കൊച്ചി: പുരാവസ്തു തട്ടിപ്പ് നടത്തിയ മോണ്‍സണ്‍ മാവുങ്കലിനെതിരെയുളള കേസില്‍ നടന്‍ മോഹന്‍ലാലിനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മോഹന്‍ലാലിന് ഇ.ഡി നോട്ടീസ് അയച്ചു.
മോന്‍സന്റെ മ്യൂസിത്തില്‍ പോയത് സംബന്ധിച്ച് വിശദീകരണം തേടാനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കൊച്ചിയിലെ ഇ.ഡിയുടെ ഓഫീസില്‍ അടുത്ത ആഴ്ച ഹാജരാവാനാണ് ഇ.ഡിയുടെ നോട്ടീസ്. മോണ്‍സണ്‍ കേസ് കൂടാതെ മറ്റൊരു കേസിലും മോഹന്‍ലാലിന്റെ മൊഴിയെടുക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.
പുരാവസ്തുതട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ മോഹന്‍ലാല്‍ എത്തിയിരുന്നതായി ഇ.ഡിക്ക് മൊഴി ലഭിച്ചിരുന്നു. മോന്‍സണുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നടന്‍ ബാലയാണ് മോഹന്‍ലാലിനെ ഇവിടെ എത്തിച്ചതെന്നാണ് മൊഴിയിലുള്ളത്.
മോഹന്‍ലാല്‍ മോന്‍സണിന്റെ വീട്ടിലെത്തിയതിനെക്കുറിച്ച് ബാല ഒരു വീഡിയോയില്‍ പറയുന്നത് നേരത്തെ പുറത്ത് വന്നിരുന്നു. ‘ഞാന്‍ ഒരു ദിവസം മോഹന്‍ലാലിനെ വിളിച്ച് ഈ കാര്യങ്ങള്‍ പറഞ്ഞു. അദ്ദേഹത്തിന് പുരാവസ്തുകള്‍ ഭയങ്കര ഇഷ്ടമാണ്. ഇങ്ങനെയൊരു സംഭവമുണ്ടെന്ന് ലാലേട്ടനെ വിളിച്ചു പറഞ്ഞു.
അദ്ദേഹം കൊണ്ടുവരാന്‍ പറഞ്ഞു. കൊണ്ട് വന്ന് കാണിക്കാന്‍ പറ്റില്ല ഇതൊരു മ്യൂസിയമാണെന്ന് ഞാന്‍ ലാലേട്ടനോട് പറഞ്ഞു. അങ്ങനെയാണ് ലാലേട്ടന്‍ ഇവിടെ വന്നത്. ലാലേട്ടന് ചരിത്രത്തോട് ഭയങ്കര ഇഷ്ടമാണ് കൂടുതല്‍ സംസാരിക്കുന്നതും പുരാവസ്തുക്കളെ കുറിച്ചാണ്,’ എന്നാണ് ബാല വീഡിയോയില്‍ പറയുന്നത്.
മോന്‍സണ്‍ കേസില്‍ ഐ.ജി. ലക്ഷ്മണിന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ഇ.ഡി. ബുധനാഴ്ച കത്ത് നല്‍കിയിരുന്നു.
CONTENT HIGHLIGHTS: ED issues notice to Mohanlal in Monson case