ന്യൂദല്‍ഹി: വിശാഖപട്ടണത്ത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് ആരംഭിക്കാന്‍ ഒന്നരമണിക്കൂറില്‍ താഴെ സമയം മാത്രം അവശേഷിക്കുമ്പോഴും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും യുവതാരവുമായ ഋഷഭ് പന്തിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ടാണു ചര്‍ച്ചകളത്രയും തുടരുന്നത്. പന്തിനെ ഒഴിവാക്കി പകരം വൃദ്ധിമാന്‍ സാഹയെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചത്.
ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ പര്യടനങ്ങളില്‍ ഇന്ത്യക്കായി വിക്കറ്റ് കാത്ത പന്ത്, നേരത്തേ പരിക്കേറ്റ സാഹയ്ക്കു പകരമാണ് ടീമിലെത്തിയത്. ഇംഗ്ലണ്ടിനെതിരെ തന്റെ കന്നി സെഞ്ചുറി നേടി പന്ത് ആ തീരുമാനത്തെ ന്യായീകരിക്കുന്ന പ്രകടനവും കാഴ്ചവെച്ചു. ഓസീസ് പര്യടനത്തിലും പന്ത് സെഞ്ചുറി നേടി.
എന്നാല്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാവാതെ പന്ത് കഷ്ടപ്പെട്ടു. സ്ഥിരതയില്ലായ്മയാണ് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളെന്നാണ് അദ്ദേഹത്തെക്കുറിച്ചുള്ള പ്രധാന വിലയിരുത്തല്‍.
പന്തിനെ ടീമില്‍ ഉള്‍പ്പെടുത്താതിരിക്കാനുള്ള മൂന്നു കാരണങ്ങളായി വിലയിരുത്തപ്പെടുന്നത് ഇതൊക്കെയാണ്:
1) മോശം ഫോം, മോശം ഷോട്ട് സെലക്ഷന്‍
വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരങ്ങളില്‍ 58 റണ്‍സ് മാത്രമാണ് പന്തെടുത്തത്. അവര്‍ക്കെതിരായ ഏകദിന, ട്വന്റി20 പരമ്പരകളില്‍ ഒരു അര്‍ധസെഞ്ചുറി മാത്രമാണ് എടുത്തുപറയാനുള്ളത്. അതും അവസാന ട്വന്റി20 മത്സരത്തില്‍.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇക്കഴിഞ്ഞ ട്വന്റി20 മത്സരങ്ങളും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. 4, 19 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍.
മാത്രമല്ല, പന്ത് മോശം ഷോട്ട് കളിച്ചാണ് നിര്‍ണ്ണായക സമയത്തു പോലും വിക്കറ്റ് വലിച്ചെറിയുന്നതെന്ന് സീനിയര്‍ താരങ്ങള്‍ വരെ ആരോപിച്ചുകഴിഞ്ഞു.
2) സാഹയുടെ ഫോം വീണ്ടെടുക്കല്‍
യുവതാരം പന്ത് ഫോം കണ്ടെത്താനാകാതെ ബുദ്ധിമുട്ടുന്ന സമയത്ത് സാഹയെന്ന 34-കാരന്‍ ഫോമിലേക്കു തിരിച്ചെത്തിയിരുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായാണ് പരിക്കേല്‍ക്കുന്നതിനു മുന്‍പു സാഹ കളിച്ചത്. അതില്‍ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. കേപ്ടൗണില്‍ നടന്ന മത്സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ പൂജ്യത്തിനാണു പുറത്തായതെങ്കില്‍ രണ്ടാം ഇന്നിങ്‌സില്‍ എട്ട് റണ്‍സിന് പുറത്തായി.
32 ടെസ്റ്റ് കളിച്ച സാഹയ്ക്ക് 30.63 ആണ് ശരാശരി. എന്നാല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് സാഹയിപ്പോള്‍ നടത്തുന്നത്.
വെസ്റ്റ് ഇന്‍ഡീസ് എ ടീമിനെതിരെ ഇന്ത്യ എ ടീമിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ഇറങ്ങിയ സാഹ രണ്ട് അര്‍ധസെഞ്ചുറികള്‍ നേടി. തൊട്ടുപിന്നാലെ മൈസൂരില്‍ നടന്ന ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ മത്സരത്തിലും അര്‍ധസെഞ്ചുറി നേടി.
3) തമ്മില്‍ ഭേദമുള്ള ‘കീപ്പിങ്’
പന്തിനേക്കാള്‍ ഭേദപ്പെട്ട വിക്കറ്റ് കീപ്പറാണ് സാഹയെന്ന കാര്യം പരസ്യമായ രഹസ്യമാണ്. അതുകൂടി കണക്കിലെടുത്താകണം ടീം മാനേജ്‌മെന്റ് ആദ്യ ടെസ്റ്റിനുള്ള ഇലവനെ തെരഞ്ഞെടുത്തത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നീ സ്പിന്നര്‍മാര്‍ ബൗള്‍ ചെയ്യുമ്പോള്‍ വിക്കറ്റ് കാക്കുകയെന്നതു പലപ്പോഴും പന്തിനു വെല്ലുവിളിയാണെന്നു വ്യക്തമായതാണ്. ആത്മവിശ്വാസമില്ലായ്മയാണു കാരണമായി പലരും ചൂണ്ടിക്കാട്ടുന്നത്. അതും സാഹയ്ക്ക് അനുകൂലമായി.