അഹമ്മദാബാദ്: ഗുജറാത്ത് സര്‍വകലാശാല ഹോസ്റ്റലില്‍ നമസ്‌കാരം നടത്തിയ വിദേശ വിദ്യാര്‍ത്ഥികളെ ആക്രമിച്ചതില്‍ മൂന്ന് പ്രതികള്‍ കൂടി അറസ്റ്റില്‍. ക്ഷിതിജ് പാണ്ഡെ, ജിതേന്ദ്ര പട്ടേല്‍, സാഹില്‍ ദുധാതിയ എന്നിവരുടെ അറസ്റ്റ് തിങ്കളാഴ്ച പൊലീസ് രേഖപ്പെടുത്തി.
ഹിതേഷ് മേവാഡ, ഭരത് പട്ടേല്‍ എന്നീ പ്രതികളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കലാപം, സംഘം ചേര്‍ന്ന് ഉപദ്രവിക്കല്‍, ക്രിമിനല്‍ അതിക്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഇതുസംബന്ധിച്ച കേസില്‍ അറസ്റ്റിലായവരുടെ ആകെ എണ്ണം അഞ്ചായിയെന്നും അധികൃതര്‍ അറിയിച്ചു. ആക്രമണം നടത്തിയവരില്‍ ഉള്‍പ്പെടുന്ന ബാക്കി പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ തരുണ്‍ ദുഗ്ഗല്‍ പറഞ്ഞു.
നിലവില്‍ ആക്രമണത്തിനിരയായ വിദ്യാര്‍ത്ഥികളെ പ്രത്യേക ഹോസ്റ്റലിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സര്‍വകലാശാല തീരുമാനിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉസ്ബക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളാണ് ആക്രമണത്തിന് ഇരയായത്.
ഹോസ്റ്റലിന്റെ സുരക്ഷ ശക്തമാക്കുന്നതിന് മുന്‍ സൈനികരെ സമീപ പ്രദേശത്തായി വിന്യസിക്കുന്നതിനോടൊപ്പം വിദേശ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഉപദേശക സമിതിയും സര്‍വകലാശാല രൂപീകരിച്ചു.
ഇതിനുപുറമെ എന്‍.ആര്‍.ഐ ഹോസ്റ്റല്‍ വാര്‍ഡനെ ഉടന്‍ മാറ്റിസ്ഥാപിക്കുമെന്ന് ഗുജറാത്ത് സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ നീര്‍ജ ഗുപ്ത അറിയിച്ചു.
റമദാന്‍ നമസ്‌കാരം നടക്കുന്നതിനിടെ ജയ് ശ്രീറാം വിളിച്ച് ആള്‍ക്കൂട്ടം ഹോസ്റ്റലിലേക്ക് കടന്ന് വന്നെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഇവര്‍ കല്ലും ബാറ്റും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോ?ഗിച്ച് വിദ്യാര്‍ത്ഥികളെ മര്‍ദിക്കുകയായിരുന്നു. ആള്‍ക്കൂട്ടം വിദ്യാര്‍ത്ഥികളെ മര്‍ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തുവന്നത്.
സംഭവത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് സാരമായ പരിക്കേറ്റിരുന്നു. കൂടാതെ നിരവധി വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് ആക്രമണം നടന്നതെന്ന് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
Content Highlight: 3 more held for attack on international students attack in Gujarat