗ് പി.ടി.ഐയോട് പറഞ്ഞു. അക്രമികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അധികൃതര്‍ പറയുന്നു.

ട്രെയിന്‍ അഹേദ സ്റ്റേഷനില്‍ എത്തുന്നതിന് മുന്‍പാണ് അജ്ഞാതരായ ഏഴംഗ സംഘം മര്‍ദ്ദിച്ചതെന്ന് പുരോഹിത സംഘം പറഞ്ഞു. ട്രെയിനിന്റെ വാതില്‍ അടച്ചിട്ടതിന് ശേഷം തലയില്‍ തുണികൊണ്ടുള്ള ഷാള്‍ ധരിച്ചത് എന്തിനാണെന്ന് ചോദ്യം ചെയ്തായിരുന്നു അക്രമണമെന്നും ഇവര്‍ പറഞ്ഞു.


Dont Miss: ‘വന്ദേമാതരം വിളിക്കാതെ ഇന്ത്യയില്‍ നില്‍ക്കാനാവില്ല’: കാഞ്ച ഐലയ്യക്ക് നേരെ കയ്യേറ്റശ്രമം


ഇരമ്പുവടികളും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ചായിരുന്നു അക്രമണം. മര്‍ദ്ദിച്ച് അവശരാക്കിയതിന് ശേഷം ട്രെയിനില്‍ നിന്നും പുറത്തേക്ക് വലിച്ചെറിയുകയായിരുന്നുവെന്നും പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. അക്രമികളെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

Latest Stories

We use cookies to give you the best possible experience. Learn more