ശ്രീലങ്കയിലെ സ്‌ഫോടനപരമ്പര: കൊല്ലപ്പെട്ടവരില്‍ മൂന്ന് ഇന്ത്യക്കാരും ശ്രീലങ്കന്‍ പൗരത്വമുള്ള മലയാളിയും; ആകെ മരണം 207 ആയി
World News
ശ്രീലങ്കയിലെ സ്‌ഫോടനപരമ്പര: കൊല്ലപ്പെട്ടവരില്‍ മൂന്ന് ഇന്ത്യക്കാരും ശ്രീലങ്കന്‍ പൗരത്വമുള്ള മലയാളിയും; ആകെ മരണം 207 ആയി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st April 2019, 8:21 pm

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ വിവിധയിടങ്ങളിലുണ്ടായ സ്ഫോടനപരമ്പരയില്‍ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. കൊളംബോയിലെ ഇന്ത്യന്‍ സ്ഥാനപതിയാണ് ഇക്കാര്യം തന്നെ അറിയിച്ചതെന്നും സുഷമ ട്വീറ്റ് ചെയ്തു. ശ്രീലങ്കന്‍ പൗരത്വമുള്ള മലയാളി പി.എസ് റസീനയും കൊല്ലപ്പെട്ടതായാണു ലഭിക്കുന്ന വിവരം. ഇവര്‍ കാസര്‍കോട് സ്വദേശിനിയാണ്.

ലോകാശിനി, നാരായണ്‍ ചന്ദ്രശേഖര്‍, രമേഷ് എന്നിവരാണു കൊല്ലപ്പെട്ടതെന്ന് കൊളംബോയിലെ നാഷണല്‍ ഹോസ്പിറ്റല്‍ അറിയിച്ചതായും സുഷമ പറഞ്ഞു. ഇവര്‍ ഏതു നാട്ടുകാരാണെന്ന വിവരം ലഭിച്ചിട്ടില്ല.

സ്‌ഫോടനങ്ങളില്‍ 207 പേര്‍ കൊല്ലപ്പെട്ടതായി ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി തിലക് മരാപന അറിയിച്ചതായും 450 പേര്‍ക്ക് പരിക്കേറ്റതായും സുഷമ മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി.

ആകെ എട്ട് സ്ഥലങ്ങളിലാണു സ്‌ഫോടനങ്ങളുണ്ടായത്. കൊളൊബോയിലെയും ബട്ടിക്കലോവയിലെയും വിവിധ ഇടങ്ങളിലാണ് സ്ഫോടനം നടന്നിട്ടുള്ളത്.

കൊഛികഡെയിലെ സെന്റ് ആന്റണീസ് ചര്‍ച്ച്, നെഗൊമ്പോയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്, ബട്ടികാളൊ ചര്‍ച്ച് എന്നീ പള്ളികളിലും ഹോട്ടലുകള്‍ കേന്ദ്രീകരിച്ചുമാണ് സ്‌ഫോടനം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തെത്തുടര്‍ന്ന് ഗോവയിലെ ക്രിസ്ത്യന്‍ പള്ളികളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.