ഇന്ത്യന്‍ ക്രിക്കറ്റിന് പുതിയ പേസ് നല്‍കിയ കാലമാണ് രോഹിത് ശര്‍മ – രാഹുല്‍ ദ്രാവിഡ് യുഗം. വിരാട് കോഹ്‌ലി നായകസ്ഥാനം ഉപേക്ഷിച്ചതിന് ശേഷം ഓള്‍ ഫോര്‍മാറ്റ് നായകനായ രോഹിത് ശര്‍മയും രവി ശാസ്ത്രിയുടെ പിന്‍ഗാമിയായി പരിശീലകനായി ചുമതലയേറ്റ രാഹുല്‍ ദ്രാവിഡും മികച്ച വിജയങ്ങള്‍ ഇന്ത്യക്ക് സമ്മാനിച്ചു.
ഈ ജോഡി ഇന്ത്യന്‍ ക്രിക്കറ്റിന് പുതിയ ഭാവുകത്വം തന്നെ സമ്മാനിച്ചപ്പോള്‍ ഇവരുടെ മാനേജ്‌മെന്റ് ശൈലി നിരന്തര വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മോശം പ്രകടനം കാഴ്ചവെക്കുന്ന ഫേവറിറ്റുകള്‍ക്ക് നിരന്തരമായി അവസരം നല്‍കുകയും ഭാവി വാഗ്ദാനമായി വാഴ്ത്തപ്പെട്ട പല താരങ്ങളെയും തഴയുകയും ചെയ്താണ് ഇവര്‍ വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍ക്കിരയായത്.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി എന്ന് വിശേഷിപ്പിക്കപ്പെട്ട, ഒരുകാലത്ത് മികച്ച ട്രാക്ക് റെക്കോഡുകള്‍ ഉണ്ടായിരുന്ന പല താരങ്ങളെയും ഇപ്പോള് ഡൈ ഹാര്‍ട്ട് ഇന്ത്യന്‍ ആരാധകര്‍ പോലും മറന്നുതുടങ്ങിയിരിക്കുന്നു. അതിന് കാരണമാകട്ടെ ഇവരെ നിരന്തരമായി ടീമിന് പുറത്ത് നിര്‍ത്തുന്നതും.
മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും അവസരം നല്‍കാതെ തഴഞ്ഞ ഇവര്‍ പലരും ഒരുപക്ഷേ അടുത്ത് തന്നെ വിരമിക്കാന്‍ സാധ്യതയുണ്ട്. രോഹിത് – രാഹുല്‍ യുഗത്തില്‍ അവസരം ലഭിക്കാത്തതിന്റെ പേരില്‍ മാത്രം വിരമിക്കാന്‍ സാധ്യതയുള്ള മൂന്ന് താരങ്ങള്‍.
ഏറെക്കുറെ മറന്ന് തുടങ്ങിയ പേരാണ് ഈ ഇടംകയ്യന്‍ ചൈനാമാന്‍ സ്പിന്നറിന്റെത്. അവസരം ലഭിച്ച 2017-2019 കാലഘട്ടത്തില്‍ സ്ഥിരതയോടെ പന്തെറിഞ്ഞ കുല്‍ദീപിന് 2019ലെ ലോകകപ്പിന് ശേഷം സ്ഥിരമായി അവസരം ലഭിച്ചിരുന്നില്ല.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ – സൗത്ത് ആഫ്രിക്ക പരമ്പരക്ക് മുമ്പ് ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തിലാണ് താരത്തിന് സ്ഥാനം ലഭിച്ചത്. സൂപ്പര്‍ താരങ്ങള്‍ക്ക് വിശ്രമം ലഭിക്കുമ്പോള്‍ മാത്രം സെലക്ടര്‍മാര്‍ ഓര്‍ക്കുന്ന പേരായി കുല്‍ദീപ് യാദവ് മാറി.
ടി-20യില്‍ അത്യാവശ്യം മികച്ച രീതിയില്‍ പന്തെറിയുന്ന കുല്‍ദീപിനെ മറികടന്നാണ് ടി-20 ഫോര്‍മാറ്റിന് അധികം ഉപകരിക്കാത്ത അശ്വിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയത്. ഏഷ്യാ കപ്പ് സ്‌ക്വാഡിലെയും സ്ഥിതി മറ്റൊന്ന് ആയിരുന്നില്ല.
വരുണ്‍ ആരോണ്‍
ഇന്ത്യയുടെ പേസ് നിരയിലെ ഭാവി വാഗ്ദാനം എന്ന് വിശേഷിപ്പിക്കപ്പെട്ട താരമായിരുന്നു വരുണ്‍ ആരോണ്‍. എന്നാല്‍ ഏഴ് വര്‍ഷത്തിന് മുമ്പ്, 2015ല്‍ മാത്രമാണ് ആരോണിന് അവസാനമായി ഇന്ത്യയുടെ കരിനീല കുപ്പായത്തിലേക്കെത്താന്‍ സാധിച്ചത്.
പേസ് നിരയില്‍ സൂപ്പര്‍ താരങ്ങള്‍ അടക്കി ഭരിക്കുമ്പോള്‍ നിരന്തരം പരിക്കിന്റെ പിടിയിലകപ്പെടുന്ന ഈ 32കാരന് ഒരു തിരിച്ചുവരവ് എത്രത്തോളം സാധ്യമാകും എന്ന കാര്യത്തില്‍ സംശയം ബാക്കിയാണ്.
2022 ഐ.പി.എല്ലില്‍ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമായിരുന്നു വരുണ്‍ ആരോണ്‍. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും സീസണില്‍ ആകെ രണ്ട് മത്സരം മാത്രമാണ് താരത്തിന് കളിക്കാന്‍ സാധിച്ചത്.
ഇന്ത്യയുടെ പ്രധാന സ്‌ക്വാഡില്‍ നിന്നും ഒരു കാരണവും കൂടാതെ തഴയപ്പെടുത്ത താരങ്ങളില്‍ പ്രധാനിയാണ് സഞ്ജു. മികച്ച ഫോമില്‍ തുടരുമ്പോഴും, സൂപ്പര്‍ താരങ്ങളുടെ അഭാവത്തില്‍ വീണുകിട്ടുന്ന അവസരങ്ങള്‍ കൃത്യമായി വിനിയോഗിക്കുമ്പോഴും സെലക്ടര്‍മാര്‍ക്ക് സഞ്ജു ഇപ്പോഴും പടിക്ക് പുറത്താണ്.
നിലവില്‍ ഏകദിനത്തില്‍ ഏറ്റവുമധികം സ്‌ട്രൈക്ക് റേറ്റുള്ള വിക്കറ്റ് കീപ്പര്‍ ബാറ്ററായിട്ടും താരം മെയ്ന്‍ ടീമിന് പുറത്താണ്. കഴിഞ്ഞ ഐ.പി.എല്ലില്‍ 150ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റുള്ള ഏക ഇന്ത്യന്‍ ക്യാപ്ഡ് താരമായിട്ടും മെയ്ന്‍ ടീം എന്നും സഞ്ജുവിന് കിട്ടാക്കനിയായി.
ടി-20 ഫോര്‍മാറ്റില്‍ ഏറ്റവും ഇംപാക്ട് ഉണ്ടാക്കാന്‍ സാധിക്കുന്ന താരമായിട്ടും ഏഷ്യാ കപ്പിലും ടി-20 ലോകകപ്പിലും സഞ്ജുവിനെ തഴഞ്ഞു.
നിലവിലുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ഓസീസ് പിച്ചില്‍ ഏറ്റവും മികച്ച രീതിയില്‍ കളിക്കുന്ന, മികച്ച ഷോട്‌സുള്ള താരമാണ് സഞ്ജുവെന്നും അദ്ദേഹത്തെ എന്ത് വന്നാലും ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തണമെന്നും പറഞ്ഞത് മുന്‍ പരിശീലകനായ രവി ശാസ്ത്രിയായിരുന്നു. എന്നാല്‍ സ്റ്റാന്‍ഡ് ബൈ ആയിട്ട് പോലും സഞ്ജുവിനെ ഇന്ത്യ ഉള്‍പ്പെടുത്തിയിരുന്നില്ല.