ഐ.എസില്‍ ചേര്‍ന്ന മൂന്ന് മലയാളികളും കുഞ്ഞും മരിച്ചതായി റിപ്പോര്‍ട്ടെന്ന് ഡി.ജി.പി; സ്ഥിരീകരണമില്ലെന്ന് എന്‍.ഐ.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th March 2018, 3:25 pm
തിരുവനന്തപുരം: ഐ.എസില്‍ ചേര്‍ന്ന മൂന്ന് മലയാളികളും കുഞ്ഞും മരിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. കാസര്‍ഗോഡ് സ്വദേശികളാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. പടന്ന സ്വദേശി ഷിഹാസ്, ഭാര്യ അജ്മല, അവരുടെ കുഞ്ഞ്, തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് മന്‍സാദ് എന്നിവരാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍.
അമേരിക്കന്‍ ബോംബ് ആക്രമണത്തിലാണ് ഇവര്‍ മരിച്ചതെന്നും എന്നാല്‍ ഔദ്യോഗികമായി വിവരം സ്ഥിരീകരിച്ചിട്ടില്ലെന്നും ഡി.ജി.പി പറഞ്ഞു. സംഭവത്തില്‍ അഫ്ഗാന്‍ സര്‍ക്കാരില്‍ നിന്നോ ഇന്റര്‍പോളില്‍ നിന്നോ സ്ഥിരീകരണമില്ലെന്ന് നാഷനല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സിയും അറിയിച്ചു. കൂടുതല്‍ അന്വേഷണം നടത്താതെ മരണം സ്ഥിരീകരിക്കാനാവില്ലെന്ന് എന്‍.ഐ.എ പറഞ്ഞു.
നംഗര്‍ഹാര്‍ പ്രവിശ്യയിലെ ഐ.എസ് ക്യാംപില്‍ നടന്ന ബോംബ് ആക്രമണത്തിലാണ് മരിച്ചതെന്നാണ് സൂചന. കേരളത്തില്‍ നിന്ന് കാണാതായവര്‍ ഉള്‍പ്പടെ എത്തിപ്പെട്ടത് ഇവിയെയാണെന്നാണ് അനുമാനം. പോലീസ് റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ നിന്ന് 22 പേര്‍ ഐ.എസില്‍ ചേര്‍ന്നെന്നാണ് കണക്കുകള്‍. സിറിയന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ 14 മലയാളികള്‍ മരിച്ചെന്ന് കഴിഞ്ഞ വര്‍ഷം രഹസ്യാന്യേഷണ വിഭാഗം സ്ഥിരീകരിച്ചിരുന്നു.
കാസര്‍കോട് സ്വദേശികളായ 15 യുവാക്കളെ ഭീകരസംഘടനയില്‍ അംഗങ്ങളാക്കാന്‍ വിദേശത്ത് കൊണ്ടുപോയി എന്ന കേസില്‍ ബിഹാല്‍ സ്വദേശി യാസ്മിന്‍ അഹമ്മദിനെ ഇന്നലെ കോടതി ശിക്ഷിച്ചിരുന്നു.