2 ജി കേസ് വാദം കേള്‍ക്കല്‍ ഡിസംബര്‍ 19 ലേക്ക് മാറ്റി
Daily News
2 ജി കേസ് വാദം കേള്‍ക്കല്‍ ഡിസംബര്‍ 19 ലേക്ക് മാറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th November 2014, 5:33 pm

3
ന്യൂദല്‍ഹി: 2 ജി കേസില്‍ അവസാന വട്ട വാദം കേള്‍ക്കല്‍ ഡിസംബര്‍ 19 ലേക്ക് മാറ്റി. കേസ് പരിഗണിക്കുന്ന ദല്‍ഹിയിലെ പ്രത്യേക കോടതിയില്‍ ഇരു കക്ഷികളും സമയം ആവശ്യപെട്ടതിനെ തുടര്‍ന്ന് സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ഒ.പി സെയ്‌നിയാണ് വാദം കേള്‍ക്കല്‍ നീട്ടി വെച്ചത്. 2ജി സ്‌പെക്ട്രം അനുവദിച്ചതുമായി ബന്ധപെട്ട് മുന്‍ ടെലികോം മന്ത്രി എ. രാജ, കരുണാനിധിയുടെ മകള്‍ കനിമൊഴി തുടങ്ങീ 15 പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പിക്കപ്പെട്ടിട്ടുള്ളത്.

വാദം കേള്‍ക്കുന്നതിനിടെ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആനന്ദ് ഗ്രോവറാണ് സമയം ആവശ്യപെട്ടത്. നേരത്തെ സ്വാന്‍ ടെലികോം പ്രമോട്ടര്‍ ഷാഹിദ് ബല്‍വയുടെ അഭിഭാഷകനായ വിജയ് അഗര്‍വാള്‍ സാക്ഷി വിസ്താരത്തിനായി സി.ബി.ഐ നല്‍കിയ അപേക്ഷ ചൂണ്ടിക്കാട്ടി വാദം തുടങ്ങുന്നതിനെ ചോദ്യം ചെയ്തിരുന്നു.

122 2ജി ലൈസന്‍സുകള്‍ അനുവദിച്ചതില്‍ 30,984 കോടി രൂപയുടെ നഷ്ടം സര്‍ക്കാറിന് സംഭവിച്ചതായി സി.ബി.ഐ കണ്ടെത്തിയിരുന്നു. കേസില്‍ സി.ബി.ഐ ഹാജരാക്കിയ റിലയന്‍സ് ചെയര്‍മാന്‍ അനില്‍ അംബാനി, ഭാര്യ ടീന അംബാനി, കോര്‍പറേറ്റ് ഇടനിലക്കാരി നീര റാഡിയ എന്നിവരടക്കം 153 ഓളം സാക്ഷികളുടെ മൊഴി കോടതി രേഖപെടുത്തിയിരുന്നു. കേസില്‍ സ്വാന്‍ ടെലികോം പ്രൈവറ്റ് ലിമിറ്റഡ്, റിലയന്‍സ് ടെലികോം പ്രൈവറ്റ് ലിമിറ്റഡ്, യൂണിടെക് വയര്‍ലെസ് ലിമിറ്റഡ് എന്നീ കമ്പനികളും വിചാരണ നേരിടുന്നുണ്ട്. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ പീനല്‍ കോഡ് കൂടാതെ അഴിമതി നിരോധന നിയമം തുടങ്ങീ വകുപ്പുകള്‍ക്ക് കീഴില്‍ ക്രിമിനല്‍ ഗൂഢാലോചന, ചതി, തട്ടിപ്പ്, പദവി ദുരുപയോഗം ചെയ്യല്‍, കൈക്കൂലി വാങ്ങല്‍ തുടങ്ങീ കുറ്റങ്ങള്‍ക്കാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.