പനജി: ഗോവയില്‍ കോണ്‍ഗ്രസില്‍ നിന്ന് ഭരണകക്ഷിയായ ബി.ജെ.പിയിലെത്തിയ 10 എം.എല്‍.എമാരില്‍ മൂന്നുപേര്‍ക്ക് മന്ത്രിപദവി. മുന്‍ പ്രതിപക്ഷ നേതാവായ ചന്ദ്രകാന്ത് കാവ്‌ലേക്കര്‍ക്ക് ഉപമുഖ്യമന്ത്രിപദവി നല്‍കിയതാണ് സുപ്രധാന മാറ്റം.
ഡെപ്യൂട്ടി സ്പീക്കറും ബി.ജെ.പി നേതാവുമായ മൈക്കല്‍ ലോബോയ്ക്കും മന്ത്രിപദവി നല്‍കാന്‍ തീരുമാനമായി. നേരത്തേ ഉപമുഖ്യമന്ത്രി പദവിയടക്കം കൈവശമുണ്ടായിരുന്ന സഖ്യകക്ഷിയായ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ നേതാക്കളോട് മന്ത്രിസഭയില്‍ നിന്നു രാജിവെയ്ക്കാന്‍ ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.
ജെന്നിഫര്‍ മോണ്‍സെറേറ്റ്, ഫിലിപ്പ് നെരി റോഡ്രിഗസ് എന്നീ മുന്‍ കോണ്‍ഗ്രസ് എം.എല്‍.എമാരാണ് കാവ്‌ലേക്കര്‍ക്കൊപ്പം മന്ത്രിമാരാകുന്നതെന്ന് ലോബോ എന്‍.ഡി.ടി.വിയോട് പറഞ്ഞു.
ഗോവ ഫോര്‍വേഡ് പാര്‍ട്ടിക്കു പുറമേ സ്വതന്ത്രന്‍ രോഹന്‍ ഖോണ്ടെയോടും മന്ത്രിസഭയില്‍ നിന്നു രാജിവെയ്ക്കാന്‍ പറഞ്ഞിരുന്നു. ഉപമുഖ്യമന്ത്രി വിജയ് സര്‍ദേശായ്, വിനോദ് പാലിയെങ്കര്‍, ജയേഷ് സാല്‍ഗോക്കര്‍ എന്നിവരാണ് ഗോവ ഫോര്‍വേഡ് പാര്‍ട്ടിയില്‍ നിന്നു മന്ത്രിസഭയിലുണ്ടായിരുന്നവര്‍. എന്നാല്‍ അവര്‍ രാജിവെയ്ക്കാന്‍ വിസ്സമതിച്ചിരുന്നു. ആവശ്യമെങ്കില്‍ മുഖ്യമന്ത്രി തങ്ങളെ പുറത്താക്കട്ടെയെന്നായിരുന്നു അവരുടെ നിലപാട്.