| Tuesday, 10th May 2022, 8:06 pm

ഇവര്‍ അടുത്ത സീസണില്‍ കണ്ടേക്കില്ല; മുംബൈ ഇന്ത്യന്‍സ് വലിച്ചെറിയാന്‍ സാധ്യതയുള്ള മൂന്ന് സൂപ്പര്‍ താരങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ചിടത്തോളം ഇത് നഷ്ടത്തിന്റേയും നിര്‍ഭാഗ്യത്തിന്റേയും ഐ.പി.എല്ലാണ്. ഒന്നും നേടാനായില്ലെങ്കിലും പലതും നഷ്ടപ്പെടുത്തിയാണ് മുംബൈ ഇന്ത്യന്‍സ് ഈ സീസസണിനോട് വിട പറയുന്നത്.

മധ്യനിരയിലെ കരുത്തന്‍മാരെ വിട്ടുകളഞ്ഞതും വമ്പന്‍ തുകയുമായി ഒന്നോ രണ്ടോ താരങ്ങള്‍ക്ക് പിന്നാലെ പോയതും ടീമിലെത്തിച്ച പലതാരങ്ങളും വേണ്ട രീതിയില്‍ കളിക്കാത്തതുമാണ് മുംബൈ ഇന്ത്യന്‍സിന് തിരിച്ചടിയായത്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കമുള്ള സീനിയര്‍ താരങ്ങളും വന്‍ പരാജയം തന്നെയായിരുന്നു. 11 മത്സരത്തില്‍ നിന്നും 200 റണ്‍സ് മാത്രമാണ് താരം സ്വന്തമാക്കിയത് ആവറേജാവട്ടെ 18.18. ലോകം കണ്ട മികച്ച ബാറ്ററില്‍ ഒരാളും, ടി-20 സ്‌പെഷ്യലിസ്റ്റുമാണ് ഈ ഐ.പി.എല്ലില്‍ ഇത്തരത്തില്‍ ഒന്നുമല്ലാതായി മാറിയത്.

ഈ സീസണില്‍ ടീമിന് ഒരു തരത്തിലും ഗുണമാകാതിരുന്ന പല താരങ്ങളേയും സീസണില്‍ ടീം പുറത്താക്കിയേക്കുമെന്ന സൂചനയുണ്ട്. അത്തരത്തില്‍ അടുത്ത വര്‍ഷം ടീമിനൊപ്പം ഉണ്ടാവാന്‍ സാധ്യതയില്ലാത്ത മൂന്ന് താരങ്ങളെയും അവരുടെ പ്രകടനവും പരിശോധിക്കാം.

#3 രമണ്‍ദീപ് സിംഗ്

ആഭ്യന്തര ക്രിക്കറ്റിലെ ബിഗ് ഹിറ്ററെന്ന നിലയില്‍ ടീമിലെത്തിച്ച താരമാണ് രമണ്‍ദീപ് സിംഗ്. എന്നാല്‍ ഇത്തവണത്തെ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കാര്യമായി ഒന്നും ചെയ്യാന്‍ സിംഗിനായിട്ടില്ല.

ഇതുവരെ രണ്ട് മത്സരങ്ങള്‍ മാത്രം കളിച്ച താരം യഥാക്രമം പന്ത്രണ്ട് പന്തില്‍ നിന്നും ആറും പതിനാറ് പന്തില്‍ നിന്നും പന്ത്രണ്ടും റണ്‍സാണ് താരം സ്വന്തമാക്കിയത്. ഇക്കാരണം കൊണ്ടുതന്നെ താരം അടുത്ത സീസണില്‍ ടീമിനൊപ്പം ഉണ്ടായേക്കാന്‍ സാധ്യതയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

#2 ടൈമല്‍ മില്‍സ്

ഏറെ പ്രതീക്ഷയോടെയാണ് മുംബൈ മില്‍സിനെ ടീമിലെത്തിച്ചത്. ബുംറയ്ക്ക് പിന്തുണ നല്‍കാമെന്ന ഉദ്ദേശത്തിന് പിന്നാലെയായിരുന്നു ഇടം കയ്യന്‍ പേസര്‍ മുംബൈയിലെത്തിയത്. എന്നാല്‍ അത്ര നല്ല പ്രകടനമായിരുന്നില്ല താരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.

ഇതുവരെ അഞ്ച് മത്സരം കളിച്ച താരം 11.18 എക്കോണമിയില്‍ ആറ് വിക്കറ്റ് മാത്രമാണ് നേടിയത്. ഇതിനെല്ലാം പുറമെ താരം പരിക്കേറ്റ് ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുകയും ചെയ്തിരുന്നു. മില്‍സ് പുറത്തായതിന് പിന്നാലെ ട്രിസ്റ്റന്‍ സ്റ്റബ്‌സിനെ ടീമിലെടുത്തിട്ടുണ്ട്.

മില്‍സും അടുത്ത തവണ ടീമിനൊപ്പമുണ്ടായേക്കില്ല എന്നാണ് സൂചന.

#1 കെയ്‌റോണ്‍ പൊള്ളാര്‍ഡ്

ലേലത്തിന് മുമ്പ് തന്നെ മുംബൈ നിലനിര്‍ത്തിയ താരമായിരുന്നു ഈ കരീബിയന്‍ ഓള്‍ റൗണ്ടര്‍. എന്നാല്‍ തന്റെ കരിയറിലെ തന്നെ മോശം പെര്‍ഫോമന്‍സാണ് പൊള്ളാര്‍ഡ് ഈ സീസണില്‍ നടത്തിയത്.

കളിച്ച 11 മത്സരത്തിലും നിന്നുമായി 144 റണ്‍സ് മാത്രമാണ് താരത്തിന് സ്വന്തമാക്കാനായത്. ശരാശരിയാകട്ടെ 14.4ഉം.

മുന്‍കാലങ്ങളില്‍ ടീമിനെ കിരീടത്തിലേക്ക് നയിച്ച മികച്ച പല പ്രകടനങ്ങള്‍ നടത്തിയിരുന്നുവെങ്കിലും പൊള്ളാര്‍ഡ് ഇത്തവണത്തെ ഐ.പി.എല്ലില്‍ രോഹിത്തിനേക്കാള്‍ വലിയ പരാജയമായിരുന്നു.

അടുത്ത സീസണില്‍ താരത്തെ പുറത്താക്കണമെന്ന് ആരാധകര്‍ പോലും മുറവിളി കൂട്ടുമ്പോള്‍ അതേ രീതിയില്‍ തന്നെയാവും മാനേജ്‌മെന്റും ചിന്തിക്കുക.

Content Highlight:  3 MI players who might not be part of the side next year

We use cookies to give you the best possible experience. Learn more