ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി നയിക്കുന്ന പീപ്പിള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്ന് മൂന്ന് നേതാക്കള്‍ രാജിവെച്ചു. ടി.എസ് ബജ്‌വ, വേദ് മഹാജന്‍, ഹുസൈന്‍ എ. വഫ, എന്നിവരാണ് രാജിവെച്ച് പുറത്തുപോയത്.
മെഹബൂബ മുഫ്തിയുടെ ചില പ്രസ്താവനകളാണ് തങ്ങളെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചതെന്ന് നേതാക്കള്‍ പറഞ്ഞു. മുഫ്തിയുടെ ചില പരാമര്‍ശങ്ങളും പ്രസ്താവനകളും രാജ്യസ്‌നേഹ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും ഇത്തരം പരാമര്‍ശങ്ങള്‍ തങ്ങളെ അസ്വസ്ഥപ്പെടുത്തുന്നുവെന്ന് നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തിന് അയച്ച കത്തില്‍ പറയുന്നു.
നേരത്തെ ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയെടുത്തുമാറ്റിയ ഭരണഘടനാ ഭേദഗതി പിന്‍വലിക്കുന്നതുവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനോ ഇന്ത്യന്‍ പതാക കൈവശം വെയ്ക്കാനോ തനിക്ക് താല്പര്യമില്ലെന്ന് മുഫ്തി പറഞ്ഞിരുന്നു.
കേന്ദ്രസര്‍ക്കാരിനെ കൊള്ളക്കാര്‍ എന്ന് വിളിച്ചായിരുന്നു മുഫ്തിയുടെ പരാമര്‍ശം. കശ്മീരിന്റെ പ്രത്യേക പതാക പുനസ്ഥാപിക്കണമെന്നും അവര്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി പേര്‍ മുഫ്തിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയ 2019 ആഗസ്റ്റ് 5 മുതല്‍ മെഹബൂബ മുഫ്തി തടവിലായിരുന്നു. ആദ്യം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലും പിന്നീട് സ്വന്തം വീട്ടിലുമായി തടവിലാക്കുകയായിരുന്നു.
ഒക്ടോബര്‍ 13 നാണ് മെഹബൂബ മുഫ്തി തടങ്കലില്‍ നിന്ന് മോചിതയായത്. ഒരു വര്‍ഷത്തിലേറെയാണ് മുഫ്തി തടങ്കലില്‍ കഴിഞ്ഞത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയെടുത്തുമാറ്റിയതുമായി ബന്ധപ്പെട്ടാണ് മുഫ്തിയടക്കമുള്ള നേതാക്കളെ തടങ്കലിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്. ഇക്കഴിഞ്ഞ ജൂലൈയില്‍ മുഫ്തിയുടെ തടങ്കല്‍ മൂന്ന് മാസം കൂടി നീട്ടിയിരുന്നു.
പബ്ലിക് സേഫ്റ്റി ആക്റ്റ് പ്രകാരമാണ് പിന്നീട് തടങ്കല്‍ കാലാവധി നീട്ടിയെതെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. ജമ്മു കശ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളായ മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള, ഫാറൂഖ് അബ്ദുള്ള എന്നിവരെയാണ് തടങ്കലിലാക്കിയത്. മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെയും മകന്‍ ഒമര്‍ അബ്ദുള്ളയുടെയും തടങ്കല്‍ കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights; 3 Leaders Quit pdp