ഹരിയാനയില്‍ ബി.ജെ.പി സര്‍ക്കാരിന് വൻ തിരിച്ചടി; മൂന്ന് എം.എല്‍.എമാര്‍ പിന്തുണ പിന്‍വലിച്ചു; കേവല ഭൂരിപക്ഷം നഷ്ടമായി
national news
ഹരിയാനയില്‍ ബി.ജെ.പി സര്‍ക്കാരിന് വൻ തിരിച്ചടി; മൂന്ന് എം.എല്‍.എമാര്‍ പിന്തുണ പിന്‍വലിച്ചു; കേവല ഭൂരിപക്ഷം നഷ്ടമായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th May 2024, 7:09 pm

ചണ്ഡീഗഢ്: ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി മൂന്ന് എം.എല്‍.എമാര്‍ പിന്തുണ പിന്‍വലിച്ചു. സ്വതന്ത്ര എം.എല്‍.എമാരാണ് പിന്തുണ പിന്‍വലിച്ചത്. ഇതോടെ 90 അംഗ നിയമസഭയില്‍ സര്‍ക്കാരിനുള്ള കേവല ഭൂരിപക്ഷം നഷ്ടമായി.

നിയമസഭയില്‍ ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ 42 ആയി കുറഞ്ഞു. 34 എം.എല്‍.എമാരാണ് സഭയില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുന്നത്. ബി.ജെ.പി സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ദാദ്രിയിൽ നിന്നുള്ള എം.എൽ.എ സോംബിർ സാംഗ്വാൻ, നിലോഖേരിയിൽ നിന്നുള്ള എം.എൽ.എ ധരംപാൽ ഗോന്ദർ, പുന്ദ്രിയിൽ നിന്നുള്ള എം.എൽ.എ രൺധീർ ഗോലൻ എന്നിവരാണ് മുഖ്യമന്ത്രി നയാബ് സൈനിക്കുള്ള പിന്തുണ പിൻവലിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇവർ കോൺ​ഗ്രസിനെ പിന്തുണക്കുമെന്നാണ് വിവരം.

ഹരിയാന മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിങിന്റെ സാന്നിധ്യത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ എം.എല്‍.എമാര്‍ ഇത് സ്ഥിരീകരിച്ചു. കര്‍ഷക വിഷയം ഉള്‍പ്പടെ വിവധ കാരണങ്ങള്‍ കൊണ്ടാണ് ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: 3 Independent MLAs withdraw support to Nayab Saini govt in Haryana