| Wednesday, 22nd June 2022, 10:52 pm

അയര്‍ലന്‍ഡ് പര്യടനത്തില്‍ ഇവര്‍ കളിക്കില്ല; പരമ്പരയില്‍ ബെഞ്ചില്‍ തന്നെ തുടരാന്‍ സാധ്യതയുള്ള മൂന്ന് താരങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തിന് കളമൊരുങ്ങുകയാണ്. ജൂണ്‍ 26, 28 തീയതികളിലായി രണ്ട് ടി-20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. അയര്‍ലന്‍ഡ്, ഡബ്ലിനലെ വില്ലേജ് സ്റ്റേഡിയത്തില്‍ വെച്ചാണ് രണ്ട് മത്സരങ്ങളും നടക്കുന്നത്.

ഹര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ നായകനാവുന്ന ആദ്യ പരമ്പര എന്ന പ്രത്യേകതയും അയര്‍ലന്‍ഡ് സീരീസിനുണ്ട്. ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക് അടക്കമുള്ള എക്‌സപീരിയന്‍സ്ഡ് താരങ്ങളും ഉമ്രാന്‍ മാലിക്, രാഹുല്‍ ത്രിപാഠി എന്നിവരടക്കമുള്ള യുവനിരയുമായി 17 അംഗ ടീമിനെയാണ് ബി.സി.സി.ഐ പര്യടനത്തിനായി അയക്കുന്നത്.

താരങ്ങളുടെ ബാഹുല്യം പല താരങ്ങളെയും ബെഞ്ചില്‍ തന്നെ ഇരുത്തിയേക്കാം. അത്തരത്തില്‍ പരമ്പരയിലെ രണ്ട് മത്സരത്തിലും അവസരം ലഭിക്കാന്‍ സാധ്യതയില്ലാത്ത മൂന്ന് താരങ്ങളെ പരിശോധിക്കാം.

#3 രാഹുല്‍ ത്രിപാഠി

ഇന്ത്യന്‍ ജേഴ്‌സിയില്‍ ആദ്യമായി കളിക്കാന്‍ അവസരം ലഭിച്ച രാഹുല്‍ ത്രിപാഠിയാണ് പട്ടികയിലെ ഒന്നാമന്‍. താരത്തിന്റെ ആദ്യ മത്സരം എന്ന നിലയില്‍ എക്‌സ്പീരിയന്‍സ് ഇല്ലാത്തതിനാല്‍ സീരീസില്‍ ത്രിപഠിയെ കളിപ്പിച്ചേക്കില്ല.

സാധാരണയായി ഒരു അണ്‍ക്യാപ്ഡ് താരത്തിന് ആദ്യ പര്യടനത്തില്‍ തന്നെ ടീമില്‍ ഇടം നേടാന്‍ അവസരം ലഭിക്കാറില്ല, ഇതും ത്രിപാഠിക്ക് ദോഷമായേക്കാം.

വെങ്കിടേഷ് അയ്യര്‍ മധ്യനിര കാക്കുമെന്നിരിക്കെ ത്രിപാഠിയെ പരീക്ഷിക്കാന്‍ വി.വി.എസ് ലക്ഷ്മണ്‍ മുതിരുമോ എന്ന കാര്യവും സംശയമാണ്.

#2 രവി ബിഷ്‌ണോയ്

യുവതാരം രവി ബിഷ്‌ണോയ് ആണ് പട്ടികയിലെ മറ്റൊരു താരം. അയര്‍ലന്‍ഡ് പിച്ച് സ്പിന്നിന് അനുകൂലമല്ല എന്നതാണ് ബിഷ്‌ണോയ്ക്ക് തിരിച്ചടിയാവുന്ന പ്രധാന വസ്തുത.

യുസ്വേന്ദ്ര ചഹലും ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലും ടീമിനൊപ്പമുണ്ട് എന്നാതാണ് ബിഷ്‌ണോയിയെ സംബന്ധിച്ച് അടുത്ത വെല്ലുവിളി. ഈ ലെഗ് സ്പിന്നറും ത്രിപാഠിക്കൊപ്പം ബെഞ്ചിലിരിക്കാന്‍ സാധ്യതയുണ്ട്.

#1 സഞ്ജു സാംസണ്‍

വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേഷ് കാര്‍ത്തിക്കും ഇഷാന്‍ കിഷനും ഉള്ള ടീമില്‍ മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസണും അവസരം ലഭിക്കാന്‍ സാധ്യതയില്ല. ഏറെ കാലത്തിന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയിട്ടും കളിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍.

ഓപ്പണറുടെ റോളില്‍ കളിക്കുന്ന ഇഷാന്‍ കിഷനും പരിചയ സമ്പന്നത ആവശ്യത്തിലധികമുള്ള ദിനേഷ് കാര്‍ത്തിക്കും സഞ്ജുവിനും പ്ലെയിങ് ഇലവനും ഇടയില്‍ വിലങ്ങുതടിയായേക്കും.

ഇഷാനും ഡി.കെയും കളിക്കാന്‍ സാധ്യതയുള്ളതിനാല്‍ സഞ്ജുവിനും ബെഞ്ചില്‍ തന്നെ ഇരിക്കേണ്ടി വന്നേക്കാം. എന്നാല്‍ ഫീല്‍ഡര്‍ എന്ന നിലയില്‍ മാസ്മരിക പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചിരുന്നത്. ഫീല്‍ഡറായി താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കാം എന്ന വിദൂരസാധ്യതയും തള്ളിക്കളയാനാവില്ല.

Content Highlight: 3 Indian Players Who Might Be Benched Throughout The Series Against Ireland

We use cookies to give you the best possible experience. Learn more