| Tuesday, 25th July 2023, 9:55 am

തിരുവനന്തപുരത്ത് വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു; മൂന്ന് തൊഴിലാളികള്‍ ആശുപത്രിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കഠിനകുളം മരിയനാട് മത്സബന്ധന വള്ളം തിരയില്‍പ്പെട്ട് മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. ശക്തമായ തിരവന്നതോടെ വള്ളം തല കീഴായി മറിയുകയായിരുന്നു.

മരയനാട് സ്വദേശിയായ മൗലിയ എന്നയാളുടെ വള്ളമാണ് അപകടത്തില്‍പ്പെട്ടത്. എട്ട് പേര്‍ വള്ളത്തില്‍ ഉണ്ടായിരുന്നു. പരിക്കേറ്റ മൂന്ന് പേരില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വള്ളം മറിഞ്ഞപ്പോള്‍ തലക്ക് പിരിക്കേല്‍ക്കുകയായിരുന്നു.

സമീപത്തെ സ്വകാര്യ ആശുപത്രിയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചത്. കൂടുതല്‍ ചികിത്സാവശ്യാര്‍ത്ഥം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ഇവരെ മാറ്റും എന്നും റിപ്പോര്‍ട്ടുണ്ട്.

മുതലപ്പൊഴി, മരിയനാട് തുടങ്ങിയ തിരുവനന്തപുരത്തിന്റെ തീരദേശപ്രദേശത്ത് മത്സ്യബന്ധന ബോട്ടുകള്‍ അപകടത്തില്‍ പെടുന്നത് പതിവാണ്. കഴിഞ്ഞ ആഴ്ച മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളികള്‍ മരിച്ചതിന് പിന്നാലെ സംഭവ സ്ഥലം സന്ദര്‍ശിക്കാനെത്തിയ മന്ത്രിമാരെ നാട്ടുകര്‍ ചേര്‍ന്ന് തടഞ്ഞിരുന്നു. തുടര്‍ച്ചയായി ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

Content Highlight:  3 fishermen injured as Marinadu fishing boat capsizes

We use cookies to give you the best possible experience. Learn more