| Wednesday, 27th July 2022, 4:28 pm

അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിലമതിക്കാനാവാത്ത താരങ്ങള്‍, എന്നാല്‍ ഇവര്‍ ഐ.പി.എല്ലില്‍ ഒരു ടീമിന് വേണ്ടി പോലും കളിച്ചിട്ടില്ല; ഇംഗ്ലണ്ട് താരത്തെ കണ്ട് അമ്പരന്ന് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റിന് പുതിയ ഭാവുകത്വം നല്‍കിയ ഫ്രാഞ്ചൈസി ലീഗാണ് ഐ.പി.എല്‍ എന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. 2008ല്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു ഫ്രാഞ്ചൈസി ലീഗ് ആരംഭിക്കുമ്പോള്‍ 15 വര്‍ഷത്തിനിപ്പുറം ഐ.സി.സിയുടെ മീഡിയ ഓക്ഷനെ പോലും മറികടക്കാന്‍ പോന്ന വിജയത്തിലെത്തുമെന്ന് ഒരാള്‍ പോലും കരുതിക്കാണില്ല.

ക്രിക്കറ്റില്‍ ബി.ബി.എല്ലും പി.എസ്.എല്ലും അടക്കമുള്ള ഫ്രാഞ്ചൈസി ലീഗുകള്‍ ഒരുപാടുണ്ടെങ്കിലും അവര്‍ക്കൊന്നും തന്നെ ഐ.പി.എല്ലിനടുത്തെത്താന്‍ പോലും സാധിച്ചിട്ടില്ല. ഐ.പി.എല്ലിനെ മലര്‍ത്തിയടിക്കുമെന്ന് വെല്ലുവിളിച്ചവരാവട്ടെ, ഇന്ത്യന്‍ ക്രിക്കറ്റ് ലീഗിന്റെ പ്രഭാവത്തിന് മുമ്പില്‍ വീണുപോവുകയായിരുന്നു.

ലോകത്തിലെ ഏറ്റവും ലാഭകരമേറിയ രണ്ടാമത്തെ സ്‌പോര്‍ട്‌സ് ലീഗ് കൂടിയാണ് ഐ.പി.എല്‍.

ക്രിക്കറ്റ് ലോകത്തിലെ മിക്ക താരങ്ങളും ഒരിക്കലെങ്കിലും ഒരു ടീമിലെങ്കിലും ഐ.പി.എല്ലില്‍ കളിച്ചിട്ടുണ്ടാവും. 15 വര്‍ഷമായി തുടര്‍ന്ന് പോരുന്ന ക്രിക്കറ്റ് ലോകത്തെ മാമാങ്കത്തില്‍ പങ്കെടുക്കാന്‍ തന്നെയാണ് ലോകോത്തര ക്രിക്കറ്റര്‍മാര്‍ ഒരുങ്ങിയിറങ്ങുന്നത്.

തങ്ങളുടെ മികച്ച പ്രകടനം പുറത്തെടുക്കാനും അതിലുപരി മികച്ച പേ ചെക്ക് ലഭിക്കാനും ഐ.പി.എല്‍ അവര്‍ക്കൊരു വാതില്‍ തന്നെയായിരുന്നു.

എന്നാല്‍ ക്രിക്കറ്റില്‍ അതികായരായ പലരും ഐ.പി.എല്ലിന്റെ ഒരു സീസണില്‍ പോലും കളിച്ചിട്ടില്ല എന്നറിയുമ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കെല്ലാം തന്നെ ചെറിയ അമ്പരപ്പുണ്ടാകും. സ്വന്തം ടീമിന് വേണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ റണ്‍സും റെക്കോഡും വാരിക്കൂട്ടുന്നവരാണ് ഐ.പി.എല്ലില്‍ ഒരിക്കല്‍ പോലും കളിക്കാത്തത് എന്നറിയുമ്പോള്‍ ആ അമ്പരപ്പ് കൂടുമെന്നുമുറപ്പാണ്.

അത്തരത്തില്‍ ഒരിക്കല്‍ പോലും ഐ.പി.എല്‍ കളിക്കാത്ത മൂന്ന് താരങ്ങളെ നോക്കാം,

#3 പോള്‍ സ്‌റ്റെര്‍ലിങ്

ഐറിഷ് ക്രിക്കറ്റിലെ ലെജന്‍ഡ് എന്ന് ഉറപ്പിച്ചു പറയാവുന്ന താരങ്ങളില്‍ പ്രധാനിയാണ് പോള്‍ സ്‌റ്റെര്‍ലിങ്. മലയാളി ക്രിക്കറ്റ് ആരാധകര്‍ സ്‌നേഹപൂര്‍വം മോഹന്‍ലാലിനോടുപമിക്കുന്ന സ്റ്റെര്‍ലിങ് പല ഫ്രാഞ്ചൈസി ലീഗില്‍ കളിച്ചിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും ഐ.പി.എല്ലില്‍ കളിച്ചിട്ടില്ല.

ഐറിഷ് ക്രിക്കറ്റിലെ ഏറ്റവും അനുഭവസമ്പത്തുള്ള ബാറ്ററായ സ്റ്റെര്‍ലിങ് തന്റെ 14 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറിനിടെ വിവിധ ഫ്രാഞ്ചൈസി ലീഗുകളിലായി 300+ മത്സരത്തില്‍ പാഡണിഞ്ഞിട്ടുണ്ട്.

ഇസ്‌ലമാബാദ് യുണൈറ്റഡ് (പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ്), ദാംബുള്ള ജയന്റ്‌സ് (ലങ്കന്‍ പ്രീമിയര്‍ ലീഗ്), കുല്‍ന ടൈഗേര്‍സ് (ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ്) എന്നീ ഫ്രാഞ്ചൈസി ലീഗുകളില്‍ കളിച്ചിട്ടുണ്ടെങ്കിലും ഒരിക്കല്‍പോലും ഇന്ത്യന്‍ ലീഗില്‍ കളിച്ചിട്ടില്ല.

#2 മുഷ്ഫിഖുര്‍ റഹീം

ബംഗ്ലാദേശിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ മുഷ്ഫിഖുര്‍ റഹീം ഒരിക്കല്‍ പോലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെത്തിയില്ലെന്നറിഞ്ഞാല്‍ ഇന്ത്യന്‍ ആരാധകര്‍ ചിലപ്പോല്‍ നെറ്റി ചുളിച്ചേക്കാം. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ഒരാള്‍ തൊട്ടയല്‍പ്പക്കത്തുണ്ടായിട്ടും ഐ.പി.എല്ലില്‍ കളിച്ചില്ലേ എന്നാവും ആരാധകര്‍ ചോദിക്കുന്നത്.

ഐ.പി.എല്ലില്‍ കളിച്ചില്ലെങ്കിലും ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ സ്റ്റെര്‍ലിങ്ങിനൊപ്പം കുല്‍ന ടൈഗേര്‍സിന് വേണ്ടിയും പാകിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ കറാച്ചി കിങ്‌സിന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

ഫ്രാഞ്ചൈസി ലീഗുകള്‍ക്ക് വേണ്ടി മാത്രം 240 മത്സരങ്ങള്‍ കളിച്ച റഹീം, 126.20 സ്‌ട്രൈക്ക് റേറ്റില്‍ 5,000+ റണ്‍സ് നേടിയിട്ടുണ്ട്.

#1 ജോ റൂട്ട്

മോഡേണ്‍ ഡേ ക്രിക്കറ്റിലെ ടോര്‍ച്ച് ബെയറര്‍മാരില്‍ ഒരാളായ ജോ റൂട്ടാണ് ഐ.പി.എല്‍ കളിക്കാത്തവരില്‍ പ്രധാനി. 32 അന്താരാഷ്ട്ര ടി-20 മത്സരങ്ങളടക്കം 108 ടി-20കളാണ് കളിച്ചിട്ടുള്ളത്.

2014, 2016 ടി-20 ലോകകപ്പുകളില്‍ കളിച്ച മുന്‍ ഇംഗ്ലണ്ട് നായകന്‍ ഒരിക്കല്‍ പോലും ഐ.പി.എല്‍ കളിച്ചിട്ടില്ല. ഓസ്‌ട്രേലിയന്‍ ഫ്രാഞ്ചൈസി ലീഗില്‍ സിഡ്‌നി തണ്ടറിന്റെ താരമായിട്ടും അദ്ദേഹം ഒരിക്കല്‍ പോലും ഐ.പി.എല്ലിന്റെ വേദിയിലെത്തിയിട്ടില്ല.

(ഇനിയും നിരവധി താരങ്ങള്‍ ഐ.പി.എല്ലില്‍ കളിക്കാത്തതുണ്ട് എന്ന കാര്യവും ഇതുമായി ചേര്‍ത്തുവെക്കുന്നു)

Content highlight:  3 Cricketers who have not yet played for any IPL franchise

We use cookies to give you the best possible experience. Learn more