2 ജി സ്‌പെക്ട്രം വിധി തിരിച്ചടിയല്ല; അഴിമതിക്കെതിരെ പോരാടുന്നതില്‍ നിന്ന് വ്യതിചലിച്ച ഉദ്യോഗസ്ഥരാണ് പ്രതികള്‍ രക്ഷപെടാന്‍ കാരണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി
2G. Spectrum
2 ജി സ്‌പെക്ട്രം വിധി തിരിച്ചടിയല്ല; അഴിമതിക്കെതിരെ പോരാടുന്നതില്‍ നിന്ന് വ്യതിചലിച്ച ഉദ്യോഗസ്ഥരാണ് പ്രതികള്‍ രക്ഷപെടാന്‍ കാരണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st December 2017, 7:07 pm

ന്യൂദല്‍ഹി: 2 ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെവിട്ട കോടതിവിധി വിധി തിരിച്ചടിയായി കണക്കാക്കാനാവില്ലെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയ സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ കേസ് അട്ടിമറിച്ചതാണ് ഇത്തരത്തിലുള്ള വിധിയ്ക്ക് കാരണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു.

“അഴിമതിക്കെതിരെ പോരാടുന്നതില്‍ നിന്ന് വ്യതിചലിച്ച ഉദ്യോഗസ്ഥരാണ് പ്രതികള്‍ രക്ഷപെടാന്‍ ഇടവരുത്തിയത്. അഴിമതിക്കാരെ നേരിടാന്‍ പ്രധാനമന്ത്രി ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ട്. തെറ്റായ വിധി പ്രസ്താവമാണിത്” സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

വിധി വന്നിരിക്കുന്നത് കീഴ്‌ക്കോടതിയില്‍ നിന്നാണ്. ഇത് അന്തിമവിധിയല്ല. ഹൈക്കോടതിയില്‍ അപ്പീലിന് പോകണമെന്നും സ്വാമി ആവശ്യപ്പെട്ടു. 2008 ല്‍ ജി. രാജയെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കണമെന്ന് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനോട് ആവശ്യപ്പെട്ടതാണ്. മാസങ്ങളോളം അദ്ദേഹം പ്രതികരിച്ചതേയില്ല. ഇപ്പോഴും പി.ചിദംബരത്തിന്റെ വിശ്വസ്തരായ ഉദ്യോഗസ്ഥര്‍ ധനമന്ത്രാലയത്തിലുണ്ട്. മന്ത്രാലയത്തില്‍ ശുദ്ധീകരണം ആവശ്യമാണ്.” സ്വാമി പറഞ്ഞു.

നേരത്തെ 2 ജി അഴിമതിക്കേസില്‍ ടെലികോം മന്ത്രിയായിരുന്ന എ രാജ അടക്കമുള്ളവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാമി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

കേസില്‍ കുറ്റാരോപിതര്‍ക്കെതിരെ ചുമത്തപ്പെട്ട കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്ന നിരീക്ഷണത്തോടെയായിരുന്നു കോടതി എല്ലാവരെയും കുറ്റവിമുക്തരാക്കിയിരുന്നത്. ഡി.എം.കെ നേതാക്കളായ രാജയും കനിമൊഴിയും അടക്കം 19 പ്രതികളാണ് കേസിലുണ്ടായിരുന്നത്. സി.ബി.ഐ പ്രത്യേക കോടതി ജസ്റ്റിസ് ഒ പി സെയ്നിയായിരുന്നു വിധി പുറപ്പെടുവിച്ചത്.

മുന്‍ ടെലികോം മന്ത്രിയായിരുന്ന എ.രാജ, കരുണാനിധിയുടെ മകളും ഡി.എം.കെ എം.പിയുമായ കനിമൊഴി, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ത്ഥ് ബറുവ, ബോളിവുഡ് നിര്‍മാതാവ് കരീം മൊറാനി, വ്യവസായിയായ ഷാഹിദ് ബല്‍വ, അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന്റെ മുന്‍ മാനേജിങ് ഡയറക്ടര്‍ ഗൗതം ജോഷി എന്നിവരെയുള്‍പ്പെടെയായിരുന്നു കോടതി വെറുതെ വിട്ടത്.

2007-08 കാലയളവില്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ടെലികോം കമ്പനികള്‍ക്ക് 2 ജി സ്‌പെക്ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട് 1.76 ലക്ഷം കോടിരൂപയുടെ അഴിമതി നടന്നതായാണ് സി.എ.ജി വിനോദ് റായ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്. അഴിമതി തെളിഞ്ഞതോടെ 2012 ഫെബ്രുവരിയില്‍ കമ്പനികള്‍ക്ക് അനുവദിച്ച ലൈസന്‍സുകളെല്ലാം സുപ്രീംകോടതി റദ്ദാക്കിയിരുന്നു.