ന്യൂദല്‍ഹി: മൂന്ന് ദിവസത്തെ ഇന്ധന വിലവര്‍ധന എങ്ങനെയാണ് പ്രയാസകരമായി ബാധിക്കുന്നതെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. എന്‍.ഡി.എ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ബി.ജെ.പി ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഇന്ധനവിലവര്‍ധനയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അമിത് ഷായുടെ പ്രതികരണം.
” യു.പി.എ സര്‍ക്കാര്‍ കാലത്ത് മൂന്ന് വര്‍ഷം ഇന്ധനവില വര്‍ധന സഹിച്ചവര്‍ക്ക് മൂന്ന് ദിവസത്തെ ഇന്ധന വില വര്‍ധന പ്രയാസമായി തോന്നുന്നത് എങ്ങനെയാണ്.”
ALSO READ: മോദി പ്രധാനമന്ത്രിയായിട്ട് നാലു വര്‍ഷങ്ങള്‍; 808 പ്രസംഗങ്ങള്‍; 43 മന്‍ കീ ബാത്ത്; പത്രസമ്മേളനം 0
നരേന്ദ്ര മോദി മക്കള്‍ രാഷ്ട്രീയത്തിനും പ്രീണനത്തിനും അറുതി വരുത്തിയെന്നും വികസന രാഷ്ട്രീയത്തിന് തുടക്കം കുറിച്ചുവെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. കറന്‍സി നിരോധനവും ചരക്കുസേവന നികുതി തുടങ്ങിയതും 2016ലെ മിന്നലാക്രമണവും മോദി സര്‍ക്കാരിന്റെ നാല് വര്‍ഷത്തെ പ്രധാന നേട്ടങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം രാജ്യത്ത് തുടര്‍ച്ചയായി 13ാം ദിവസവും ഇന്ധനവില കൂടി. പെട്രോളിന് 14 പൈസയും ഡീസലിന് 16 പൈസയുമാണ് കൂടിയത്. വില ഉയര്‍ന്നതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 82.14 രൂപയും ഡീസലിന് 74.76 രൂപയുമായി.
കൊച്ചിയില്‍ ലീറ്ററിന് 80.71 രൂപയായാണ് ശനിയാഴ്ച പെട്രോളിന് വില ഉയര്‍ന്നത്. ഡീസല്‍ ലീറ്ററിന് 73.35 രൂപ. കോഴിക്കോട് പെട്രോള്‍, ഡീസല്‍ ലീറ്റിന് യഥാക്രമം 81.07, 73.70 രൂപയായി.