കൊല്‍ക്കത്ത: പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യ തോറ്റു. 85 റണ്‍സിനാണ് ടീമിന്റെ തോല്‍വി.
48.3 ഓവറില്‍ 250 റണ്‍സ് നേടിയ പാകിസ്താനെതിരെ 48 പന്തില്‍ 165 റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്. 89 പന്തില്‍ നിന്ന് 54 റണ്‍സ് നേടി ക്യാപ്റ്റന്‍ ധോണി പുറത്താകാതെ നിന്നു.[]
വീരേന്ദര്‍ സെവാഗിന്റെ ഒരു 31 റണ്‍സും മാത്രമാണ് ഇന്ത്യന്‍ ടീമിലെ ഭേദപ്പെട്ട സ്‌കോര്‍. മറ്റുള്ള ബാറ്റ്‌സ്മാന്‍മാരെല്ലാം പാക് ബൗളര്‍മാര്‍ക്ക് മുന്നില്‍ കീഴടങ്ങി.
251 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ഗംഭീര്‍-സേവാഗ് സഖ്യം ഓപ്പണിംഗ് വിക്കറ്റില്‍ 42 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഗംഭീര്‍ ജുനൈദ് ഖാന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആയതോടെ ഇന്ത്യയുടെ തകര്‍ച്ച തുടങ്ങി.
പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ ഇന്ത്യയ്ക്ക് വിക്കറ്റ് നഷ്ടമായി. വിരാട് കോഹ്‌ലി (6), യുവരാജ് സിങ് (9), സുരേഷ് റെയ്‌ന (18), ആര്‍.അശ്വിന്‍ (3), രവീന്ദ്ര ജഡേജ (12), ഭുവനേശ്വര്‍ കുമാര്‍ (0) എന്നിവര്‍ പൊരുതാതെ കീഴടങ്ങി. പാക്കിസ്ഥാന് വേണ്ടി ജുനൈദ് ഖാന്‍, സയിദ് അജ്മല്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഉമര്‍ ഗുല്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി.
ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ന് പാക്കിസ്ഥാന്‍ സ്വന്തമാക്കി. ചെന്നൈയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ പാക്കിസ്ഥാനായിരുന്നു വിജയം. പരമ്പരയിലെ മൂന്നാം മത്സരം ഞായറാഴ്ച ദല്‍ഹിയില്‍ നടക്കും.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 48.3 ഓവറില്‍ 250 റണ്‍സിന് പുറത്തായി. തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി നേടിയ ഓപ്പണര്‍ നാസിര്‍ ജംഷീദിന്റെ പ്രകടനമാണ് പാക്കിസ്ഥാന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്.
ജംഷീദ് 124 പന്തില്‍ 106 റണ്‍സ് നേടി. മുഹമ്മദ് ഹഫീസ് 76 റണ്‍സ് നേടി. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 141 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ഇഷാന്ത് ശര്‍മയും രവീന്ദ്ര ജഡേജയുമാണ് കൂറ്റന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്ന് പാക്കിസ്ഥാനെ തടഞ്ഞത്. സെഞ്ചുറി നേടിയ ജംഷീദാണ് മാന്‍ ഓഫ് ദ മാച്ച്.