കീവ്: ഉക്രേനിയന്‍ നഗരമായ ലിവിവില്‍ റഷ്യ നടത്തിയ റോക്കറ്റാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരിക്കേറ്റതായി മേയര്‍ ആഡ്രി സഡോവി പറഞ്ഞു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്തെ കെട്ടിടത്തിന് മുകളിലാണ് റഷ്യന്‍ റോക്കറ്റ് വന്ന് പതിച്ചത്. കെട്ടിടാവശിഷ്ടത്തിനടിയില്‍ കൂടുതല്‍ പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം.
സിറ്റിയിലെ പ്രധാന കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് പ്രാദേശിക നേതാവ് മാക്‌സിം കോസിറ്റിക്‌സി പറഞ്ഞതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. റഷ്യയുടെ ലക്ഷ്യം ഉക്രൈന്‍ ജനതയെ തകര്‍ക്കുകയാണെന്നും എന്നാല്‍ തങ്ങളാണ് ഈ യുദ്ധത്തില്‍ ജയിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ആക്രമണത്തില്‍ റഷ്യന്‍ സേന ഇതുവരെ പ്രതികരിച്ചിട്ടില്ല. തകര്‍ന്ന കെട്ടിടത്തിന്റെ വീഡിയോ മേയര്‍ സഡോവി പോസ്റ്റ് ചെയ്തു. തകര്‍ന്ന കെട്ടിടവും കേടായ കാറിന്റെ അവശിഷ്ടങ്ങളും വീഡിയോയില്‍ കാണാം.
50ലേറെ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് കേടുപാടുകള്‍ പറ്റിയിട്ടുണ്ടെന്നും 50 കാറുകള്‍ തകര്‍ക്കപ്പെട്ടെന്നും മേയര്‍ പറഞ്ഞു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും രണ്ട് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.