കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരന്‍ മരിച്ചു; മൃതദേഹം പുറത്തെടുത്തു
Tamilnadu
കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരന്‍ മരിച്ചു; മൃതദേഹം പുറത്തെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th October 2019, 7:52 am

തിരുച്ചിറപ്പള്ളി: തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസ്സുകാരന്‍ സുജിത് മരിച്ചു. അഴുകിത്തുടങ്ങിയ മൃതദേഹം കുഴല്‍ക്കിണറിലൂടെ തന്നെ പുറത്തെടുത്തു.

നാലുദിവസമായി രക്ഷാപ്രവര്‍ത്തനം തുടരുകയായിരുന്നു. വെള്ളിയാഴ്ചയായിരുന്നു സുജിത്ത് കുഴല്‍ക്കിണറില്‍ വീണത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കുട്ടിയുടെ മൃതദേഹം കുടുംബത്തിനു വിട്ടു നല്‍കി.

കുട്ടി മരിച്ചെന്ന ആശങ്ക സ്ഥിരീകരിച്ച് കുറച്ചു സമയത്തിനകം പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെ. രാധാകൃഷ്ണന്‍ മൃതദേഹം അഴുകിത്തുടങ്ങിയതായി മാധ്യമങ്ങളോട് പറഞ്ഞു.

‘രാത്രി 9.30- ഓടെ കുഴല്‍ക്കിണറിനകത്തു നിന്നും അഴുകിയ മണം പുറത്തു വരുന്നതായി ഞങ്ങള്‍ക്ക് റിപ്പോര്‍ട്ട് ലഭിച്ചു. എന്‍.ഡി. ആര്‍.എഫും എസ്.ഡി.ആര്‍.എഫും ഫയര്‍ സര്‍വീസ് ക്രാക്ക് സംഘവും പരിശോധിച്ചപ്പോള്‍ കുട്ടിയുടെ ശരീരം വളരെയധികം അഴുകിയിരിക്കുന്നതായി അറിയിച്ചു’ ,  രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോടു പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് സുജിത് കുഴല്‍ക്കിണറില്‍ വീണത്. ആദ്യം 26 അടിയലാണ് കുട്ടി തങ്ങി നിന്നിരുന്നത് . രക്ഷാപ്രവര്‍ത്തനത്തിനിടെ 85 അടി താഴ്ച്ചയിലേക്ക് വീണു. ഞായറാഴ്ച പുലര്‍ച്ചെ 5 മണിവരെ കുട്ടിയുടെ പ്രതികരണം ഉണ്ടായിരുന്നു. പിന്നീട് കുട്ടി അബോധാവസ്ഥയിലാവുകയായിരുന്നു.കുട്ടിയെ രക്ഷിക്കാനായി സമാന്തര കിണര്‍ നിര്‍മ്മിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് കുട്ടി മരിച്ചതായി സ്ഥിരീകരിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ