റൊണാൾഡോയുടെ അൽ നസർ പ്രവേശനം കണ്ടത് 300 കോടി പേർ; ലോകകപ്പ് ഫൈനൽ കണ്ടവരുടെ റെക്കോഡ്‌ തകർത്തു
football news
റൊണാൾഡോയുടെ അൽ നസർ പ്രവേശനം കണ്ടത് 300 കോടി പേർ; ലോകകപ്പ് ഫൈനൽ കണ്ടവരുടെ റെക്കോഡ്‌ തകർത്തു
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 8th January 2023, 3:29 pm

ഫുട്ബോൾ ആരാധകർ കാത്തിരുന്ന വാർത്തയാണ് റൊണാൾഡോയുടെ ക്ലബ്ബ് പ്രവേശനം. എന്നാൽ ഏവരേയും ഞ്ഞെട്ടിച്ചുകൊണ്ട് സൗദി അറേബ്യൻ ക്ലബ്ബായ അൽ നസറിലേക്ക് റൊണാൾഡോ എത്തുകയായിരുന്നു.

ഏകദേശം 225 മില്യൺ യൂറോ മുടക്കിയാണ് റൊണാൾഡോയെ അൽ നസർ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. ഇതോടെ പരസ്യത്തിൽ നിന്നല്ലാതെ ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ഫുട്ബോൾ താരമായി റൊണാൾഡോ മാറി.

എന്നാലിപ്പോൾ താരം മറ്റൊരു വമ്പൻ റെക്കോർഡിന് കൂടി അർഹനായിരിക്കുകയാണ് റൊണാൾഡോ. ലോകത്തിലെ ഏറ്റവും കൂടുതൽ പേർ കണ്ട ഫുട്ബോൾ സംബന്ധമായ പരിപാടികളിലൊന്നായി റൊണാൾഡോയെ അൽ നസറിൽ അവതരിപ്പിക്കുന്ന ചടങ്ങ് മാറി.

ഏകദേശം 300 കോടി ആളുകളാണ് 40 ചാനലുകളിലൂടെ റൊണാൾഡോയുടെ അൽ നസർ പ്രവേശനം കണ്ടത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ലയണൽ മെസിയുടെ ഫുട്ബോൾ കരിയർ സമ്പൂർണമാക്കിയ ലോകകപ്പ് ഫൈനൽ കണ്ടതിനേക്കാൾ കൂടുതൽ ആളുകൾ റൊണാൾഡോയെ ക്ലബ്ബിൽ അവതരിപ്പിക്കുന്ന ചടങ്ങുകൾ കണ്ടു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ഏകദേശം 250 കോടിപ്പേരാണ് 2022 ലോകകപ്പ് ഫൈനൽ ടെലിവിഷനിലൂടെ കണ്ടത് എന്നാണ് ഫിഫയുടെ റിപ്പോർട്ട്‌.
എന്നാൽ റൊണാൾഡോയെ ക്ലബ്ബിൽ അവതരിപ്പിക്കുന്ന ചടങ്ങ് മൂന്ന് ബില്യണിലും കൂടുതൽപേർ കണ്ടിട്ടുണ്ട് എന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്.

അനധികൃത ലിങ്കുകളിലൂടെയും അപ്ലിക്കേഷനുകളിലൂടെയും ചടങ്ങ് സംപ്രേഷണം ചെയ്യാത്ത രാജ്യങ്ങളിലെ വലിയൊരു വിഭാഗം ആളുകൾ പരിപാടി കണ്ടെന്നും അതിനാൽ യഥാർത്ഥത്തിൽ പുറത്ത് വന്നതിനേക്കാൾ കൂടുതൽ പേർ റൊണാൾഡോയുടെ അനാവരണ ചടങ്ങുകൾ കണ്ടിട്ടുണ്ടെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

റൊണാൾഡോ അൽ നസറിൽ എത്തിച്ചേർന്നതിന് പിന്നാലെ ക്ലബ്ബിന്റെ ബ്രാൻഡ് മൂല്യവും ഓഹരി മൂല്യവും പല മടങ്ങ് വർധിച്ചിരുന്നു. കൂടാതെ ക്ലബ്ബിനെ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നവരുടെ എണ്ണവും വലിയ തോതിൽ വർധിച്ചു. പല യൂറോപ്യൻ ക്ലബ്ബുകളെയും സാമൂഹ്യ മാധ്യമങ്ങളിൽ പിന്തുടരുന്നവരെക്കാൾ കൂടുതൽ പേർ അൽ നസറിനെ സാമൂഹ്യ മാധ്യമങ്ങളിൽ പിന്തുടരുന്നുണ്ട്.

അതേസമയം റൊണാൾഡോ ഇത് വരെ അൽ നസറിൽ തന്റെ അരങ്ങേറ്റ മത്സരം കളിച്ചിട്ടില്ല. പ്രീമിയർ ലീഗിൽ എവർട്ടനെതിരെയുള്ള മത്സരത്തിൽ ആരാധകനോട് മോശമായി പെരുമാറിയതിനാൽ ലഭിച്ച വിലക്ക് മൂലമാണ് റൊണാൾഡോ അൽ നസറിനായി കളിക്കാത്തത് എന്നാണ് റിപ്പോർട്ടുകൾ.

കൂടാതെ ജനുവരി 22ന് എത്തിഫാക്കുമായി നടക്കുന്ന മത്സരത്തിൽ താരം കളിക്കും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

 

Content Highlights:3 billion people watched Ronaldo’s Al Nassr entry; World cup final viewership record broken