വാരണാസി: ഐ.ഐ.ടി-ബി.എച്ച്.യുവിൽ എഞ്ചിനീയറിങ് വിദ്യാർത്ഥിനിയെ മാനഭംഗപ്പെടുത്തിയ കേസിൽ ഐ.ടി സെൽ അംഗങ്ങൾ ഉൾപ്പെടെ മൂന്ന് ബി.ജെ.പി നേതാക്കൾ അറസ്റ്റിൽ.
നവംബർ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ തോക്കിൻ മുനയിൽ നിർത്തി ദൃശ്യങ്ങൾ പകർത്തിയതുൾപ്പെടെയുള്ള കുറ്റങ്ങൾ പ്രതികൾ സമ്മതിച്ചുവെന്ന് പൊലീസ് അറിയിച്ചു.
സ്ത്രീകൾക്ക് നേരെയുള്ള അക്രമണങ്ങൾക്കെതിരെയുള്ള ഐ.പി.സി സെക്ഷൻ 354, കൂട്ടാബലാത്സംഗ കുറ്റം എന്നിവയ്ക്ക് പുറമേ ദേശീയ സുരക്ഷാ നിയമം, യു.പി ഗുണ്ടാനിയമം തുടങ്ങിയ വകുപ്പുകളും ചുമത്തിയതായി കാശി ജില്ലാ കമ്മീഷണർ ആർ.എസ്. ഗൗതം അറിയിച്ചു.
കുനാൽ പാണ്ഡേ, അഭിഷേക് ചൗഹാൻ, സാക്ഷം പട്ടേൽ എന്നിവരാണ് അറസ്റ്റിലായത്. മൂവരും അറസ്റ്റിലായതിന് പിന്നാലെ ബി.ജെ.പി ഐ.ടി സെല്ലിലെ സ്ഥാനങ്ങൾ വഹിക്കുന്നതായി പരാമർശിക്കുന്ന കുനാലിന്റെയും സാക്ഷത്തിന്റെയും ഫേസ്ബുക്ക് പേജിന്റെ സ്ക്രീന്ഷോട്ട് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.
കാശി ബി.ജെ.പി ഐ.ടി സെല്ലിന്റെ കൺവീനറാണ് കുനാൽ. കോ കൺവീനറാണ് സാക്ഷം.
ഐ.ഐ.ടി-ബി.എച്ച്.യുവിൽ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് രണ്ട് മാസങ്ങൾക്ക് ശേഷം അറസ്റ്റ് നടന്നത്. പ്രതികൾ ബി.ജെ.പി പ്രവർത്തകരായതിനാൽ അവരെ സംരക്ഷിക്കുകയായിരുന്നു എന്ന് ആരോപണമുണ്ട്.