| Wednesday, 29th May 2019, 9:40 am

കോണ്‍ഗ്രസ് നേതാവിനെ കൊല്ലുമെന്ന് ഭീഷണി; കാസര്‍ഗോഡ് സ്വദേശിയുള്‍പ്പടെ മൂന്ന് ബജ്റംഗ്ദള്‍ പ്രവര്‍ത്തര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മംഗലാപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നതിനിടെ കോണ്‍ഗ്രസ് നേതാവിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കാസര്‍കോട് സ്വദേശിയടക്കം മൂന്ന് ബജ്റംഗ്ദള്‍ പ്രവര്‍ത്തര്‍ അറസ്റ്റില്‍. കാസര്‍കോട് സ്വദേശി കാര്‍ത്തിക്ക് (30), ബണ്ട്വാളിലെ സച്ചിന്‍ (25), അമ്മുഞ്ജെയിലെ നിഷാന്ത് (23) എന്നിവരെയാണ് ബണ്ട്വാള്‍ താലൂക്ക് പോലീസ് അറസ്റ്റു ചെയ്തത്.

ദക്ഷിണ കന്നഡയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മിഥുന്‍ റായ്‌ക്കെതിരെയായിരുന്നു ഭീഷണി മുഴക്കിയത്. മോശമായ രീതിയില്‍ മുദ്രാവാക്യം വിളിക്കുകയും കൊല്ലുമെന്ന് ഭീഷണിമുഴക്കുകയുമായിരുന്നു. ഇതേതുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കുകയും ചെയ്തിരുന്നു.

മെയ് 23ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെയാണ് കരിയങ്കളയില്‍ വിജയാഘോഷത്തിനിടെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ മിഥുന്‍ റായിക്കു നേരെ ഭീഷണിമുഴക്കിയത്. സ്ഥലത്ത് 144 പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇത് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ലംഘിച്ചാണ് വിജയാഘോഷം നടത്തിയത്.

മിഥുന്‍ റായിയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പ്രതികളെ പോലീസ് അറസ്റ്റു ചെയ്തത്.

അതേസമയം ഏഴ് ലക്ഷത്തില്‍പരം വോട്ട് നേടി ബി.ജെ.പിയുടെ നലീന്‍ കുമാര്‍ ഖട്ടീലാണ് ദക്ഷിണകന്നടയില്‍ വിജയം നേടിയത്. മിഥുന്‍ റായിക്ക് 499664 വോട്ട് നേടി. എസ്.ഡി.പി.ഐ 46,839 വോട്ട് നേടി മൂന്നാമതെത്തി.

We use cookies to give you the best possible experience. Learn more