|

2023 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കാന്‍ പോകുന്ന 'ഇന്ത്യന്‍' താരങ്ങള്‍; പ്രധാനികള്‍ ഇവര്‍

സ്പോര്‍ട്സ് ഡെസ്‌ക്

2023 ലോകകപ്പിനുള്ള കൗണ്ട് ഡൗണ്‍ തുടങ്ങിയിരിക്കുകയാണ്. 12 വര്‍ഷത്തിന് ശേഷം സ്വന്തം മണ്ണിലേക്ക് ലോകകപ്പ് മത്സരം എത്തിയതിന്റെ ആവേശത്തിലാണ് ഇന്ത്യന്‍ ആരാധകരൊന്നാകെ. 2011ല്‍ കിരീടം നേടിയ ഇന്ത്യ സ്വന്തം മണ്ണില്‍ ആ നേട്ടം ആവര്‍ത്തിക്കാനാണ് ഒരുങ്ങുന്നത്.

2011ന് ശേഷം ലോകകപ്പിന് ആതിഥേയത്വം വഹിച്ച ടീമുകളാണ് ലോകകപ്പുയര്‍ത്തിയതെന്ന ലക്ക് ഫാക്ടറിലും ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്. 2013ലെ ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന് ശേഷം ഒരു കിരീടമില്ലാതെ പത്ത് വര്‍ഷത്തിലൂടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് കടന്നുപോയത്. ഇതിന് അറുതി വരുത്താനും ഇന്ത്യന്‍ ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്.

ഇന്ത്യന്‍ ടീമിനൊപ്പം തന്നെ മറ്റ് ടീമുകളിലെ താരങ്ങളെയും വിലയിരുത്തി ആരാധകര്‍ കണക്കുകൂട്ടലുകള്‍ തുടങ്ങിയിരിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ ഒമ്പത് മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ഈ 9 ടീമുകളിലെ മൂന്ന് താരങ്ങള്‍ ഒരര്‍ത്ഥത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ തന്നെയാണ്. ജനിച്ചത് ഇന്ത്യയിലാണെങ്കിലും ഇവര്‍ മറ്റ് ടീമുകള്‍ക്കായാണ് തിളങ്ങാന്‍ ഒരുങ്ങുന്നത്.

ലോകകപ്പിനുള്ള സ്‌ക്വാഡ് ഇതുവരെ ഒരു ടീമും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇന്ത്യക്കെതിരെ കളിക്കാന്‍ സാധ്യതയുള്ള ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

1. വിക്രംജിത് സിങ് – നെതര്‍ലന്‍ഡ്‌സ്

2011ന് ശേഷം ഡച്ച് പട ഇതാദ്യമായാണ് ലോകകപ്പിന് യോഗ്യത നേടുന്നത്. അന്ന് നെതര്‍ലന്‍ഡ്‌സ് ലോകകപ്പ് കളിക്കാനിറങ്ങിയപ്പോഴുള്ള എട്ട് വയസുകാരന്‍ പയ്യന്‍ ഇന്ന് ടീമിന്റെ ഓപ്പണിങ് ബാറ്ററാണ്.

പഞ്ചാബിലെ ചീമ കുര്‍ദില്‍ ജനിച്ച വിക്രംജിത് സിങ് നെതര്‍ലന്‍ഡ്‌സിനായി കളിച്ച 24 ഏകദിനത്തില്‍ നിന്നുമായി 795 റണ്‍സ് നേടിയിട്ടുണ്ട്.

2. തേജ നിദാമനുരു – നെതര്‍ലന്‍ഡ്‌സ്

ഇന്ത്യയില്‍ ജനിച്ച മറ്റൊരു ഡച്ച് സൂപ്പര്‍ താരമാണ് തേജ നിദാമനുരു. ആന്ധ്രയിലെ വിജയവാഡയില്‍ ജനിച്ച ഈ 28കാരന്‍ നെതര്‍ലന്‍ഡ്‌സ് ടീമിലെ നിര്‍ണായക ഘടകമാണ്. ബാറ്റിങ്ങിന് പുറമെ ബൗളിങ്ങിലും കരുത്ത് കാട്ടിയ തേജ ലോകകപ്പിലും തിളങ്ങാനൊരുങ്ങുകയാണ്.

നടന്നുകൊണ്ടിരിക്കുന്ന ഐ.സി.സി വേള്‍ഡ് കപ്പ് ക്വാളിഫയറില്‍ സെഞ്ച്വറി നേടിക്കൊണ്ടായിരുന്നു തേജ നിദാമനുരു തലക്കെട്ടുകളില്‍ ഇടം നേടിയത്. വിന്‍ഡീസിനെതിരായ മത്സരത്തില്‍ 111 റണ്‍സാണ് താരം നേടിയത്.

3. ഇഷ് സോധി – ന്യൂസിലാന്‍ഡ്

ഇന്ത്യന്‍ ആരാധകര്‍ക്ക് സുപരിചിതമായ താരമാണ് കിവീസിന്റെ ഇഷ് സോധി. 2016, 2019 ടി-20 ലോകകപ്പുകളില്‍ ഇന്ത്യയെ വെള്ളം കുടിപ്പിച്ച സോധി ന്യൂസിലാന്‍ഡിന്റെ പല നിര്‍ണായക വിജയങ്ങളിലും പങ്കാളിയായിട്ടുണ്ട്.

2019 ടി-20 വേള്‍ഡ് കപ്പില്‍ ന്യൂസിലാന്‍ഡ് ഇന്ത്യയെ എട്ട് വിക്കറ്റും 33 പന്തും ബാക്കി നില്‍ക്കെ പരാജയപ്പെടുത്തിയപ്പോള്‍ നാല് ഓവറില്‍ 17 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തുകയും കളിയിലെ താരമായതും സോധിയായിരുന്നു.

2016 ലോകകപ്പിലാകട്ടെ നാല് ഓവറില്‍ 18 റണ്‍സിന് മൂന്ന് വിക്കറ്റാണ് സോധി വീഴ്ത്തിയത്. ഇന്ത്യ 79 റണ്‍സിന് ഓള്‍ ഔട്ടായ മത്സരത്തില്‍ വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍ എന്നിവരെയാണ് സോധി മടക്കിയത്.

പഞ്ചാബിലെ ലുധിയാനയില്‍ ജനിച്ച സോധി, ജന്മസ്ഥലത്ത് നിന്നും 200 കിലോമീറ്റര്‍ മാത്രം അകലെയുള്ള ധര്‍മശാലയിലാണ് ലോകകപ്പില്‍ ഇന്ത്യയെ നേരിടുന്നത്.

content highlight:  3 India-born players who might play against India in 2023 World Cup

Latest Stories