| Tuesday, 14th July 2020, 5:19 pm

എന്നെ ഉടന്‍ മുഖ്യമന്ത്രിയാക്കണം; സച്ചിന്‍ കോണ്‍ഗ്രസിന് മുന്നില്‍ വെച്ച മൂന്ന് ഉപാധികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാനില്‍ സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ച സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ വെച്ചത് മൂന്ന് ഉപാധികളെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന്റെ വിവിധ നേതാക്കളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസുംന്യൂസ് 18 നുമാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംസ്ഥാനത്ത് 2022 ലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടത് എന്നിരിക്കെ പാര്‍ട്ടി ഒരു വര്‍ഷം മുന്‍പ് തെരഞ്ഞെടുപ്പ് നടത്താന്‍ ശുപാര്‍ശ ചെയ്യണമെന്നായിരുന്നു സച്ചിന്റെ ആദ്യ ആവശ്യം. തെരഞ്ഞെടുപ്പില്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു.

തനിക്കൊപ്പം നില്‍ക്കുന്നവരെ കാര്യമായി പരിഗണിക്കണമെന്നും അവര്‍ക്ക് നിര്‍ണായകസ്ഥാനം നല്‍കണമെന്നുമായിരുന്നു സച്ചിന്റെ രണ്ടാമത്തെ ആവശ്യം. എല്ലാവരേയും മന്ത്രിമാരാക്കിയില്ലെങ്കിലും ചിലര്‍ക്ക് കോര്‍പ്പറേഷന്‍, ബോര്‍ഡ് സ്ഥാനങ്ങള്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജസ്ഥാന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡെയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്നായിരുന്നു സച്ചിന്റെ മൂന്നാമത്തെ ആവശ്യം. അവിനാശ്, ഗെലോട്ടിന്റെ വിശ്വസ്തനാണെന്നും സച്ചിന്‍ ആരോപിച്ചു.

സച്ചിനുമായി നിരന്തരം സംസാരിച്ചുവെന്നും എന്നാല്‍ അദ്ദേഹം ആവശ്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയും ബ്ലാക്ക് മെയില്‍ ചെയ്യുകയുമായിരുന്നെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

സച്ചിനുമായി പ്രിയങ്കയും കെ.സി വേണുഗോപാലും സംസാരിച്ചുവെന്നും എന്നാല്‍ സമവായത്തിലെത്തിയില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുഖ്യമന്ത്രി സ്ഥാനത്തിനായി ഒരു വര്‍ഷമോ ആറ് മാസമോ കാത്തിരിക്കണമെന്ന് ഹൈക്കമാന്റ് നിര്‍ദേശിച്ചെങ്കിലും തന്നെ ഉടന്‍ മുഖ്യമന്ത്രിയാക്കണമെന്നാണ് സച്ചിന്‍ പറഞ്ഞതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് സച്ചിന്റെ വിശ്വസ്തനും എം.എല്‍.എയുമായ മുകേഷ് ഭാസ്‌കറിനെ കോണ്‍ഗ്രസ് നീക്കി.

എം.എല്‍.എയായ ഗണേഷ് ഘോഗ്രയ്ക്കാണ് പകരം ചുമതല.

നേരത്തെ ഉപമുഖ്യമന്ത്രി, രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്നീ പദവികളില്‍നിന്നും സച്ചിന്‍ പൈലറ്റിനെ പുറത്താക്കിയിരുന്നു.പൈലറ്റിനൊപ്പം സര്‍ക്കാരില്‍നിന്നും വിട്ടുനിന്ന മന്ത്രിമാരെയും ഗെലോട്ട് അയോഗ്യരാക്കിയിട്ടുണ്ട്.

വിശ്വേന്ദ് സിങ്, രമേഷ് മീന എന്നിവര്‍ക്കാണ് മന്ത്രിസ്ഥാനം തെറിച്ചത്. പുതിയ മന്ത്രിമാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുക്കുമെന്നും ഗെലോട്ട് അറിയിച്ചു.

സംസ്ഥാനത്തെ രാഷ്ട്രീയാന്തരീക്ഷം ഗെലോട്ട് ഗവര്‍ണറെ ധരിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും പൈലറ്റിനെ നീക്കിയ നടപടിക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കി.

അതേസമയം സച്ചിന്‍ പൈലറ്റിന്റെയും സംഘത്തിന്റെയും പിന്മാറ്റം ബി.ജെ.പിയുടെ തിരക്കഥയാണെന്നാണ് ഗെലോട്ട് ആവര്‍ത്തിച്ച് ആരോപിക്കുന്നത്.

‘ഇതിലൊന്നിലും സച്ചിന്‍ പൈലറ്റിന്റെ കൈയ്യില്ല. ഷോ നടത്തുന്നത് മുഴുവന്‍ ബി.ജെ.പിയാണ്. ബി.ജെ.പി ഒരു പ്ലാന്‍ തയ്യാറാക്കി അതിലേക്ക് എല്ലാം എത്തിക്കുകയായിരുന്നു. മധ്യപ്രദേശില്‍ പ്രവര്‍ത്തിച്ച അതേ ടീമാണ് ഇവിടെയും പരിപാടികള്‍ ആസൂത്രണം ചെയ്തത്’, ഗെലോട്ട് പറഞ്ഞു.

ബി.ജെ.പി ഗൂഢാലോചന നടത്തുകയും കുതിരക്കച്ചവടത്തിന് ശ്രമിക്കുകയും ചെയ്തതുകൊണ്ടാണ് ഒരു തീരുമാനമെടുക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ബന്ധിതമായത്. അതൊരു വലിയ ഗൂഢാലോചനയാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. അവര്‍ മൂലം തങ്ങളുടെ ചില സഹപ്രവര്‍ത്തകര്‍ വഴി തെറ്റിയിരിക്കുകയാണെന്നും ഗെലോട്ട് ആരോപിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more