| Saturday, 25th June 2016, 2:55 pm

വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഉപയോഗിക്കാം; കൊല്‍ക്കത്തയിലെ സ്‌കൂളുകളുടെ ഉത്തരവ് ചര്‍ച്ചയാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ മൂന്ന് പ്രമുഖ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കിയ ഉത്തരവ് ചര്‍ച്ചയാകുന്നു. വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന നിയമത്തിനെതിരായാണ് കൊല്‍ക്കത്തയിലെ ഈ സ്‌കൂളുകള്‍ പുതിയ നിര്‍ദ്ദേശം ഇറക്കിയിരിക്കുന്നത്.

കൊല്‍ക്കത്തയിലെ അശോക് ഹാള്‍ ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് ആണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ മൊബൈല്‍ഫോണുകള്‍ കൊണ്ടുവരാമെന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മൊബൈല്‍ഫോണ്‍ സൈലന്റ് മോഡില്‍ വെക്കണമെന്ന ഒറ്റ ഡിമാന്റ് മാത്രമെ സ്‌കൂളിനൊള്ളൂ. ഇത് സംബന്ധിച്ച് സ്‌കൂളില്‍ നിന്നും പ്രതികരണം ആരാഞ്ഞെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല.

സ്‌കൂളിലെ മൊബൈല്‍ഫോണ്‍ ഉപയോഗത്തെക്കുറിച്ച് മാതാപിതാക്കള്‍ക്ക് പലര്‍ക്കും പല അഭിപ്രായമാണ്. ചിലര്‍ സ്‌കൂളില്‍ ഫോണ്‍ കൊണ്ടുപോകുന്നത് നല്ലതാണെന്ന് പറയുമ്പോള്‍ മറ്റ് ചിലര്‍ പേടി പങ്കുവെച്ചു. ചെറിയ കുട്ടികള്‍ക്ക് എങ്ങനെ ഫോണ്‍ ഉപയോഗിക്കണമെന്നറിയില്ല. അതിനാല്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. മറ്റുള്ളവരും കുട്ടികളെ ചൂഷണം ചെയ്യാനുള്ള സാധ്യത ഏറെയാണ്. മാത്രവുമല്ല വിലപിടിപ്പുള്ള ഫോണ്‍ ആവശ്യപ്പെട്ട് വീട്ടില്‍ കുട്ടികള്‍ പ്രശ്‌നമുണ്ടാക്കുകയും ചെയ്യുമെന്ന് രക്ഷിതാക്കള്‍ ആവലാതിപ്പെടുന്നു.

സ്‌കൂളില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ വീട്ടുകാരെ ഉടന്‍ അറിയിക്കാന്‍ മൊബൈല്‍ഫോണ്‍ ഉണ്ടെങ്കില്‍ സാധിക്കുമെന്ന് ചില രക്ഷിതാക്കള്‍ പറയുന്നു. സ്‌കൂളിലേക്ക് പോകുന്ന വഴിയിലും ആരെങ്കിലും പ്രശ്‌നമുണ്ടാക്കിയാല്‍ കയ്യിലുള്ള മൊബൈല്‍ഫോണ്‍ ഉപകരിക്കുമെന്നാണ് ചില രക്ഷിതാക്കളുടെ പക്ഷം.

We use cookies to give you the best possible experience. Learn more