ബി.ജെ.പി എം.പി നയബ് സൈനിയുടെ കാറാണ് കര്‍ഷകര്‍ സംഘടപ്പിച്ച സമരത്തിലേക്ക് ഇടിച്ചുകയറ്റിയത്. സംഭവത്തിന് പിന്നാലെ സമരം സംഘടിപ്പിച്ച കര്‍ഷകര്‍ക്കെതിരെ പൊലീസ് മൂന്ന് കേസുകള്‍ എടുക്കുകയും ചെയ്തു. കര്‍ഷകരുടെ പരാതിയില്‍ ഒരു നടപടിയും പൊലീസ് എടുത്തിട്ടില്ല.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹരിയാനയിലെ കര്‍ഷക സമരത്തിനിടയിലേക്ക് എം.പിയുടെ കാര്‍ ഓടിച്ചു കയറ്റിയത്. അപകടത്തില്‍ ഒരു കര്‍ഷകന് പരിക്കേറ്റിരുന്നു.
കുരുക്ഷേത്ര എം.പിയായ നയബ് സൈനിയും മന്ത്രി മൂള്‍ ചന്ദ് ശര്‍മയും മറ്റ് നേതാക്കളും അംബാലയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നതായിരുന്നു. കാര്‍ഷിക നിയമത്തിനെതിരെ ഇവിടെ ദിവസങ്ങളായി കര്‍ഷകര്‍ സമരത്തിലാണ്.
പരിപാടി കഴിഞ്ഞ് നേതാക്കള്‍ മടങ്ങിപ്പോകുമ്പോഴാണ് കര്‍ഷകര്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയതെന്നാണ് കര്‍ഷകര്‍ പറഞ്ഞത്.
യു.പിയില്‍ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റിയതിന് പിന്നാലെയായിരുന്നു ഹരിയാനയിലെ സംഭവം. നാല് കര്‍ഷകരുള്‍പ്പെടെ എട്ടുപേരാണ് യു.പിയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.