| Tuesday, 12th November 2019, 9:48 am

'നീ ഞങ്ങള്‍ക്കു തുല്യനല്ല'; ജാതിവിവേചനത്തിനെതിരെ നടത്തിയ റാലിക്കിടെ ദളിത് യുവാവിനെ ആക്രമിച്ചവര്‍ അറസ്റ്റില്‍; ജാത്യധിക്ഷേപം ഉണ്ടായെന്നും പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: ജാതിവിവേചനം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി മധ്യപ്രദേശില്‍ നടത്തിയ റാലിയില്‍ പങ്കെടുത്തതിന്റെ പേരില്‍ ദളിത് യുവാവിനെ ആക്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. രജപുത്ര വിഭാഗത്തില്‍പ്പെട്ടവരാണ് അറസ്റ്റിലായത്.

നവംബര്‍ മൂന്നിനു നടത്തിയ റാലിക്കിടെയാണ് ആക്രമണമുണ്ടായത്. ഒരാളെ നേരത്തേതന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇനിയും ഒരാള്‍ ഒളിവിലുണ്ടെന്നും ഇയാളെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് 5,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചതായും ജില്ലാ പൊലീസ് സുപ്രണ്ട് രാകേഷ് കുമാര്‍ സാഗര്‍ അറിയിച്ചു.

ദളിത് സ്വാഭിമാന്‍ റാലിയില്‍ പങ്കെടുത്ത രാഹുല്‍ മേഘ്‌വാള്‍ എന്ന യുവാവാണ് ആക്രമിക്കപ്പെട്ടത്. എന്നാല്‍ രാഹുല്‍ ഏഴാം തീയതിയാണു പരാതിയുമായി പൊലീസിനെ ആക്രമിച്ചത്. പരാതി നല്‍കിയാല്‍ തന്നെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും അതിനാലാണു പരാതി നല്‍കാന്‍ വൈകിയതെന്നും രാഹുല്‍ ‘ദ ഹിന്ദു’വിനോടു പറഞ്ഞു.

നീമുച്ചിലെ രതാഡിയ ഗ്രാമവാസിയാണ് രാഹുല്‍. നാലുപേരാണു തന്നെ ആക്രമിച്ചതെന്നും അവര്‍ തന്റെ സുഹൃത്തുക്കളാണെന്നും രാഹുല്‍ വെളിപ്പെടുത്തി. ലാത്തി ഉപയോഗിച്ചാണ് അവര്‍ ആക്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാഹുലിന്റെ അച്ഛനെയും അക്രമികള്‍ ഭീഷണിപ്പെടുത്തിയെന്നു പരാതിയില്‍ പറയുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

23-കാരനായ രാഹുല്‍ മാല്‍വ 24 ന്യൂസ് എന്ന ഒരു വാര്‍ത്താ പോര്‍ട്ടല്‍ നടത്തുന്നുണ്ട്. തനിക്കെതിരെ ജാത്യധിക്ഷേപം ഉണ്ടായെന്നും രാഹുല്‍ പറഞ്ഞു. ‘നീയെന്തിനാണ് ഒരുപാട് റാലികളില്‍ പങ്കെടുക്കുന്നത്, നീ ഞങ്ങള്‍ക്കു തുല്യനല്ല, ഞങ്ങളുടെ പിടിപാടിനെക്കുറിച്ച് നിനക്കറിയില്ല’ തുടങ്ങിയ കാര്യങ്ങളാണ് അവര്‍ പറഞ്ഞതെന്ന് രാഹുല്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more