മെസ്സിയ്ക്ക് മൂന്നു മാസം വിലക്ക്
കോപ്പ അമേരിക്കയില്‍ ബ്രസീലിനെ ജേതാക്കളാക്കാന്‍ ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ സംഘടനയായ കോണ്‍മബോളിനെതിരെ അഴിമതിയാരോപണം ഉന്നയിച്ച അര്‍ജന്റീന നായകന്‍ ലയണല്‍ മെസ്സിയ്ക്ക് അന്താരാഷ്ട്ര മത്സരങ്ങളില്‍ മൂന്ന് മാസത്തേക്ക് വിലക്ക്. 50,000 ഡോളര്‍ പിഴയും വിധിച്ചിട്ടുണ്ട്.
ചിലിക്കെതിരായ ലൂസേഴ്‌സ് ഫൈനലില്‍ ചുവപ്പു കാര്‍ഡ് കാണേണ്ടിവന്ന മെസ്സി കടുത്ത ഭാഷയിലാണ് കോണ്‍മബോളിനെ വിമര്‍ശിച്ചത്. പ്രതിഷേധസൂചനകമായി മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മെഡല്‍ വാങ്ങാന്‍ വിസമ്മതിച്ച മെസ്സി കോണ്‍മബോള്‍ ആതിഥേയരായ ബ്രസീലിനുവേണ്ടി കള്ളക്കളി കളിക്കുകയാണെന്ന് ആരോപിച്ചിരുന്നു.
ഫെഡറേഷന്റെ അഴിമതിയാണ് കോപ്പ അമേരിക്കയില്‍ കണ്ടതെന്നും മെസ്സി മത്സരശേഷം മിക്‌സഡ് സോണില്‍ വച്ച് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. എന്നാല്‍ പ്രസ്താവനയില്‍ അദ്ദേഹം പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു.
ശിക്ഷാ നടപടിയ്‌ക്കെതിരെ അപ്പീല്‍ നല്‍കാന്‍ മെസ്സിയ്ക്കും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും കോണ്‍മാബോള്‍ ഏഴ് ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്.
സെപ്റ്റംബറില്‍ അര്‍ജന്റീനയ്ക്ക് ചിലിയുമായും മെക്‌സിക്കോയുമായും സൗഹൃദ മത്സരങ്ങളുണ്ട്. ഇത് കഴിഞ്ഞ് ഒക്ടോബറില്‍ ജര്‍മ്മനിയ്‌ക്കെതിരായ മത്സരവും മെസ്സിയ്ക്ക് നഷ്ടമാവും. നവംബര്‍ 3നാണ് വിലക്ക് അവസാനിക്കുക.