ബി.ടി.എസിനെ കാണണം; കിഡ്നാപ്പിങ് ഡ്രാമക്ക് പിന്നാലെ പൂനെയിലേക്ക് ഒളിച്ചോടി പെൺകുട്ടികൾ
national news
ബി.ടി.എസിനെ കാണണം; കിഡ്നാപ്പിങ് ഡ്രാമക്ക് പിന്നാലെ പൂനെയിലേക്ക് ഒളിച്ചോടി പെൺകുട്ടികൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 31st December 2024, 8:07 am

പൂനെ: ഇഷ്ട കെ-പോപ്പ് ബാൻഡായ ബി.ടി.എസിനെ കാണാനായി പൂനെയിലേക്ക് ഒളിച്ചോടി പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ. പൂനെയിൽ പോയി പണം സമ്പാദിച്ച് ബി.ടി.എസിനെ കാണാനായി സൗത്ത് കൊറിയയിലേക്ക് പോകാനായിരുന്നു പെൺകുട്ടികളുടെ തീരുമാനം. അതിനായി സിനിമയെ വെല്ലുന്ന കഥയാണ് പെൺകുട്ടികൾ തയാറാക്കിയത്.

തങ്ങൾ കിഡ്നാപ്പ് ചെയ്യപ്പെട്ടെന്ന് കുടുംബത്തെ വിശ്വസിപ്പിച്ചായിരുന്നു പെൺകുട്ടികളുടെ ഒളിച്ചോടൽ. ധാരാശിവ് ജില്ലയിൽ നിന്നുള്ള 11 വയസും 13 വയസും പ്രായമുള്ള പെൺകുട്ടികൾ ദക്ഷിണ കൊറിയയിലേക്ക് പോകാൻ പദ്ധതിയിടുകയായിരുന്നു. നിലവിൽ സൈനിക സേവനം ചെയ്തുകൊണ്ടിരിക്കുന്ന തങ്ങളുടെ പ്രിയപ്പെട്ട കെ-പോപ്പ് ബാൻഡ് അംഗങ്ങളെ കാണാൻ പണം സമ്പാദിക്കാൻ പൂനെയിലേക്ക് പോകാനായിരുന്നു പെൺകുട്ടികളുടെ പദ്ധതി.

ഡിസംബർ 27ന്, ഒമേർഗ താലൂക്കിൽ നിന്ന് മൂന്ന് പെൺകുട്ടികളെ ആരോ സ്‌കൂൾ വാനിൽ ബലമായി കൊണ്ടുപോയെന്ന് അവകാശപ്പെട്ട് പെൺകുട്ടികളിൽ ഒരാളിൽ നിന്ന് ധാരാശിവ് പൊലീസിന് അവരുടെ ഹെൽപ്പ് ലൈൻ നമ്പറിലേക്ക് കോൾ ലഭിച്ചതായി പൊലീസ് പറഞ്ഞു.

ഒമേർഗയിൽ നിന്ന് പൂനെയിലേക്ക് പോവുകയായിരുന്ന സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസിൽ യാത്ര ചെയ്യുകയായിരുന്ന ഒരു സ്ത്രീയുടേതാണ് നമ്പർ എന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ബസ് സംസ്ഥാനത്തെ സോലാപൂർ ജില്ലയിലെ മൊഹോൾ മേഖലയിലൂടെ കടന്നുപോകുന്നതിനിടെയാണ് തങ്ങൾ ബസ് ട്രാക്ക് ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

തുടർന്ന് മൊഹോൾ ബസ് സ്റ്റാൻഡിൽ കട നടത്തുന്ന ഒരു സ്ത്രീയുമായും മൊഹോളിലെ തങ്ങളുടെ സഹപ്രവർത്തകരുമായും ഒമർഗ പൊലീസ് ബന്ധപ്പെട്ടു. അവിടുന്ന് സ്റ്റാന്റിൽ കട നടത്തുന്ന യുവതിയുടെ സഹായത്തോടെ മൂന്ന് പെൺകുട്ടികളെയും ബസിൽ നിന്ന് ഇറക്കി ലോക്കൽ പൊലീസ് സ്റ്റേഷനിലെത്തിച്ചു.

ഒമേർഗ പൊലീസ് സംഘവും പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മാതാപിതാക്കളും പിന്നീട് അവിടെ എത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

പൂനെയിൽ പോയി അവിടെ ജോലി ചെയ്യാനും ദക്ഷിണ കൊറിയയിലേക്ക് പോകാനും ബി.ടി.എസ് പോപ്പ് ബാൻഡിലെ തങ്ങളുടെ പ്രിയപ്പെട്ട അംഗങ്ങളെ കാണാൻ ആവശ്യമായ പണം സമ്പാദിക്കാനുമാണ് ഇത്തരമൊരു നാടകം നടത്തിയതെന്ന് കുട്ടികൾ പറഞ്ഞു.

 

Content Highlight: 3 girls stage kidnapping to fulfil dream of meeting BTS members