| Thursday, 21st December 2017, 11:16 am

2ജി സ്‌പെക്ട്രം കേസില്‍ എല്ലാ പ്രതികളും കുറ്റവിമുക്തര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2ജി സ്‌പെക്ട്രം കേസില്‍ എല്ലാ പ്രതികളും കുറ്റവിമുക്തര്‍. കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു. ഡി.എം.കെ നേതാക്കളായ രാജയും കനിമൊഴിയും അടക്കം 19 പ്രതികളാണ് കേസിലുണ്ടായിരുന്നത്. സി ബി ഐ പ്രത്യേക കോടതി ജസ്റ്റിസ് ഒ പി സെയ്നിയാണ് വിധി പുറപ്പെടുവിച്ചത്.

മുന്‍ ടെലികോം മന്ത്രിയായിരുന്ന എ.രാജ, കരുണാനിധിയുടെ മകളും ഡി.എം.കെ എം.പിയുമായ കനിമൊഴി, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ത്ഥ് ബറുവ, ബോളിവുഡ് നിര്‍മാതാവ് കരീം മൊറാനി, വ്യവസായിയായ ഷാഹിദ് ബല്‍വ, അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന്റെ മുന്‍ മാനേജിങ് ഡയറക്ടര്‍ ഗൗതം ജോഷി എന്നിവരെയടക്കമാണ് വെറുതെ വിട്ടത്.

ഒറ്റവരിയിലാണ് കോടതി വിധിപ്രസ്താവം നടത്തിയത്. സി.ബി.ഐ അന്വേഷിച്ച രണ്ടുകേസുകളും എന്‍ഫോഴ്സ്മെന്റ് അന്വേഷിച്ച ഒരു കേസുകളിലെയും വിധിയാണ് പുറത്തുവന്നത്.

2007-08 കാലയളവില്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ടെലികോം കമ്പനികള്‍ക്ക് 2ജി സ്‌പെക്ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട് 1.76 ലക്ഷം കോടിരൂപയുടെ അഴിമതി നടന്നതായാണ് സി.എ.ജി വിനോദ് റായ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്. അഴിമതി തെളിഞ്ഞതോടെ 2012 ഫെബ്രുവരിയില്‍ കമ്പനികള്‍ക്ക് അനുവദിച്ച ലൈസന്‍സുകളെല്ലാം സുപ്രീംകോടതി റദ്ദാക്കിയിരുന്നു.

2011 നവംബര്‍ 11ന് ആരംഭിച്ച വിചാരണ ഇക്കൊല്ലം ഏപ്രില്‍ 19നാണ് പൂര്‍ത്തിയായത്.

We use cookies to give you the best possible experience. Learn more