ഐ.പി.എല്ലിനെ വെട്ടാന്‍ മൂന്ന് പേര്‍, മുന്‍പന്തിയില്‍ പാകിസ്ഥാന്‍; ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് നെഞ്ചിടിപ്പേറുന്നു
Sports News
ഐ.പി.എല്ലിനെ വെട്ടാന്‍ മൂന്ന് പേര്‍, മുന്‍പന്തിയില്‍ പാകിസ്ഥാന്‍; ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് നെഞ്ചിടിപ്പേറുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 21st March 2023, 7:11 pm

ഫ്രാഞ്ചൈസി ക്രിക്കറ്റിനെ ഡിഫൈന്‍ ചെയ്യുന്ന തരത്തിലായിരുന്നു ഐ.പി.എല്‍ എന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ വളര്‍ച്ച. മത്സരങ്ങളുടെ ക്വാളിറ്റി കൊണ്ടും ടൂര്‍ണമെന്റില്‍ കളിക്കാനെത്തിയ വമ്പന്‍ താരനിര കൊണ്ടും ഉദ്ഘാടന സീസണ്‍ മുതല്‍ തന്നെ ഐ.പി.എല്‍ ചര്‍ച്ചയായിരുന്നു.

ഒരു ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗ് എന്ന നിലയില്‍ ആരംഭിച്ച് ഇപ്പോള്‍ ഐ.സി.സിയുടെ ക്രിക്കറ്റ് കലണ്ടറിനെ പോലും സ്വാധീനിക്കാന്‍ പോന്ന തലത്തിലേക്ക് ഐ.പി.എല്‍ വളര്‍ന്നിരിക്കുകയാണ്. ഐ.പി.എല്ലിന് മുമ്പും ശേഷവും നിരവധി ഫ്രാഞ്ചൈസി ലീഗുകള്‍ വന്നെങ്കിലും ഒന്നും ഐ.പി.എല്ലിനോളം ജനസ്വീകാര്യത നേടിയില്ല.

എന്നാല്‍ പുതിയ ടൂര്‍ണമെന്റുകളുടെ ആവിര്‍ഭാവം ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗില്‍ ഐ.പി.എല്ലിന്റെ മോണോപൊളിക്ക് തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്. ഇക്കൂട്ടത്തില്‍ ഏറെ വെല്ലുവിളിയുയര്‍ത്തുന്നത് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് എന്ന പി.എസ്.എല്‍ തന്നെയാണ്. ഐ.പി.എല്ലിന്റെ സിംഹാസനത്തിലേക്ക് പി.എസ്.എല്‍ അതിവേഗം ഓടിയെത്തുകയാണ്.

പോപ്പുലാരിറ്റിയില്‍ അതിവേഗം മുന്നേറുന്ന ഫ്രാഞ്ചൈസി ലീഗുകളെ പരിശോധിക്കാം.

 

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പി.എസ്.എല്‍)

കുട്ടി ക്രിക്കറ്റിന്റെ സകല ആവേശവും ഉള്‍ക്കൊള്ളുന്നതായിരുന്നു പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ ഈ സീസണ്‍. നിരവധി 200+ റണ്‍സുകളും ലാസ്റ്റ് ബോള്‍ ത്രില്ലറുകളുമായി പി.എസ്.എല്‍ ക്രിക്കറ്റ് ആരാധകരെ ഹരം കൊള്ളിച്ചിരുന്നു.

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ ഐ.പി.എല്ലിനേക്കാള്‍ കാഴ്ചക്കാര്‍ തങ്ങള്‍ക്കുണ്ടെന്ന പാക് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ നജാം സേഥിയുടെ പ്രസ്താവനയും ഇതോടൊപ്പം ചേര്‍ത്തുവെക്കാന്‍ സാധിക്കുന്നതാണ്.

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ പി.എസ്.എല്‍ 150 മില്യണിലധികം ആളുകള്‍ കാണുന്നുണ്ടെന്നാണ് സേഥി അവകാശപ്പെടുന്നത്. ഐ.പി.എല്ലിനുള്ളത് 130 മില്യണ്‍ കാഴ്ചക്കാരാണെന്നും സേഥി പറയുന്നു.

പാകിസ്ഥാന്‍ താരങ്ങളൊന്നും ഐ.പി.എല്‍ കളിക്കുന്നില്ലെങ്കിലും ഇന്ത്യയിലെ പാക് താരങ്ങളുടെ ആരാധകര്‍ പി.എസ്.എല്‍ ഫോളോ ചെയ്യുന്നവരാണ്. പി.എസ്.എല്ലിന്റെ പല വീഡിയോകളും ഇവിടെ വൈറലാകുന്നുമുണ്ട്. പോപ്പുലാരിറ്റിയുടെ കാര്യത്തില്‍ ഐ.പി.എല്ലിന് ഒപ്പമെത്താനുള്ള ഓട്ടത്തിലാണ് നിലവില്‍ പി.എസ്.എല്‍ എങ്കിലും ഭാവിയില്‍ ഐ.പി.എല്ലിനെ മറികടന്നേക്കാമെന്നും ചില കോണുകളില്‍ നിന്നും അഭിപ്രായമുയരുന്നുണ്ട്.

ദി ഹണ്‍ഡ്രഡ്

ടി-20 ഫോര്‍മാറ്റില്‍ വിവിധ മാറ്റങ്ങളുമായാണ് ദി ഹണ്‍ഡ്രഡ് രംഗപ്രവേശം ചെയ്തത്. അഞ്ച് പന്തുകളുള്ള 20 ഓവര്‍, അഥവാ 100 പന്തുകള്‍ മാത്രമാണ് ഒരു ഇന്നിങ്‌സില്‍ എറിയുന്നത് എന്നതാണ് ഇംഗ്ലണ്ടിലെ ഈ ലീഗിനെ മറ്റുള്ള ഫ്രാഞ്ചൈസി ലീഗില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.

കഴിഞ്ഞ വര്‍ഷം മുതല്‍ കളിച്ചു തുടങ്ങിയ ഈ ലീഗ് ഇത്തരത്തിലെ നിയമങ്ങള്‍ കാരണം ഇന്‍സ്റ്റന്റ് അട്രാക്ഷനായി മാറിയിരുന്നു.

 

ക്രിക്കറ്റ് പിറവിയെടുത്ത ഇംഗ്ലണ്ടില്‍ നിന്നും പിറവിയെടുത്ത പുതിയ ഫ്രാഞ്ചൈസി ലീഗിനെ ആരാധകര്‍ ഇരുകയ്യും നീട്ടി ഏറ്റെടുത്തിരിക്കുകയാണ്. ഷോര്‍ട്ടര്‍ ഫോര്‍മാറ്റിനെ ഒന്നുകൂടി ഷോര്‍ട്ടാക്കിയ ദി ഹണ്‍ഡ്രഡിന്റെ രണ്ടാം സീസണായിട്ടാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

എസ്.എ 20

ഐ.പി.എല്ലിന്റെ സൗത്ത് ആഫ്രിക്കന്‍ കൗണ്ടര്‍പാര്‍ട്ടായ എസ്.എ 20യാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ എതിരാളി. സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റിന്റെ വശ്യതയാണ് ഈ ലീഗിനെ ഫാന്‍ ഫേവറിറ്റാക്കുന്നത്.

 

ഐ.പി.എല്‍ ഫ്രാഞ്ചൈസികള്‍ തന്നെയാണ് എസ്.എ20യുടെയും ഉടമസ്ഥര്‍ എന്നതുതന്നെയാണ് ഇന്ത്യയിലടക്കം ഈ ലീഗിന് ആരാധകരേറാന്‍ കാരണം. ആദ്യ സീസണില്‍ തന്നെ ആരാധകരുടെ ഭാഗത്ത് നിന്നും മികച്ച പിന്തുണ ലഭിച്ച എസ്.എ 20യുടെ പുതിയ സീസണിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം.

 

Content Highlight:  3 Foreign Franchise Leagues Which Have The Potential To Overtake IPL