ഇംഫാല്‍: മണിപ്പൂരിലെ ബിഷ്ണുപൂരില്‍ ഇന്ന് പകല്‍ ഉണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മരിച്ച മൂന്ന് പേരും മെയ്തി വിഭാഗക്കാരാണ്. ഖോയിജുമന്തബിയില്‍ നടന്ന വെടിവെപ്പില്‍ മരിച്ചത് ഗ്രാമത്തിന് കാവല്‍ നിന്നവരാണെന്നാണ് ലഭിച്ച വിവരം.
ആക്രമണത്തിന് പിന്നില്‍ കുക്കി വിഭാഗമാണെന്നും ഗ്രാമവാസികള്‍ ആരോപിച്ചു. മണിപ്പൂരിലെ ലെയ്‌ഗോബി, ചന്ദോള്‍പോക്പി, സൗകോം മേഖലകളില്‍ ശനിയാഴ്ച രാത്രി മുതല്‍ വെടിവെപ്പ് തുടരുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, പ്രധാനമന്ത്രിയുടെ കോലം കത്തിക്കുന്നതില്‍ മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് വിയോജിപ്പറിയിച്ചു. ‘എന്റെ കോലം കത്തിക്കുന്നതില്‍ പ്രശ്‌നമില്ല. പക്ഷേ പ്രധാനമന്ത്രി എന്ത് പിഴച്ചു. ഈ സമയത്തും ചിലര്‍ ബി.ജെ.പി നേതാക്കളുടെ കോലം കത്തിക്കുകയാണ്.
കൃത്യമായി ആസൂത്രണം ചെയ്ത രാഷ്ട്രീയ നീക്കമാണ് മണിപ്പൂരിലെ കലാപങ്ങള്‍ക്ക് പിന്നില്‍. ശരിയായ സമയത്ത് പ്രശ്‌നം പരിഹരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തയ്യാറായിരുന്നില്ല.
സംസ്ഥാനത്തെ ജനങ്ങള്‍ വിഭജിക്കപ്പെടുന്നതിനെ ജീവന്‍ കൊടുത്തും നേരിടും. രാഹുല്‍ ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശനം രാഷ്ട്രീയ ലക്ഷ്യം മുന്നില്‍ക്കണ്ടുള്ളതാണ്.
ഇങ്ങോട്ട് വരുന്നതില്‍ ആരെയും തടയാനാവില്ല. ഇവിടെ പ്രശ്‌നങ്ങള്‍ തുടങ്ങിയിട്ട് 40 ദിവസത്തിലേറെയായി. അദ്ദേഹം എന്താണ് നേരത്തെ വരാതിരുന്നത്. അദ്ദേഹം വന്ന ഉടനെ ബി.ജെ.പി ഓഫീസിന് നേരെ ആക്രമണമുണ്ടായി.
സംസ്ഥാനത്തെ അവസ്ഥ അറിയാനാണോ രാഷ്ട്രീയനേട്ടം ഉണ്ടാക്കാനാണോ അദ്ദേഹം വന്നത്. വന്ന രീതിയോട് എനിക്ക് യോജിക്കാനാവില്ല. സംസ്ഥാനത്തെ കലാപങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് ലോകത്തിന് അറിയാം. അവര്‍ വിതച്ചതിന്റെ ഫലമാണ് നമ്മളിപ്പോള്‍ കൊയ്യുന്നത്,’ ബിരേന്‍ സിങ് പറഞ്ഞു.