തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസവും ട്രെയിനുകൾ തടഞ്ഞ് പ്രതിഷേധിക്കുന്നു. ഇന്ന് 7:15ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ടിയിരുന്ന ശബരി എക്സ്‌പ്രസ്സാണ് സമരാനുകൂലികൾ തടഞ്ഞത്. ട്രെയിനിന് മുന്നിൽ പ്രതിഷേധക്കാർ കുത്തിയിരിക്കുകയായിരുന്നു. അതേസമയം വേണാട് എക്സ്പ്രസ്സ് തടഞ്ഞ നൂറോളം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അഞ്ച് മണിക്ക് പുറപ്പെടേണ്ടിയിരുന്ന വേണാട് എക്സ്പ്രസ്സ് 40 മിനിട്ട് വൈകിയാണ് പുറപ്പെട്ടത്.
Also Read പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് അസമില്‍ ബി.ജെ.പി വക്താവ് രാജിവെച്ചു
ഇന്നലെ വേണാട് എക്‌സ്പ്രസും ജനശതാബ്ദി എക്‌സ്പ്രസും രപ്തിസാഗര്‍ എക്പ്രസും സമരക്കാര്‍ തടഞ്ഞിരുന്നു. ഇതിനെത്തുടർന്ന് സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധത്തെ തുടര്‍ന്ന് പലയിടങ്ങളിലും കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസ് ഒഴിവാക്കിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ലെങ്കിലും കടകൾ ഭാഗികമായി തുറന്ന് പ്രവര്‍ത്തിച്ചിരുന്നു.
കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തൊഴിലാളി സംഘടനകള്‍ 48 മണിക്കൂര്‍ പണിമുടക്ക് നടത്തുന്നത്. അഖിലേന്ത്യാ പണിമുടക്കില്‍ പൊതുഗതാഗതം സ്തംഭിച്ചു. ഹര്‍ത്താലിന് സമാനമായ അവസ്ഥയാണ് കേരളത്തില്‍ ഉണ്ടായത്.
Also Read വിവാദങ്ങള്‍ അവസാനിക്കുന്നില്ല; മമ്മൂട്ടി ചിത്രം മാമാങ്കത്തില്‍ നിന്ന് ക്യാമറമാനടക്കം പുറത്ത്
ബി.എം.എസ്. ഒഴികെയുള്ള തൊഴിലാളി യൂണിയനുകളെല്ലാം പണിമുടക്കില്‍ പങ്കെടുത്തു. മിനിമം വേതനം 18,000 രൂപയാക്കുക, കരാര്‍ തൊഴില്‍ അവസാനിപ്പിക്കുക, പൊതുമേഖലയെ സംരക്ഷിക്കുക, തൊഴിലാളികള്‍ക്ക് മിനിമം പെന്‍ഷന്‍ 3000 രൂപ വീതം പ്രതിമാസം ആക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ദേശീയ പണിമുടക്ക് നടക്കുന്നത്.