പൂര്‍ണ കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ നാലിന്
Kerala News
പൂര്‍ണ കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ നാലിന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th September 2024, 7:16 pm

കോഴിക്കോട്: പൂര്‍ണ പബ്ലിക്കേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പൂര്‍ണ കള്‍ച്ചറല്‍ ഫെസ്റ്റിവലിന്റെ രണ്ടാമത് എഡിഷന്‍ ഒക്ടോബര്‍ നാല്, അഞ്ച് തീയ്യതികളില്‍ കോഴിക്കോട് മലബാര്‍ പാലസില്‍ വെച്ച് നടക്കും.

ടി.ബി.എസ് / പൂര്‍ണ സ്ഥാപകനും കേരളത്തിന്റെ പ്രസാധന, സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യമണ്ഡലങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന ശീ. എന്‍.ഇ. ബാലകൃഷ്ണമാരാരുടെ സ്മരണാര്‍ത്ഥമാണ് ദ്വിദിന കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.

പ്രശസ്ത സാഹിത്യകാരന്‍ ശ്രീ. പെരുമാള്‍ മുരുകന്‍ ഉദ്ഘാടനം ചെയ്യുന്ന ഫെസ്റ്റിവലില്‍ വിവിധ സാഹിത്യ ശാഖകളെ അടിസ്ഥാനമാക്കിയുള്ള സമ്മേളനങ്ങളും പ്രഭാഷണങ്ങളും സംവാദങ്ങളും നടക്കും. എന്‍.ഇ. ബാലകൃഷ്ണമാരാര്‍ സ്മാരക സാഹിത്യസമഗ്രസംഭാവനാ പുരസ്‌കാരം ശ്രീ. സച്ചിദാനന്ദന്‍, ശ്രീ. എം.ടി. വാസുദേവന്‍നായര്‍ക്ക് സമര്‍പ്പിക്കും.

പൂര്‍ണ – ഉറൂബ്, പൂര്‍ണ – ആര്‍. രാമചന്ദ്രന്‍ അവാര്‍ഡുകള്‍ ഡോ. വി. വേണു ജേതാക്കള്‍ക്ക് സമ്മാനിക്കും. പൂര്‍ണ നോവല്‍ വസന്തം സീസണ്‍ 5ന്റെ പ്രകാശനം ശ്രീ. വി.ഡി. സതീശന്‍ നിര്‍വഹിക്കും. ബീഗം റാസയുടെ ഗാനസന്ധ്യയും ഉണ്ടായിരിക്കും.

കഴിഞ്ഞ വര്‍ഷത്തേതെന്ന പോലെ വ്യത്യസ്തമായ സമകാലിക വിഷയങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള പരിപാടികളാണ് കള്‍ച്ചറല്‍ ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളതെന്ന് പൂര്‍ണ പബ്ലിക്കേഷന്‍ കണ്‍സള്‍ട്ടന്റ് എഡിറ്റര്‍ ഡോ. കെ ശ്രീകുമാര്‍ പറഞ്ഞു. എല്ലാവരേയും മേളയിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെയും കോഴിക്കോടിലെയും ആശയങ്ങളോട് സംവദിക്കുന്ന മനുഷ്യര്‍ക്ക് ആസ്വാദനതലത്തിലും ചിന്താതലത്തിലും അനുഭവതലത്തിലും സ്വാധീനം ചെലുത്തുന്ന രണ്ട് നാളുകളായിരിക്കും പരിപാടിയിലേത് എന്നാണ് എഴുത്തുകാരന്‍ എന്‍.ഇ. സുധീര്‍ അഭിപ്രായപ്പെട്ടത്.

രജിസ്ട്രേഷനായി ഈ ലിങ്ക് ഉപയോഗിക്കാം:- https://poornaculturalfestival.com/

Content highlight: 2nd edition of Poorna Cultural Fest