| Sunday, 2nd February 2014, 12:58 pm

ടുജി സ്‌പെക്ട്രം: ലേല നടപടികള്‍ തുടരാന്‍ സുപ്രീംകോടതി അനുമതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: ടുജി സ്‌പെക്ട്രം ലേല നടപടികള്‍ തുടരാന്‍ കേന്ദ്രസര്‍ക്കാറിന് സുപ്രീംകോടതിയുടെ അനുമതി.

ലേല നടപടികള്‍ നിര്‍ത്തിവെക്കണമെന്ന ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍, ഐഡിയ എന്നീ ടെലികോം കമ്പനികളുടെ ആവശ്യം സുപ്രീംകോടതി തള്ളി.

കോടതിയില്‍ സര്‍ക്കാറിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.വി. വിശ്വനാഥന്‍ ടെലികോം കമ്പനികളുടെ ഹര്‍ജിയെ എതിര്‍ത്തു. ടെലികോം കമ്പനികളുടെ ഇതേ ആവശ്യം നേരത്തെ ടെലികോം തര്‍ക്ക പരിഹാര ട്രൈബ്യൂണലും തള്ളിയിരുന്നു.

ടുജി അഴിമതിയെത്തുടര്‍ന്ന് 122 ലൈസന്‍സുകള്‍ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതാണ് കേന്ദ്രസര്‍ക്കാര്‍ വീണ്ടും ലേലം ചെയ്യാനൊരുങ്ങുന്നത്.

പുതിയ ലേല നടപടികളിലൂടെ 11,300 കോടിയോളം സമാഹരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍. ലേലത്തിന്റെ അടിസ്ഥാന വില 48,685 രൂപയാണ്.

ഭാരതി എയര്‍ടെല്‍, റിലയന്‍സ്, വോഡാഫോണ്‍ തുടങ്ങി എട്ട് ടെലികോം കമ്പനികള്‍ പങ്കെടുക്കുന്ന ലേലത്തില്‍ 1800 മെഗാഹെട്‌സ് ബാന്‍ഡില്‍ 403 മെഗാഹെട്‌സ് എയര്‍വേവ്‌സും 900 മെഗാഹെട്‌സ് ബാന്‍ഡില്‍ 46 മെഗാഹെട്‌സുമാണ് ലേലത്തിന് വെക്കുന്നത്.

അതേസമയം തങ്ങളുടെ ലൈസന്‍സ് നീട്ടി നല്‍കണമെന്ന ഭാരതി എയര്‍ടെല്ലിന്റെയും വൊഡാഫോണിന്റെയും ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു.

We use cookies to give you the best possible experience. Learn more