കശ്മീര്‍ താഴ്‌വരയില്‍ ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചു: ജനങ്ങള്‍ക്ക് ലഭിക്കുക ഭരണകൂടം 'വൈറ്റ് ലിസ്റ്റ്' ചെയ്ത വെബ്‌സൈറ്റുകള്‍ മാത്രം
India
കശ്മീര്‍ താഴ്‌വരയില്‍ ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചു: ജനങ്ങള്‍ക്ക് ലഭിക്കുക ഭരണകൂടം 'വൈറ്റ് ലിസ്റ്റ്' ചെയ്ത വെബ്‌സൈറ്റുകള്‍ മാത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th January 2020, 11:01 am

ന്യൂദല്‍ഹി: ജമ്മു കശ്മീര്‍ താഴ്‌വരയില്‍ കടുത്ത നിയന്ത്രണത്തോടെ ബ്രോഡ്ബാന്റ് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുന:സ്ഥാപിച്ച് ഭരണകൂടം.

അഞ്ചു മാസത്തിലേറെ നീണ്ട നിരോധനത്തിനുശേഷം ശനിയാഴ്ച മുതല്‍ 2ജി സേവനം താഴ്‌വരയില്‍ ലഭ്യമാക്കുമെന്നാണ് ഭരണകൂടം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. എന്നാല്‍ ജമ്മു കശ്മീര്‍ ഭരണകൂടം അംഗീകരിച്ച, ‘വൈറ്റ് ലിസ്റ്റ്’ ചെയ്ത 301 വെബ്‌സൈറ്റുകള്‍ മാത്രമേ പൊതുജനത്തിനു ലഭ്യമാകൂവെന്ന് ഔദ്യോഗിക ഉത്തരവില്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

25 മുതല്‍ മൊബൈലുകളില്‍ 2 ജി വേഗത്തില്‍ ഇന്റര്‍നെറ്റ് കിട്ടുമെന്നാണു ജമ്മു കശ്മീര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിലുള്ളത്. പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്ക് സേവനം ലഭിക്കും. ബാങ്കിങ്, വിദ്യാഭ്യാസം, വാര്‍ത്ത തുടങ്ങിയവയുമായി ബന്ധപ്പെട്ട വെബ്സൈറ്റുകളാണ് ഇപ്പോള്‍ കിട്ടുന്നത്. സമൂഹമാധ്യമങ്ങളുടെയും പ്രശ്‌നബാധിത പ്രദേശങ്ങളിലെ ഇന്റര്‍നെറ്റിന്റെയും വിലക്ക് തുടരും.

പോസ്റ്റ്‌പെയ്ഡിലും പ്രീപെയ്ഡ് സിം കാര്‍ഡുകളിലും ഡാറ്റാ സേവനങ്ങള്‍ ലഭ്യമാകുമെന്നും നിയന്ത്രണങ്ങളില്‍ വരുത്തിയ ഇളവ് ജനുവരി 31 ന് വീണ്ടും അവലോകനം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കാനും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുമുള്ള തീരുമാനത്തിനെതിരെ പൊതുവികാരമുയരുമെന്ന് കണക്കൂകൂട്ടിയാണ് കേന്ദ്രം ആഗസ്റ്റ് അഞ്ചാം തിയതി കശ്മീരില്‍ ഇന്റര്‍നെറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ജമ്മു കശ്മീരിലെ ഇന്റര്‍നെറ്റ് വിലക്കിനെതിരെ ജനുവരി പത്തിനു സുപ്രീംകോടതി രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. ജനങ്ങളുടെ മൗലികാവകാശമാണ് ഇതെന്നും ഇത് തടയാന്‍ ആര്‍ക്കും അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ജമ്മു കശ്മീരിലെ ഇന്റര്‍നെറ്റ് വിലക്കിനെതിരെ വിവിധ സര്‍ക്കാരുകളും രാജ്യമെമ്പാടുമുള്ള സാമൂഹ്യ, മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും രംഗത്തെത്തിയിരുന്നു.