| Sunday, 21st July 2024, 3:36 pm

യെമനിലെ ഹൂത്തി സൈനിക കേന്ദ്രങ്ങൾ ആക്രമിച്ച് ഇസ്രഈൽ; മൂന്ന് പേർ കൊല്ലപ്പെട്ടു, 87പേർക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സന: യെമനിലെ ഹൂത്തി സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 87 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യെമനിലെ ഹൊദൈദ തുറമുഖത്തിന് സമീപമുള്ള പവര്‍ സ്‌റ്റേഷനും എണ്ണ കേന്ദ്രങ്ങളും ഉള്‍പ്പെടെയുള്ള ഹൂത്തികളുടെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നത്.

നേരത്തെ ടെല്‍അവീവില്‍ ഹൂത്തി സൈന്യം നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഇസ്രഈല്‍ ഇപ്പോള്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ നാല് പേര്‍ മരിക്കുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

യെമനില്‍ നിന്ന് ഒരു ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചതായി ഇസ്രഈൽ സൈന്യം സ്ഥിരീകരിച്ചു. ഹൂത്തികള്‍ തിരിച്ച് ആക്രമിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിനായി സംഘം ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ യെമനിലെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ വിജയകരമായി സാധിച്ചെന്നും ഇസ്രഈല്‍ സൈന്യം അറിയിച്ചു. ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന ആക്രമണം മിഡില്‍ ഈസ്റ്റിലാകെ വ്യാപിച്ചേക്കുമെന്ന ഭീതി നിലനില്‍ക്കെയാണ് ഹൂത്തികളും ഇസ്രഈലും തമ്മില്‍ ആക്രമണം വര്‍ധിക്കുന്നത്.

ആക്രമണത്തിന് ശക്തമായ മറുപടി നല്‍കുമെന്ന് ഒരു പ്രസ്താവനിയില്‍ ഹൂത്തി സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ പറഞ്ഞു. ഗസയെ പിന്തുണക്കുന്നത് നിര്‍ത്താന്‍ ആക്രമണങ്ങള്‍ നടത്തി യെമനില്‍ സമ്മര്‍ദം ചെലുത്തുകയാണ് ഇസ്രഈല്‍ ചെയ്യുന്നതെന്ന് ഹൂത്തി വക്താവ് പ്രതികരിച്ചു.

ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന ആക്രമണം മിഡില്‍ ഈസ്റ്റിലാകെ വ്യാപിപ്പിക്കാനാണ് ഇസ്രഈല്‍ ശ്രമിക്കുന്നതെന്ന് ഹമാസ് പ്രതികരിച്ചു. ആക്രമണത്തിന് ശേഷം ഹൂത്തികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഹിസ്ബുള്ള രംഗത്തെത്തി. സയണിസ്റ്റ് ഭരണകൂടത്തിന്റെ ഈ നടപടി മുഴുവന്‍ പ്രദേശത്തെയും അപകടകരമായ ഘട്ടത്തിലേക്ക് എത്തിക്കുകയാണ് ചെയ്യുകയെന്ന് ഹിസ്ബുള്ള അവരുടെ പ്രസ്താവനയില്‍ പറഞ്ഞു.

ഈ ആക്രമണം എതിരാളികള്‍ക്കുള്ള മുന്നറിയിപ്പാണെന്നാണ് ഇസ്രഈല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞത്. നിലവില്‍ ഹൊദൈദയില്‍ കത്തിക്കൊണ്ടിരിക്കുന്ന തീ മിഡില്‍ ഈസ്റ്റിലുടനീളം കാണപ്പെടുന്നു. അതിന്റെ പ്രാധാന്യം വ്യക്തമാണെന്നും യോവ് ​ഗാലന്റ് പറ‍ഞ്ഞു.

Content Highlight: 3 killed, 87 injured as Israeli fighter planes strike Houthi military targets in Yemen

We use cookies to give you the best possible experience. Learn more