ന്യൂദൽഹി: ഇന്ത്യയിൽ ഓരോ മിനുട്ടിലും മൂന്ന് പെൺകുട്ടികൾ വീതം ശൈശവ വിവാഹത്തിന് നിർബന്ധിതയാകുന്നുവെന്ന് റിപ്പോർട്ടുകൾ. ചൈൽഡ് മാരേജ് ഫ്രീ ഇന്ത്യയുടെ ഭാഗമായ ഇന്ത്യ ചൈൽഡ് പ്രൊട്ടക്ഷൻ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണക്കുകൾ ഉള്ളത്.
2011 ലെ സെൻസസ്, നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ, നാഷണൽ ഫാമിലി ഹെൽത്ത് സർവെ-5 (2019 -21 ) എന്നീ ഡാറ്റകൾ വിശകലനം ചെയ്തു കൊണ്ടുള്ളതാണ് റിപ്പോർട്ട്.
ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ പ്രകാരം 2018-2022 വരെയുള്ള അഞ്ച് വർഷത്തിനിടെ രജിസ്റ്റർ ചെയ്‌ത ശൈശവ വിവാഹ കേസുകളുടെ എണ്ണം 3863 ആണ്.
എന്നാൽ 2011 ലെ ഇന്ത്യൻ സെൻസസ് കണക്കുകൾ സൂചിപ്പിക്കുന്നത് രാജ്യത്ത് ഓരോ വർഷവും ഏകദേശം 16,21,257 ശൈശവ വിവാഹങ്ങൾ നടക്കുന്നുണ്ട് എന്നാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സെൻസസ് കണക്കുകൾ പ്രകാരം, ഓരോ വർഷവും 16 ലക്ഷം ശൈശവ വിവാഹങ്ങൾ നടക്കുന്നുണ്ട്.
നാഷണൽ ഫാമിലി ഹെൽത്ത് സർവേ പ്രകാരം അസമിൽ 20-24 പ്രായപരിധിയിലുള്ള 23.3% സ്ത്രീകളും 18 വയസ്സിന് മുമ്പ് വിവാഹിതരാകുന്നു എന്നാണ്.
2021-22 നും 2023-24 നും ഇടയിൽ സംസ്ഥാനത്തെ 20 ജില്ലകളിലെ 1,132 ഗ്രാമങ്ങളിയായി ശൈശവ വിവാഹങ്ങളിൽ 81 % കുറവുണ്ടായതായി റിപ്പോർട്ട് പറയുന്നുണ്ട്. എന്നാൽ കഴിഞ്ഞ വർഷം ശൈശവവിവാഹത്തിന്റെ പരിധിയിൽ പെടുന്ന 3000ത്തിലധികം അറസ്റ്റുകൾ നടന്നിട്ടുണ്ട്.
അസമിലെ കേസുകളെ ഉദാഹരണമായി എടുത്തു കൊണ്ട്, രാജ്യത്തിന്റെ പല ഭാഗങ്ങളിലും ശൈശവ വിവാഹം നടക്കുന്നതിന്റെ പ്രധാന കാരണമായി റിപ്പോർട്ട് ചൂണ്ടികാണിക്കുന്നത് കുറഞ്ഞ ശിക്ഷ നടപടികളാണ്. ശിക്ഷയിൽ ഉള്ള കുറവും നീണ്ടുപോകുന്ന വിചാരണ നടപടികളും ആളുകളെ ഇത്തരത്തിലേക്കുള്ള വിവാഹത്തിലേക്ക് പോകാൻ പ്രേരിപ്പിക്കുന്നു.
2022ൽ ശൈശവ വിവാഹ നിരോധന നിയമപ്രകാരം കോടതികളിൽ വിചാരണക്കായി ലിസ്റ്റ് ചെയ്‌ത അകെ 3563 കേസുകളിൽ 181 കേസുകൾ വിചാരണ പൂർത്തിയാക്കി തീർപ്പാക്കിയതായും റിപ്പോർട്ട് പറയുന്നു. 92 % കേസുകൾ കെട്ടികിടക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
പ്രായമായ പുരുഷന്മാർ അവരുടെ അധികാരസ്ഥാനം ഉപയോഗിച്ച് കൊണ്ട് പെൺകുട്ടികളുടെ ദുർബലത ചൂഷണം ചെയ്യുകയാണ് ശൈശവ വിവാഹത്തിലൂടെയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Content Highlight: 3 girls are forced into child marriage per minute in india